5, 5, 5; വഖാറിന്റെ അതുല്യ റെക്കോര്‍ഡിനൊപ്പം വണീന്ദു

ഹരാരെ - തുടര്‍ച്ചയായ മൂന്നാമത്തെ ഏകദിന ക്രിക്കറ്റ് മത്സരത്തിലും അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ സ്പിന്നര്‍ വണീന്ദു ഹസരംഗ. ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ അയര്‍ലന്റിനെ 133 ന് തോല്‍പിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്തതോടെ വണീന്ദു 33 വര്‍ഷം മുമ്പ് പാക്കിസ്ഥാന്റെ വഖാര്‍ യൂനുസ് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമെത്തി. യു.എ.ഇക്കെതിരെ 24 റണ്‍സിന് ആറു വിക്കറ്റെടുത്ത ലെഗ്‌സ്പിന്നര്‍ ഒമാനെതിരെ 13 റണ്‍സിന് അഞ്ചു വിക്കറ്റും അയര്‍ലന്റിനെതിരെ 79 റണ്‍സിന് അഞ്ചു വിക്കറ്റുമാണ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും അയര്‍ലന്റ് ബാറ്റര്‍മാര്‍ വണീന്ദുവിനെ പിച്ചിച്ചീന്തി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനെക്കാള്‍ റണ്‍സ് വഴങ്ങി ഒരു ബൗളറേ അഞ്ചു വിക്കറ്റെടുത്തിട്ടുള്ളൂ. 
കൂടുതല്‍ ശക്തരായ എതിരാളികള്‍ക്കെതിരെയാണ് വഖാര്‍ നേട്ടം കൊയ്തത്. ന്യൂസിലാന്റിനെതിരെ 11 റണ്‍സിന് അഞ്ചു വിക്കറ്റും 16 റണ്‍സിന് അഞ്ചു വിക്കറ്റും വെസ്റ്റിന്‍ഡീസിനെതിരെ 52 റണ്‍സിന് അഞ്ചു വിക്കറ്റും. 1990 നവംബറില്‍ അഞ്ചു ദിവസത്തിനിടയിലായിരുന്നു നേട്ടം. ദിമുത് കരുണരത്‌നെ (103), സദീര സമരവിക്രമ (82) എന്നിവരുടെ മികച്ച ബാറ്റിംഗിലൂടെ 325 റണ്‍സിന് ഓളൗട്ടായ ശ്രീലങ്ക 31 ഓവറില്‍ അയര്‍ലന്റിനെ 192 ന് പുറത്താക്കി. 
ഒമാനെ 76 റണ്‍സിന് തോല്‍പിച്ച് സ്‌കോട്‌ലന്റും സൂപ്പര്‍സിക്‌സിലെത്തി. ബ്രാന്‍ഡന്‍ മാക്മൂലന്റെ സെഞ്ചുറിയിലൂടെ (136) 320 റണ്‍സെടുത്ത സ്‌കോട്‌ലന്റ് ഒമാന്റെ മറുപടി ഒമ്പതിന് 244 ല്‍ ഒതുക്കി. 

 

Latest News