ലൊസേനിലും നീരജ്, ശ്രീശങ്കര്‍ അഞ്ചാമത്

ലൊസേന്‍ - ഒളിംപിക് ജാവലിന്‍ ത്രോ ചാമ്പ്യന്‍ നീരജ് ചോപ്ര ഡയമണ്ട് ലീഗുകളില്‍ മികച്ച പ്രകടനം തുടരുന്നു. ഒരു മാസമായി പരിക്കു കാരണം വിട്ടു നിന്ന ശേഷമുള്ള തിരിച്ചുവരവില്‍ ലൊസേന്‍ ഡയമണ്ട് ലീഗില്‍ നീരജ് ഒന്നാമതെത്തി. സീസണിന് തുടക്കമിട്ട് ദോഹയില്‍ നടന്ന ഡയമണ്ട് ലീഗിലും നിരജായിരുന്നു ജേതാവ്. നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യാണ് ഇരുപത്തഞ്ചുകാരന്‍. 
87.66 മീറ്റര്‍ എറിഞ്ഞ നീരജ് ജര്‍മനിയുടെ ജൂലിയന്‍ വെബറെ (87.03 മീ.) മറികടന്നു. ചെക് റിപ്പബ്ലിക്കിന്റെ യാഖുബ് വാദ്‌ലേഷാണ് (86.13 മീ.) മൂന്നാമത്. ദോഹയില്‍ 88.67 മീറ്റര്‍ എറിഞ്ഞു. പിന്നീട് പേശിവേദന കാരണം മൂന്നു പ്രധാന മീറ്റുകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ടോക്കിയൊ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം പിടിച്ച ഇന്ത്യന്‍ താരം പിന്നീട് പങ്കെടുത്ത എട്ട് മീറ്റുകളില്‍ ഏഴിലും അതിനെക്കാള്‍ ദൂരത്തില്‍ ജാവലിന്‍ പായിച്ചു. 89.94 മീറ്ററാണ് നീരജിന്റെ കരിയര്‍ ബെസ്റ്റ്.
ലൊസേനില്‍ കഴിഞ്ഞ സീസണിലും നീരജായിരുന്നു ഒന്നാമത്. ഇന്ത്യന്‍ താരത്തിന്റെ പ്രഥമ ഡയമണ്ട് ലീഗ് ഒന്നാം സ്ഥാനമായിരുന്നു അത്. സെപ്റ്റംബറില്‍ ഡയമണ്ട് ലീഗുകളിലെ മികച്ച പ്രകടനത്തിനുള്ള ഡയമണ്ട് ലീഗ് ട്രോഫിയും സ്വന്തമാക്കി. 
ലോംഗ്ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ നിരാശപ്പെടുത്തി. 7.88 മീറ്ററോടെ ശ്രീശങ്കര്‍ അഞ്ചാമതായി. പാരിസ് ഡയമണ്ട് ലീഗില്‍ വിജയപീഠം കയറിയ ഇരുപത്തിനാലുകാരന്‍ ഈ മാസമാദ്യം ഭുവനേശ്വറില്‍ നടന്ന ഇന്റര്‍സ്റ്റെയ്റ്റ് അത്‌ലറ്റിക് മീറ്റില്‍ 8.41 മീറ്റര്‍ ചാടി കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ചിരുന്നു. 
 

Latest News