ലണ്ടന്‍ - വിരമിച്ച് മൂന്നു വര്‍ഷത്തിനു ശേഷം മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം കരൊലൈന്‍ വോസ്നിയാക്കി തിരിച്ചുവരുന്നു. 2018 ലെ ഓസ്ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായ വോസ്നിയാക്കിക്ക് അടുത്ത യു.എസ് ഓപണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കും. ഓഗസ്റ്റ് 28നാണ് യു.എസ് ഓപണ്‍ ആരംഭിക്കുക. ഓഗസ്റ്റ് ആദ്യം മോണ്ട്രിയല് ഓപണിലായിരിക്കും തിരിച്ചുവരവില്‍ മുപ്പത്തിമൂന്നുകാരിയുടെ ആദ്യ കളി. 2024 ലെ പാരിസ് ഒളിംപിക്സില്‍ ഡെന്മാര്ക്കിനെ പ്രതിനിധീകരിക്കാനും വോസ്നിയാക്കിക്ക് താല്പര്യമുണ്ട്.
2020 ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപണ്‍ മൂന്നാം റൗണ്ടില്‍ ഉന്‍സ് ജാബിറിനോട് തോറ്റ ശേഷം ഡെന്മാര്ക്കുകാരി പ്രൊഫഷനല്‍ ടെന്നിസില്‍ മത്സരിച്ചിട്ടില്ല. മുന്‍ എന്‍.ബി.എ താരം ഡേവിഡ് ലീയാണ് വോസ്നിയാക്കിയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ടു വയസ്സുള്ള മകളും എട്ട് മാസം പ്രായമായ ആണ്‍കുഞ്ഞുമുണ്ട്. ഏത് പ്രായത്തിലും സ്വപ്നസാക്ഷാല്‍ക്കാരത്തിനായി പ്രയത്നിക്കാമെന്ന് മക്കള്‍ക്ക് മാതൃകയാവുകയാണ് ലക്ഷ്യമെന്നും ഇത് കുടുംബമൊന്നിച്ചുള്ള തീരുമാനമാണെന്നും വോസ്നിയാക്കി പറഞ്ഞു.
വോസ്നിയാക്കി 71 ആഴ്ച ലോക ഒന്നാം നമ്പര്‍ സ്ഥാനത്തുണ്ടായിരുന്നു. 2010 ലാണ് ആദ്യം ഒന്നാം സ്ഥാനത്തെത്തിയത്. 30 കിരീടങ്ങള്‍ നേടി. ഒരു ഡെന്മാര്ക്കുകാരി നേടുന്ന ആദ്യ ഗ്രാന്റ്സ്ലാം ട്രോഫിയായിരുന്നു വോസ്നിയാക്കിയുടെ ഓസ്ട്രേലിയന്‍ ഓപണ്‍ കിരീടം. രണ്ടു തവണ യു.എസ് ഓപണില്‍ ഫൈനല്‍ തോറ്റു. അതിലൊന്ന് ഉറ്റസുഹൃത്ത് സെറീന വില്യംസിനോടായിരുന്നു.






