Sorry, you need to enable JavaScript to visit this website.

ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രം: കത്ത് വിവാദമാക്കുന്നവര്‍ക്ക് കുത്സിത അജണ്ടയുണ്ട്-ഷാജഹാന്‍ മാടമ്പാട്ട്

മതവിശാസത്തിന്റെ അടിസ്ഥാനത്തില്‍ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം ശസ്ത്രക്രിയ നടത്തുമ്പോള്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏതാനും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന് കൊടുത്ത അപേക്ഷ വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ചില കാര്യങ്ങള്‍ പറയാന്‍ തോന്നുന്നു.
1. ഒരു മുസ്ലിം തന്റെ മതപരമായ ഒരാവശ്യം ഉന്നയിക്കുമ്പോഴേക്കും അതിനെ താലിബാനും ഐസിസുമായി തുലനംചെയ്യുന്ന രീതി ഭൂരിപക്ഷവാദമുന്‍വിധികള്‍ എന്തുമാത്രം ആഴത്തില്‍ വേരുറച്ചുകഴിഞ്ഞുവെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ഇന്ത്യന്‍ സമൂഹം മതജടിലമാണ്. അത് എല്ലാ മതക്കാരുടെ കാര്യത്തിലും ഒരേപോലെ ശരിയാണ്. ഒരുകൂട്ടരുടേത് മാത്രം വേറിട്ട പൊതുവിചാരണക്ക് വിധേയമാവുന്നതില്‍ തീര്‍ച്ചയായും പ്രശ്‌നമുണ്ട്.
2. അതേസമയം വിദ്യാര്‍ത്ഥിനികളുടെ ആവശ്യം കൂടിവരുന്ന യാഥാസ്ഥികത്വത്തിന്റെയും മതത്തെ അതിന്റെ ബാഹ്യസ്വത്വതലത്തില്‍ മാത്രം ആന്തരീകരിക്കുന്ന മതമൗലികവാദപ്രവണതയുടെയും ലക്ഷണമാണെന്നത് കാണാതിരുന്നുകൂടാ.
3. ഇത്രയേറെ അക്ഷരാര്‍ത്ഥത്തില്‍ ഇസ്ലാമിനെ വസ്ത്രധാരണയുടെ കാര്യത്തില്‍ കാണുന്നവര്‍ സൗകര്യപ്രദമായി മറ്റു പല കാര്യങ്ങളിലും അങ്ങനെ ചെയ്യുന്നില്ല. ഈ വിദ്യാര്‍ത്ഥിനികള്‍ അന്യപുരുഷന്മാരുമായി ഇടപഴകുക, അന്യപുരുഷന്റെ മൃതദേഹം കാണുക തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമികകര്‍മശാസ്ത്രത്തെ തങ്ങള്‍ക്ക് സൗകര്യപ്രദമായ അയവോടെയാണ് സ്വീകരിക്കുന്നത്. (സ്ത്രീകള്‍ക്ക് വീടാണുത്തമം തുടങ്ങി മറ്റു പലതിലും). എല്ലാ മൗലികവാദങ്ങളിലും ഈ കാപട്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
4. അവരുടെ കത്ത് പുറത്ത്‌വിട്ടു അതൊരു വിവാദമാക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ പക്ഷെ അത് അവരുടെ മൗലികവാദവിരോധം കൊണ്ടോ സെക്കുലാര്‍ബോധ്യം കൊണ്ടോ ചെയ്തതല്ല. അതിനു പിന്നില്‍ കൃത്യമായ കുത്സിതമയ അജണ്ടയുണ്ട്.
ഈ പോസ്റ്റിന്റെ നാല് പോയന്റുകളോടും യോജിക്കുന്നവര്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കും എന്ന് നന്നായറിയാം!

 

Latest News