വേദന സഹിക്കാനാവാതെ സോറസ് കളി വിടാനൊരുങ്ങുന്നു

സാവൊപൗളൊ - കാൽമുട്ടു വേദന നിരന്തരം അലട്ടുന്ന സാഹചര്യത്തിൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാൻ ലൂയിസ് സോറസ് ആലോചിക്കുന്നു. ഉറുഗ്വായ് ഫോർവേഡ് ഇപ്പോൾ കളിക്കുന്ന ഗ്രേമിയൊ ക്ലബ്ബിനെ ഈ വാർത്ത കനത്ത ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബ്രസീൽ മാധ്യമങ്ങളിൽ വിരമിക്കൽ വാർത്ത വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മുപ്പത്താറുകാരൻ പ്രതികരിച്ചിട്ടില്ല. ബാഴ്‌സലോണ, ലിവർപൂൾ, അത്‌ലറ്റിക്കൊ മഡ്രീഡ് തുടങ്ങിയ പ്രമുഖ ടീമുകളിൽ സോറസ് കളിച്ചിരുന്നു. 
ഒരുപാട് ഇഞ്ചക്ഷനുകൾ കുത്തിവെച്ചും മരുന്ന് കഴിച്ചുമാണ് സോറസ് പരിശീലനത്തിൽ പങ്കെടുക്കുന്നതെന്ന് സഹതാരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബ്രസീലിയൻ ലീഗിൽ അമേരിക്ക ക്ലബ്ബിനെതിരെയാണ് ഗ്രേമിയോയുടെ അടുത്ത മത്സരം. സോറസിന്റെ ആരോഗ്യമാണ് എല്ലാത്തിലും പ്രധാനമെന്ന് മിഡ്ഫീൽഡർ ജോ പൗളൊ ബിറ്റെലൊ അഭിപ്രായപ്പെട്ടു. സോറസുമൊത്തുള്ള ഓരോ മിനിറ്റും തങ്ങൾ ആസ്വദിക്കുകയാണെന്ന് മറ്റൊരു സഹതാരം റെയ്‌നാൾഡൊ പറഞ്ഞു. 
ഡിസംബറിലാണ് തെക്കൻ ബ്രസീലിലെ ക്ലബ്ബിൽ സോറസ് ചേർന്നത്. 25 മത്സരങ്ങളിൽ 11 ഗോളടിച്ചു. അടുത്ത വർഷം അവസാനം വരെ കരാറുണ്ട്. 

Latest News