ഒടുവില്‍ വന്നു, ലോകകപ്പ് ഷെഡ്യൂള്‍,  ഇന്ത്യ-പാക് തിയ്യതി അറിയാം

മുംബൈ- നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. 100 ദിവസം മാത്രം ശേഷിക്കെയാണ് ഷെഡ്യൂള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ്. 10 വേദികളിലാണ് ടൂര്‍ണമെന്റ് നടത്തുക. അതില്‍ ഒമ്പതിലും ഇന്ത്യ കളിക്കും. ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദില്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയം. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക, നവംബര്‍ 19 നാണ് ഫൈനല്‍. സെമിഫൈനലുകള്‍ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയവും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും വേദിയാവും. നവംബര്‍ 15 നും 16 നും. 
45 ലീഗ് മത്സരങ്ങളും മൂന്ന് നോക്കൗട്ട് മത്സരങ്ങളുമായി 48 കളികളാണ് ഉണ്ടാവുക. 10 ടീമുകള്‍ പങ്കെടുക്കും. അഹമ്മദാബാദിനും മുംബൈക്കും കൊല്‍ക്കത്തക്കും പുറമെ ബംഗളൂരു, ചെന്നൈ, ദല്‍ഹി, ധര്‍മശാല, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ എന്നിവയാണ് വേദികള്‍. തിരുവനന്തപുരം അവസാന നിമിഷം പുറത്തായി. 46 ദിവസം ടൂര്‍ണമെന്റ് നീണ്ടു നില്‍ക്കും. സെമിഫൈനലുകള്‍ക്കും ഫൈനലിനും റിസര്‍വ് ദിനമുണ്ടാവും. 
ആറ് ലീഗ് മത്സരങ്ങള്‍ പകലാണ് നടക്കുക, ആ കളികള്‍ രാവിലെ പത്തരക്ക് ആരംഭിക്കും. ബാക്കി മത്സരങ്ങളെല്ലാം ഡേയും നൈറ്റുമായാണ്-രണ്ടു മണിക്കാണ് മത്സരം തുടങ്ങുക. ഇന്ത്യ സെമിയിലെത്തുകയാണെങ്കില്‍ ആ സെമി മുംബൈയിലായിരിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് സെമിയെങ്കില്‍ കൊല്‍ക്കത്തയില്‍ കളി നടത്തും. 
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഐ.സി.സി റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. ബാക്കി രണ്ട് ടീമുകളെ നിശ്ചയിക്കാനുള്ള യോഗ്യതാ ടൂര്‍ണമെന്റ് സിംബാബ്‌വെയില്‍ അരങ്ങേറുകയാണ്. സിംബാബ്‌വെയും ശ്രീലങ്കയുമാണ് ഇപ്പോള്‍ സാധ്യതയില്‍ മുന്നില്‍. ആദ്യ രണ്ടു തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന്റെ നില പരുങ്ങലിലാണ്. 
2019 ലെ ഫൈനലിന്റെ ആവര്‍ത്തനമായ ഇംഗ്ലണ്ട്-ന്യൂസിലാന്റ് പോരാട്ടത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ കളി, ഓസ്‌ട്രേലിയക്കെതിരെ. ഇന്ത്യ 11 ന് ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെയും 15 ന് അഹമ്മദാബാദില്‍ പാക്കിസ്ഥാനെയും 19 ന് പൂനെയില്‍ ബംഗ്ലാദേശിനെയും 22 ന് ധര്‍മശാലയില്‍ ന്യൂസിലാന്റിനെയും 29 ന് ലഖ്‌നൗയില്‍ ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെയും നേരിടും. യോഗ്യത നേടുന്ന ടീമുകളുമായുള്ള കളികള്‍ നവംബര്‍ രണ്ടിന് മുംബൈയിലും നവംബര്‍ 11 ന് ബംഗളുരുവിലുമാണ്. ഏറ്റവും കൂടുതല്‍ വേദികളിലേക്ക് യാത്ര ചെയ്യുന്ന ടീം ഇന്ത്യയാണ്. ഓസ്‌ട്രേലിയ എട്ട് വേദികളില്‍ കളിക്കും. പാക്കിസ്ഥാനാണ് ഏറ്റവും കുറഞ്ഞ വേദികളില്‍ ഇറങ്ങുക -ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍. നവംബര്‍ 12 ന് ലീഗ് മത്സരം സമാപിക്കും. അന്ന് രണ്ട് മത്സരങ്ങളുണ്ടാവും. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയിലും ബംഗ്ലാദേശ്-ഓസ്‌ട്രേലിയ മത്സരം പൂനെയിലും.
 

Latest News