ന്യൂദല്‍ഹി- നരേന്ദ്ര മോഡിയുടെ യു. എസ് സന്ദര്‍ശനത്തിന് പിന്നാലെ എട്ട് യു. എസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാര തീരുവ ഇന്ത്യ പിന്‍വലിക്കുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് തീരുവ പിന്‍വലിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഏതാനും സ്റ്റീല്‍, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചതോടെയാണ് പ്രതികാരമായി ഇന്ത്യ എട്ട് യു. എസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയത്.
2018ലാണ് ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ യു എസ് സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനവും ചില അലുമിനിയം ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്തിയത്. ഇതിന് പ്രതികാരമായി 2019 ജൂണില്‍ ഇന്ത്യ 28 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്തുകയായിരുന്നു.
ചെറുപയര്‍, പയര്‍, ആപ്പിള്‍ തുടങ്ങിയവ ഉള്‍പ്പെടെ എട്ട് യു എസ് ഉത്പന്നങ്ങളുടെ അധിക തീരുവയാണ് നീക്കം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ യു. എസ് സന്ദര്‍ശന വേളയില്‍ ലോകവ്യാപാര സംഘടനയുടെ ആറ് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും ചില യു. എസ് ഉത്പന്നങ്ങളുടെ പ്രതികാര തീരുവ നീക്കം ചെയ്യാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു.
അധിക തീരുവകള്‍ പിന്‍വലിച്ചതായി ഇന്ത്യ അറിയിച്ചതിന് ശേഷം എട്ട് യു. എസ് ഉത്പന്നങ്ങളുടെ തീരുവകള്‍ നിലവിലുള്ള അപ്ലൈഡ് മോസ്റ്റ്-ഫേവവേര്‍ഡ് നേഷന്‍ (എം. എഫ്. എന്‍) നിരക്കിലേക്ക് മാറുമെന്ന് പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താരിഫുകള്‍ 90 ദിവസത്തിനുള്ളില്‍ അവസാനിക്കും.
കരാറിന്റെ ഭാഗമായി ചെറുപയര്‍ (10 ശതമാനം), പയര്‍ (20 ശതമാനം), ബദാം പുതിയതോ ഉണക്കിയതോ (കിലോയ്ക്ക് 7 രൂപ വീതം), ബദാം തോടോടുകൂടി (കിലോയ്ക്ക് 20 രൂപ), വാല്‍നട്ട് (20 ശതമാനം), ആപ്പിള്‍ ഫ്രഷ് (20 ശതമാനം), ബോറിക് ആസിഡ് (20 ശതമാനം), ഡയഗ്‌നോസ്റ്റിക് റീജന്റ്‌സ് (20 ശതമാനം) എന്നിവയ്ക്ക് അധിക തീരുവ ഒഴിവാക്കും. ആപ്പിളിന്റെ വാഷിംഗ്ടണിന്റെ രണ്ടാമത്തെ കയറ്റുമതി വിപണിയായിരുന്നു ഇന്ത്യ.
അധിക തീരുവ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യു. എസ് നിയമനിര്‍മ്മാതാക്കളും വ്യവസായ പ്രമുഖരും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. 2021-22ല്‍ 119.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ ഉഭയകക്ഷി ചരക്ക് വ്യാപാരം 128.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
വാഷിംഗ്ടണിലെ 1,400-ലധികം ആപ്പിള്‍ കര്‍ഷകര്‍ക്ക് ഇന്ത്യന്‍ വിപണി അടച്ചുപൂട്ടിയ പ്രതികാരപരമായ താരിഫുകള്‍ പിന്‍വലിക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെ 120 ദശലക്ഷം യു. എസ് ഡോളറിന്റെ വിപണിയിലേക്ക് അവര്‍ക്ക് വീണ്ടും പ്രവേശനം ലഭിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നിയമസഭാംഗമായ കാന്റ്വെല്‍ പറഞ്ഞു.