ലോകകപ്പ്: പാക്  സംഘം ഇന്ത്യയിലേക്ക്

ലാഹോര്‍ - ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി സുരക്ഷാ പരിശോധന നടത്താന്‍ പാക്കിസ്ഥാന്‍ സംഘം ഇന്ത്യയിലെത്തും. പാക്കിസ്ഥാന്റെ കളികള്‍ നിശ്ചയിച്ച വേദികളാണ് ആഭ്യന്തര, വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പരിശോധിക്കുക. ഏത് വിദേശ പര്യടനത്തിനു മുമ്പുള്ള പതിവ് രീതിയാണ് ഇതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാക്കിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. 
കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ സംഘം പരിശോധിക്കുമെന്നും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഐ.സി.സിയുമായും ബി.സി.സി.ഐയുമായും പങ്കുവെക്കുമെന്നും പി.സി.ബി അറിയിച്ചു. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലേ ലോകകപ്പില്‍ പങ്കെടുക്കൂ എന്ന നിലപാടിലാണ് പി.സി.ബി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പുറത്തുവിട്ട സംയുക്തപ്രസ്താവനയില്‍ പാക്കിസ്ഥാനെതിരെ പരാമര്‍ശമുണ്ടായതില്‍ അവര്‍ രോഷാകുലരാണ്. 

Latest News