മുംബൈ - തിങ്കളാഴ്ച ഷെഡ്യൂള്‍ പുറത്തുവരുമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. മുംബയില്‍ ലോകകപ്പ് ഷെഡ്യൂള്‍ പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിക്കുന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതു കാരണം മാധ്യമങ്ങള്‍ കാതു കൂര്‍പ്പിച്ചു. പക്ഷെ രാത്രി 11 കഴിഞ്ഞിട്ടും ഷെഡ്യൂള്‍ പുറത്തുവിടുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഒക്ടോബര്‍ അഞ്ചിന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാനിരിക്കെ ഇനി 100 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.
ജൂണ്‍ ഏഴിന് ആരംഭിച്ച ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനിടെ മത്സരക്രമം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്. ഫൈനല്‍ കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും മത്സരക്രമം പുറത്തുവരുന്നതിന്റെ യാതൊരു സൂചനയുമില്ല.
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉടക്കാണ് മത്സരക്രമം വൈകാന്‍ പ്രധാന കാരണമെന്നാണ് സൂചന. ഒക്ടോബര്‍ 15 ന് ഇന്ത്യപാക്കിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടത്താമെന്നാണ് കരട് മത്സരക്രമത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇത് പാക്കിസ്ഥാന് ബോര്‍ഡ് അംഗീകരിച്ചില്ല. ആദ്യം ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ അനുമതി നല്കട്ടെ എന്നിട്ടാവാം എവിടെ കളിക്കണമെന്ന് തീരുമാനിക്കാനെന്നാണ് പി.സി.ബി അധ്യക്ഷന്‍ നജം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞത്.
മറ്റു ചില വേദികളുടെ കാര്യത്തിലും പാക്കിസ്ഥാന് ആശങ്കയുണ്ട്. സ്പിന്നനുകൂലമായ ചെപ്പോക്കില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം നടത്തുന്നതാണ് ഒന്ന്. ചെപ്പോക്കില്‍ റാഷിദ് ഖാനും നൂര്‍ അഹമ്മദിനും മുന്നില്‍ പിടിച്ചുനില്ക്കാന് പാക്കിസ്ഥാന് പ്രയാസപ്പെടും. ബംഗളൂരുവിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ നേരിടാനും അവര്‍ക്ക് താല്പര്യമില്ല. ഓസ്ട്രേലിയയെ ചെന്നൈയിലും അഫ്ഗാനിസ്ഥാനെ ബംഗളൂരുവിലും നേരിടാമെന്നാണ് അവരുടെ നിര്‍ദേശം.
പാക്കിസ്ഥാന് അനുവദിച്ച ഏഷ്യന്‍ കപ്പ് ക്രിക്കറ്റ് വേദി സംബന്ധിച്ച് ബി.സി.സി.ഐ ഉടക്ക് വെച്ചിരുന്നു. അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് പി.സി.ബിയെന്നാണ് സൂചന.






