ബംഗളൂരു - ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോളില്‍ വിജയം കൈവിട്ട ഇന്ത്യ സാഫ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്തായി. കൈയാങ്കളി കാരണം നിറം കെട്ട മത്സരത്തില്‍ കുവൈത്തുമായി ഇന്ത്യ 1-1 സമനില പാലിച്ചു. സുനില്‍ ഛേത്രിയുടെ 92ാം ഇന്റര്‍നാഷനല്‍ ഗോളില്‍ ഇന്ത്യ ആദ്യ പകുതിയില്‍ ലീഡ് ചെയ്യുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ അല്‍ബലൂഷിയുടെ ക്രോസ് അന്‍വര്‍അലിയുടെ ശരീരത്തില്‍ തട്ടി ഇന്ത്യന്‍ വല കയറിയതോടെ കളി സമനിലയായി. ഇരു ടീമുകള്‍ക്കും ഏഴ് പോയന്റാണെങ്കിലും കുവൈത്താണ് ഗോള്‍വ്യത്യാസത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍. ഇന്ത്യ മിക്കവാറും ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായ ലെബനോനുമായി സെമി ഫൈനല്‍ കളിക്കേണ്ടി വരും. ഒരു റൗണ്ട് ശേഷിക്കെ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബി-യില്‍ രണ്ടാം സ്ഥാനത്ത്.
ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചും ഡിഫന്റര്‍ റഹീം അലിയും കുവൈത്തിന്റെ ഹമദ് അല്‍ഖല്ലാഫും മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. തൊണ്ണൂറാം മിനിറ്റില്‍ മലയാളി സ്‌ട്രൈക്കര്‍ സഹല്‍ അബ്ദുല്‍സമദിനെ ഖല്ലാഫ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നുണ്ടായ കശപിശയാണ് ഇരട്ട റെഡ് കാര്‍ഡിന് കാരണം. ഖല്ലാഫിനെ റഹീം അലി തള്ളിയിട്ടു. അതിന് മുമ്പ് റഫറിയുമായി നിരന്തരം കയര്‍ത്തതിന് ഇന്ത്യന്‍ കോച്ച് സ്റ്റിമാച്ചിനെയും പുറത്താക്കി. സ്റ്റിമാച് ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. പാക്കിസ്ഥാനും നേപ്പാളിനുമെതിരായ മത്സരങ്ങളിലെന്ന പോലെ കുവൈത്തിനെതിരായ കളിയിലും കൈയാങ്കളി അരങ്ങേറി. ഖത്തര്‍ ക്യാപ്റ്റന്‍ അല്‍ദഫീരിയും ഇന്ത്യന്‍ ഫുള്‍ബാക്ക് ആകാശ് മിത്രയും ഏറ്റുമുട്ടിയപ്പോള്‍ റഫറി ഇടപെട്ടാണ് ഇരുവരെയും തണുപ്പിച്ചത്. റഫറിയിംഗിനെതിരെ നിരന്തരം പ്രതിഷേധിച്ചതിന് 62ാം മിനിറ്റില്‍ സ്റ്റിമാച്ചിന് മഞ്ഞക്കാര്‍ഡ് കിട്ടി. എന്നിട്ടും തണുക്കാതിരുന്ന കോച്ചിനെ 81ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് റഫറി പുറത്താക്കി. പാക്കിസ്ഥാനെതിരായ കളിയില്‍ ത്രോഇന്‍ തടഞ്ഞതിന് ചുവപ്പ് കാര്‍ഡ് കണ്ട സ്റ്റിമാച് ഒരു കളിയിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഈ മത്സരത്തില്‍ തിരിച്ചെത്തിയതാണ്.






