ലണ്ടന് - ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റില് 91 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചെടുത്ത ഓസ്ട്രേലിയ സുരക്ഷിതത്വത്തിലേക്ക് നീങ്ങുന്നു. ഇംഗ്ലണ്ടിനെ 325 ന് പുറത്താക്കിയ അവര് രണ്ടു വിക്കറ്റ് നഷ്ടത്തില് 130 റണ്സ് പിന്നിട്ടു. ഓപണര് ഉസ്മാന് ഖ്വാജ അര്ധ ശതകം തികച്ചു. ഡേവിഡ് വാണറെ (25) രണ്ടാം ഇന്നിംഗ്സിലും ജോഷ് ടംഗ് പുറത്താക്കി. മാര്നസ് ലാബുഷൈനെ (30) ജിമ്മി ആന്ഡേഴ്സന് മടക്കി. എട്ട് വിക്കറ്റ് ശേഷിക്കെ ഓസീസിന്റെ ലീഡ് 220 റണ്സിന് മുകളിലായി. വാണര് അഞ്ചിലുള്ളപ്പോഴും ലാബുഷൈന് മൂന്നിലുള്ളപ്പോഴും അമ്പയര് ഔട്ട് വിധിച്ചെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു.
നേരത്തെ നാലിന് 278 എന്ന ശക്തമായ നിലയില് ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് അനാവശ്യ ആക്രമണോത്സുകത കാണിച്ച് 325 ന് ഓളൗട്ടായി. തലേന്ന് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന് ബെന് സ്റ്റോക്സിനെ (17) ഒരു റണ് പോലും ചേര്ക്കും മുമ്പെ മിച്ചല് സ്റ്റാര്ക്ക് പുറത്താക്കി. പിന്നീട് ജോണി ബെയര്സ്റ്റോയും (16) സ്റ്റുവാര്ട് ബ്രോഡും (12) രണ്ടക്കത്തിലെത്തിയുള്ളൂ. സ്റ്റാര്ക്കിന് മൂന്നു വിക്കറ്റ് കിട്ടി. ജോഷ് ഹെയ്സല്വുഡിനും ട്രാവിസ് ഹെഡിനും രണ്ടു വീതവും.






