സാഫ് കപ്പ്: എക്‌സ്ട്രാ ടൈം ഗോളില്‍ കുവൈത്ത് ഫൈനലില്‍

ബംഗളൂരു - സാഫ് കപ്പ് ഫുട്‌ബോളില്‍ അതിഥികളായി പങ്കെടുക്കുന്ന കുവൈത്തിന് എക്‌സ്ട്രാ ടൈം ഗോളില്‍ ഫൈനല്‍ സ്ഥാനം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ അവര്‍ ബംഗ്ലാദേശിനെ ഏക ഗോളിന് തോല്‍പിച്ചു. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്ന കളിയില്‍ അബ്ദുല്ല അല്‍ബലൂഷിയാണ് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ ചെയ്തത്. ആതിഥേയരായ ഇന്ത്യയെയോ മറ്റൊരു അതിഥി ടീമായ ലെബനോനെയോ കുവൈത്ത് ഫൈനലില്‍ നേരിടും. 
ബംഗ്ലാദേശാണ് നന്നായി തുടങ്ങിയത്. ശെയ്ഖ് മുര്‍സലൈന്റെ ഷോട്ട് കുവൈത്ത് ഗോളി അബ്ദുറഹ്മാന്‍ മര്‍സൂഖിനെ കാര്യമായി പരീക്ഷിച്ചു. ക്രമേണ കുവൈത്ത് താളം കണ്ടെത്തി. കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് കുവൈത്ത് താരം പായിച്ച ഷോട്ട് ഗോള്‍ലൈനില്‍ നിന്നാണ് മുഹമ്മദ് ഈസ ഫൈസല്‍ രക്ഷിച്ചത്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ ഈദ് അല്‍റാഷിദിയുടെ വെടിയുണ്ട ബംഗ്ലാദേശ് ഗോളി അനീസുറഹ്മാന്‍ ഡൈവ് ചെയ്താണ് തട്ടിയകറ്റിയത്. രണ്ടാം പകുതിയിലും ഇരു ടീമുകളും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചു. 
എക്‌സ്ട്രാ ടൈമില്‍ കുവൈത്ത് മേധാവിത്തം നേടി. എട്ടാം മിനിറ്റില്‍ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ബംഗ്ലാദേശ് ഗോളി തടുത്തിട്ടു. എന്നാല്‍ അല്‍ബലൂഷിയുടെ കുതിപ്പ് തടയാന്‍ അനീസിനും സാധിച്ചില്ല. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ഗോള്‍ മടക്കാന്‍ കിട്ടിയ സുവര്‍ണാവസരം റാഖിബ് ഹുസൈന്‍ പാഴാക്കി. കുവൈത്ത് ഗോളി മര്‍സൂഖിന്റെ നീട്ടിയ കാലില്‍ തട്ടി ഷോട്ട് വഴി തെറ്റി.  

Latest News