ബോക്‌സിംഗ് ഫെഡറേഷനെ ഒളിംപിക് കമ്മിറ്റി പുറത്താക്കി

ലൊസേൻ - നാലു വർഷം നീണ്ട വഴക്കിനൊടുവിൽ ഇന്റർനാഷനൽ ബോക്‌സിംഗ് അസോസിയേഷനെ (ഐ.ബി.എ) ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയിൽ (ഐ.ഒ.സി) നിന്ന് പുറത്താക്കി. ബോക്‌സിംഗിലെ നിരന്തരമായ വിവാദങ്ങൾ പരിഹകിക്കാൻ ഐ.ഒ.സി നൽകിയ നിർദേശങ്ങൾ അവഗണിച്ചതിനാണ് നടപടി. എന്നാൽ 1904 ലെ മൂന്നാമത്തെ ഒളിംപിക്‌സ് മുതൽ മത്സര ഇനമാണെന്ന പരിഗണന ബോക്‌സിംഗിന് ലഭിക്കും. 2024 ലെ പാരിസ് ഒളിംപിക്‌സിലും ബോക്‌സിംഗ് മത്സര ഇനമായി തുടരും. കഴിഞ്ഞ മാസം ഇന്ത്യയിൽ നടന്ന വനിതാ ലോക ചാമ്പ്യൻഷിപ് ഐ.ബി.എയുടെ ദുർഭരണത്തിൽ പ്രതിഷേധിച്ച് നിരവധി രാജ്യങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. 
ഐ.ബി.എയെ പുറത്താക്കാൻ വോട്ടിംഗിലൂടെയാണ് ഐ.ഒ.സി തീരുമാനിച്ചത്. ഒന്നിനെതിരെ 69 പേർ അനുകൂലിച്ചു. പത്തംഗങ്ങൾ വിട്ടുനിന്നു. ഐ.ഒ.സി യോഗം പ്രത്യേകമായി വിളിച്ചുചേർത്തതായിരുന്നു. ഐ.ഒ.സി ചെയർമാൻ തോമസ് ബാക്ക് അധ്യക്ഷനായ എക്‌സിക്യൂട്ടിവ് ബോർഡ് രണ്ടാഴ്ച മുമ്പ് നിർദേശം സമർപ്പിച്ചപ്പോൾ തന്നെ നടപടി പ്രതീക്ഷിച്ചിരുന്നു. ബോക്‌സിംഗിനെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ഐ.ബി.എയുടെ ഭരണരീതികളോട് മാത്രമാണ് പ്രതിഷേധമെന്നും ഓൺലൈൻ യോഗത്തിൽ ബാക്ക് പറഞ്ഞു. 
ഉസ്‌ബെക്കിസ്ഥാൻ, റഷ്യൻ പ്രസിഡന്റുമാരുടെ കീഴിലുള്ള ഐ.ബി.എ ഭരണമാണ് ഐ.ഒ.സിയെ പ്രധാനമായും ചൊടിപ്പിച്ചത്. റഷ്യൻ സ്റ്റേറ്റ് ഗാസ് ഏജൻസി ഗാസ്‌പ്രോമായിരുന്നു ഐ.ബി.എയുടെ പ്രധാന സ്‌പോൺസർമാർ. കൂടാതെ മത്സരങ്ങളുടെയും ജഡ്ജിംഗിന്റെയും വിശ്വാസ്യത സംശയാസ്പദമായിരുന്നു. ബോക്‌സർമാർ സത്യസന്ധതയും സുതാര്യതയുമുള്ള ഒരു ഫെഡറേഷനെ അർഹിക്കുന്നുവെന്ന് ബാക് അഭിപ്രായപ്പെട്ടു. 
2021 ലെ ടോക്കിയൊ ഒളിംപിക്‌സിലെന്ന പോലെ 2024 ലെ പാരിസ് ഒളിംപിക്‌സിനും ഐ.ഒ.സി നേരിട്ടാണ് ബോക്‌സർമാരെ തെരഞ്ഞെടുക്കുന്നത്. 2028 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിൽ ബോക്‌സിംഗിന്റെ സാന്നിധ്യം ഉറപ്പായിട്ടില്ല. ഐ.ബി.എയുമായുള്ള ചർച്ചയിൽ പിടിവള്ളിയായാണ് ഐ.ഒ.സി അതിനെ ഉപയോഗിക്കുക. 
ഒരുപാട് രാജ്യങ്ങളിൽ ജനപ്രിയമായ ഗെയിമാണ് ബോക്‌സിംഗ്. ടോക്കിയൊ ഒളിംപിക്‌സിൽ 25 രാജ്യങ്ങൾ മെഡൽ നേടി. 

Latest News