Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറഫ നോമ്പ് തര്‍ക്കം വേണ്ട, കുറ്റം സമ്പാദിക്കരുത്

റഫ ദിവസത്തിലെ നോമ്പ് എന്നാണന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഉദാ: അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്ലിം: 2803).
ദുല്‍ഹിജ്ജ ഒമ്പതിലെ നോമ്പ് എന്നും ഹദീസില്‍ വന്നിട്ടുണ്ട്. ഉദാ: നബി (സ) യുടെ പ്രിയ പത്‌നിമാരില്‍ ചിലരില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: നബി (സ) ദുല്‍ഹിജ്ജ ഒമ്പതിന് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. (അബൂദാവൂദ്: 2439).

ഈ ഹദീസിന്റെ വെളിച്ചത്തില്‍ ദുല്‍ഹിജ്ജ ഒമ്പതാം ദിവസം നോമ്പ് സുന്നത്താണ്. അറഫയില്‍ ഹാജിമാര്‍ സമ്മേളിച്ചാലും ഇല്ലെങ്കിലും. ഇനി (കൊറോണ പോലുളള കാരണങ്ങളാല്‍) ഹജജ് തന്നെ ഇല്ലാത്ത അവസ്ഥ വന്നാലും ദുല്‍ഹിജ്ജ ഒമ്പതാം ദിവസം നോമ്പ് സുന്നത്താണ്.

പണ്ടു കാലത്ത് ഓരോ നാട്ടുകാരും അവരവരുടെ നാട്ടിലെ മാസപ്പിറവിയനുസരിച്ചായിരുന്നു ദുല്‍ഹിജ്ജ ഒമ്പത് കണക്കാക്കിയിരുന്നത്. അവര്‍ക്ക് ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദിവസം അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നാകട്ടെ എല്ലാം തത്സമയം ആര്‍ക്കും കാണാനും കേള്‍ക്കാനുമൊക്കെ കഴിയും.

രാപ്പകലുകളുടെ വ്യത്യാസവും ഓരോ പ്രദേശത്തെയും ഉദയാസ്തമന വ്യത്യാസവും നിലനില്‍ക്കുന്ന കാലത്തോളം അഫയില്‍ ഹാജിമാര്‍ സമ്മേളിക്കുന്ന ദിവസം തന്നെ ലോകത്തെല്ലാവര്‍ക്കും നോമ്പെടുക്കുക പ്രായോഗികമല്ല. മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിന്റെ വിഷയം. യഥാര്‍ത്ഥത്തില്‍ മാസപ്പിറവിയുടെ മത്വാലിഉകള്‍ (നിര്‍ണയസ്ഥാനങ്ങള്‍) വ്യത്യസ്ഥമാണെങ്കിലും ആ വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ, ഇല്ലയോ എന്നതാണ് ഈ തര്‍ക്കത്തിനു കാരണം. ഇസ്ലാമില്‍ അഭിപ്രായവ്യത്യാസം പരിഗണനീയമായ, അഥവാ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണിത്. അതിനാല്‍ ഒരു പ്രദേശത്തെ വിശ്വാസികള്‍ പൊതുവെ ഏത് നിലപാടാണോ സ്വീകരിക്കുന്നത് അവിടെ വേറിട്ട ഒരഭിപ്രായം മുന്നോട്ട് വച്ച് ആളുകള്‍ക്കിടയില്‍ വസ് വാസ് ഉണ്ടാക്കാതിരിക്കുക എന്നതാണ് കരണീയം.

ഓരോ പ്രദേശങ്ങളിലേയും ചന്ദ്രദര്‍ശനം വ്യത്യാസപ്പെടുന്നതിനനുസരിച്ച് അവിടെയുള്ളവരുടെ ദുല്‍ഹിജ്ജ ഒമ്പതും വ്യത്യസ്തമായിരിക്കും. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുമ്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ ഹറാമുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം കഴിഞ്ഞാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. ഈ പ്രാവശ്യം നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതു പോലെ. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും ഇവിടെ അറഫാ നോമ്പ് എടുക്കുക.

അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫാ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും. നബി (സ്വ)യുടെ അദ്ധ്യാപനത്തിന് എതിരാണിതെന്ന് അറിയുക. ആയതിനാല്‍ നമ്മുടെ നാട്ടില്‍ എന്നാണോ ദുല്‍ഹിജ്ജ ഒമ്പത് അന്ന് നോമ്പ് നോല്‍ക്കുക. അവരവര്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിംകള്‍ ഏതു ദിവസമാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഉചിതം. അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക.

ഇനിയാരെങ്കിലും ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം തന്നെ നോമ്പെടുക്കണമെന്ന ശാഠ്യക്കാരനാണെങ്കില്‍ അതിന്റെ പേരില്‍ ആരും അദ്ദേഹത്തെ ക്രൂശിക്കാനും പോകേണ്ടതില്ല. ഏറ്റവും പുണ്യകരമായ നാളുകള്‍ കുതര്‍ക്കങ്ങളിലൂടെ കുറ്റം സമ്പാദിക്കാനുള്ള അവസരമാക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.

 

Latest News