ടീമുമായി പിണങ്ങി കോര്‍ട്‌വ ക്യാമ്പ് വിട്ടു

ബ്രസ്സല്‍സ് - കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഗോള്‍കീപ്പര്‍ തിബൊ കോര്‍ട്‌വ ബെല്‍ജിയം ക്യാമ്പ് വിട്ടു. ആന്‍ഡോറക്കെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിന് റയല്‍ മഡ്രീഡ് ഗോളിയുണ്ടാവില്ല. ക്യാമ്പ് വിട്ട കാര്യം സ്ഥിരീകരിച്ച ബെല്‍ജിയം ടീം മാനേജ്‌മെന്റ് കാരണം വെളിപ്പെടുത്തിയില്ല. 
ഓസ്ട്രിയക്കെതിരെ 1-1 ല്‍ അവസാനിച്ച ശനിയാഴ്ചത്തെ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രൂയ്‌നെ കളിച്ചിരുന്നില്ല. സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെയാണ് കോച്ച് ഡൊമിനിക്കൊ ടെഡെസ്‌കോ പകരം നായകനാക്കിയത്. സമനില ഗോളടിച്ചത് ലുകാകുവാണ്. 
എസ്‌റ്റോണിയക്കെതിരായ കളിയില്‍ കോര്‍ട്‌വയെ ക്യാപ്റ്റനാക്കുമെന്ന് കോച്ച് പറഞ്ഞിരുന്നുവെങ്കിലും മറ്റു കളിക്കാര്‍ക്കൊപ്പം ഗോളി ടീം ഹോട്ടലില്‍ തിരിച്ചെത്തിയില്ല. മാറ്റ്‌സ് സെലസായിരിക്കും അടുത്ത കളിയില്‍ വല കാക്കുക. 

Latest News