പാരിസ് - യൂറോപ്യന്‍ ഫുട്‌ബോളിലും ലോക ഫുട്‌ബോളിലും ഏതാണ്ടെല്ലാം നേടിക്കഴിഞ്ഞ ഫ്രഞ്ച് ലോക ചാമ്പ്യന്‍ എന്‍ഗൊളൊ കാണ്ടെ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദുമായി കരാര്‍ പൂര്‍ത്തിയാക്കി. കരീം ബെന്‍സീമക്കും മുമ്പെ ഇത്തിഹാദിലെത്തേണ്ടിയിരുന്ന താരമാണ് കാണ്ടെ. മെഡിക്കല്‍ പരിശോധനയില്‍ ചില സംശയങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് കരാര്‍ ഒപ്പുവെക്കുന്നത് നീണ്ടത്. ഫ്രഞ്ച് ടീമില്‍ ബെന്‍സീമക്കൊപ്പം കളിച്ചിരുന്നു കാണ്ടെ.
വെല്‍കം ബോക്‌സ്ടുബോക്‌സ് എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റുകളുമായാണ് കാണ്ടെയെ ഇത്തിഹാദ് സ്വാഗതം ചെയ്തത്. കഠിനമായി ഓടുന്ന കാണ്ടെയുടെ കളി ശൈലിയെ സൂചിപ്പിച്ചാണ് ഈ അംഗീകാരം.
കാണ്ടെയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു താനെന്ന് കരീം ബെന്‍സീമ പറഞ്ഞു. ഒരു സ്വകാര്യ വിമാനത്തിലിരുന്ന് കാണ്ടെയെ ബെന്‍സീമ പുകഴ്ത്തുന്ന ചിത്രങ്ങള്‍ ഇത്തിഹാദ് പുറത്തുവിട്ടു. ബോക്‌സ് ടു ബോക്‌സ് ഓടുന്ന ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് എന്ന് താങ്കളോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഒരുമിച്ച് കളിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷം. അതും സൗദിയിലെ മികച്ച ടീമില്‍. നമുക്ക് ജിദ്ദയില്‍ കാണാം -ബെന്‍സീമ പറഞ്ഞു.أفضل اللاعبين في أفضل نادي #WelcomeBox2Box pic.twitter.com/joAB9ShgO5
— نادي الاتحاد السعودي (@ittihad) June 20, 2023
സന്തോഷത്തോടെ ബെന്‍സീമക്ക് കാണ്ടെ മറുപടി നല്‍കി. നന്ദി കരീം, വീണ്ടും ഒരുമിക്കുന്നതില്‍ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി. ലോകത്തിലെ മികച്ച കളിക്കാരനൊപ്പം വീണ്ടും കളിക്കാനാവുന്നതില്‍ സന്തോഷം. സൗദി ടൈഗേഴ്‌സിന്റെ ജഴ്‌സിയിടുന്നതിനായി കാത്തിരിക്കുന്നു -കാണ്ടെ ട്വീറ്റ് ചെയ്തു.






