പാക് ടീം ഇന്ത്യയില്‍ കളിക്കും -ഐ.സി.സി; സര്‍ക്കാര്‍ അനുമതി വേണമെന്ന് പി.സി.ബി

മുംബൈ - ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീമിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി. ഏഴു വര്‍ഷം മുമ്പാണ് അവസാനം പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിച്ചത്. ഇന്ത്യയില്‍ കളിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടെന്ന് കരട് മത്സരക്രമം ഐ.സി.സി പങ്കുവെച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നുവെന്ന് പി.സി.ബി കമ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ സമീഉല്‍ ഹസന്‍ പറഞ്ഞു.
2019 ലെ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം 27.3 കോടി പേരാണ് ടെലിവിഷനില്‍ വീക്ഷിച്ചത്. 2012 നു ശേഷം ഈ ടീമുകള്‍ ടൂര്‍ണമെന്റുകളിലല്ലാതെ ഏറ്റുമുട്ടിയിട്ടില്ല. അവസാനമായി ടെസ്റ്റില്‍ മാറ്റുരച്ചത് 2007ലാണ്.  2016 ലെ ട്വന്റി20 ലോകകപ്പിലാണ് അവസാനം പാക്കിസ്ഥാന്‍ ടീം ഇന്ത്യന്‍ മണ്ണില്‍ കളിച്ചത്.  
സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കുന്നത് സന്തോഷകരമായ അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. 12 വര്‍ഷം മുമ്പ് സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനം കിരീടമുയര്‍ത്തിയത്. ഇത്തവണയും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം -രോഹിത് പറഞ്ഞു. 2011 ല്‍ ഇന്ത്യയും 2015 ല്‍ ഓസ്‌ട്രേലിയയും 2019 ല്‍ ഇംഗ്ലണ്ടും ആതിഥേയരായിരിക്കുമ്പോഴാണ് ചാമ്പ്യന്മാരായത്. 

 

Latest News