വണീന്ദുവിന് വീണ്ടും അഞ്ച്, ഒമാനെ തകര്‍ത്ത് ശ്രീലങ്ക

ഹരാരെ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ വണീന്ദു ഹസരംഗ ഒമാനെതിരെ ശ്രീലങ്കക്ക് പത്തു വിക്കറ്റ് വിജയം സമ്മാനിച്ചു. ഒമാനെ 30.2 ഓവറില്‍ 98 ന് പുറത്താക്കിയ ശ്രീലങ്ക പതിനഞ്ചോവറില്‍ വിക്കറ്റ് പോവാതെ വിജയത്തിലേക്ക് കുതിച്ചു. ഗ്രൂപ്പ് ബി-യില്‍ രണ്ടു കളിയില്‍ ശ്രീലങ്കയുടെ രണ്ടാം ജയമാണ് ഇത്. സ്‌കോട്‌ലന്റും ആദ്യ രണ്ടു കളികളും ജയിച്ചു. മൂന്നു കളിയില്‍ ഒമാന്റെ ആദ്യ തോല്‍വിയാണ് ഇത്. 
13 റണ്‍സിനാണ് ഹസരംഗ അഞ്ചു വിക്കറ്റെടുത്തത് (7.2-2-13-5). ലാഹിരു കുമാരക്ക് മൂന്നു വിക്കറ്റ് കിട്ടി (8-2-22-3). ഓപണര്‍ ജതീന്ദര്‍ സിംഗും (21)  മധ്യനിരയില്‍ അയാന്‍ ഖാനും (41) വാലറ്റത്ത് ഫയ്യാസ് ഭട്ടുമാണ് (13 നോട്ടൗട്ട്) ഒമാന്റെ സിംഹഭാഗവും സംഭാവന ചെയ്തത്. ദിമുത് കരുണരത്‌നെയും (61 നോട്ടൗട്ട്) പതും നിസങ്കയും (37 നോട്ടൗട്ട്) ശ്രീലങ്കയുടെ മറുപടിക്ക് ചുക്കാന്‍ പിടിച്ചു. 
സ്‌കോട്‌ലന്റ് 111 റണ്‍സിന് യു.എ.ഇയെ തകര്‍ത്തു. റിച്ചി ബെറിംഗ്ടണിന്റെ സെഞ്ചുറിയില്‍ (127) എട്ടിന് 282 റണ്‍സടിച്ച അവര്‍ 35.3 ഓവറില്‍ 171 ന് എതിരാളികളെ പുറത്താക്കി. 
ഷായ് ഹോപും (132) നിക്കൊളാസ് പൂരാനും (115) സെഞ്ചുറിയടിച്ചതോടെ വെസ്റ്റിന്‍ഡീസ് 101 റണ്‍സിന് നേപ്പാളിനെ തരിപ്പണമാക്കി. ഒമ്പത് റണ്‍സെടുക്കുമ്പോഴേക്കും വിന്‍ഡീസിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 

Latest News