ജിദ്ദ - ചെല്‍സിയുടെ സെനഗാലുകാരനായ ഡിഫന്റര്‍ ഖാലിദു കൂലിബാലി സൗദി പ്രൊഫഷനല്‍ ക്ലബ്ബ് അല്‍ഹിലാലില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സീമക്കും എന്‍ഗോളൊ കാണ്ടെക്കും സൗദി ഫുട്‌ബോളിലേക്ക് വരുന്ന പ്രമുഖ താരമാണ് മുപ്പത്തിരണ്ടുകാരന്‍. പോര്‍ചുഗലിന്റെ യുവ ഇന്റര്‍നാഷനല്‍ റൂബന്‍ നെവെസും ഏതാനും ദിവസം മുമ്പ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വര്‍ഹാംപ്റ്റനില്‍ നിന്ന് ഹിലാലിലെത്തിയിരുന്നു.
ഫ്രം ലണ്ടന്‍ ബ്ലൂസ് ടു ഏഷ്യാസ് ലീഡര്‍ എന്നാണ് കൂലിബാലിയെ സ്വാഗതം ചെയ്ത് അല്‍ഹിലാല്‍ ട്വീറ്റ് ചെയ്തത്. എത്ര തുകയുടേതാണ് കരാറെന്ന് വ്യക്തമല്ല.
ലോകത്തിലെ ടോപ് ഡിഫന്റര്‍മാരിലൊരാളായിരുന്നു കൂലിബാലി. കഴിഞ്ഞ വര്‍ഷം നാപ്പോളിയില്‍ നിന്ന് നാലു വര്‍ഷത്തെ കരാറിലാണ് ചെല്‍സിയിലെത്തിയത്. പക്ഷെ അവിടെ തീര്‍ത്തും നിരാശപ്പെടുത്തി. ഒരു വര്‍ഷമേ അവിടെ തുടര്‍ന്നുള്ളൂ. കൂലിബാലി ഉള്‍പ്പെടെ വന്‍ താരനിരയാണ് ചെല്‍സിയില്‍ നിന്ന് കൂടൊഴിഞ്ഞത്. കായ് ഹാവേട്‌സ്, മെയ്‌സന്‍ മൗണ്ട്, ഹഖീം സിയേഷ്, എഡ്വേഡൊ മെന്‍ഡി, പിയറി എമറിക് ഓബമയാംഗ്, റൊമേലു ലുകാകു എന്നിവരെല്ലാം ചെല്‍സി വിടുകയോ വിടാനൊരുങ്ങുകയോ ആണ്. ഇതില്‍ സിയേഷും മെന്‍ഡിയും സൗദിയിലേക്കാണെന്നാണ് സൂചന. ആഴ്‌സനലിന്റെ തോമസ് പാര്‍ടി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ് ടെലിസ് എന്നിവരും സൗദി ലീഗില്‍ ചേരുമെന്ന് വാര്‍ത്തയുണ്ട്.






