റെയ്ക്യാവിക് - യൂറോ കപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ഐസ്‌ലന്റിനെതിരെ റെയ്ക്യാവിക്കില്‍ ബൂട്ട് കെട്ടുമ്പോള്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ മറ്റൊരു ചരിത്രം സൃഷ്ടിക്കും. പുരുഷ ഫുട്‌ബോളില്‍ 200 രാജ്യാന്തര മത്സരം കളിക്കുന്ന ആദ്യ കളിക്കാരനാവും പോര്‍ചുഗല്‍ വിംഗര്‍.
പതിനെട്ടാം വയസ്സില്‍ ലൂയിസ് ഫിഗോയുടെ പകരക്കാരനായാണ് റൊണാള്‍ഡൊ അരങ്ങേറ്റം കുറിച്ചത്. സ്വന്തം രാജ്യത്ത് നടന്ന 2004 ലെ യൂറോ കപ്പായിരുന്നു ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ്. ആദ്യത്തെ ഗോളും ആ ടൂര്‍ണമെന്റിലായിരുന്നു. അത്തവണ അപ്രതീക്ഷിതമായി ചാമ്പ്യന്മാരായ ഗ്രീസിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ 1-2 തോല്‍വിയില്‍ പകരക്കാരനായിറങ്ങിയാണ് റൊണാള്‍ഡൊ ഗോള്‍വേട്ടയില്‍ ഹരിശ്രീ കുറിച്ചത്. പോര്‍ചുഗല്‍ ഫൈനലിലെത്തുമ്പോഴേക്കും റൊണാള്‍ഡൊ സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു.
2006 ലോകകപ്പില്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി. പോര്‍ചുഗലിന്റെ പ്രായം കുറഞ്ഞ ലോകകപ്പ് സ്‌കോററായി, 21 വയസ്സും 132 ദിവസവും പ്രായമുള്ളപ്പോള്‍. ഇറാനെതിരായ പെനാല്‍ട്ടയിലൂടെയായിരുന്നു ഇത്. 2016 ലെ യൂറോ കപ്പാണ് പോര്‍ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ ആദ്യത്തെ പ്രധാന കിരീടം.
പോര്‍ചുഗലിന് വേണ്ടി 10 ഹാട്രിക്കുണ്ട് റൊണാള്‍ഡോക്ക്. അതില്‍ രണ്ടെണ്ണം നാലു ഗോളുകളാണ്. 2013 ലെ ലോകകപ്പ് പ്ലേഓഫില്‍ സ്വീഡനെതിരെ രണ്ടു പാദങ്ങൡലായി നാലു ഗോളുമടിച്ചു. 2018 ലെ ലോകകപ്പില്‍ സ്‌പെയിനിനെതിരെയും 2019 ലെ യൂറോപ്യന്‍ നാഷന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരെയും ഹാട്രിക് നേടി.
2021 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അയര്‍ലന്റിനെതിരെ സ്‌കോര്‍ ചെയ്താണ് ദീര്‍ഘകാലമായി അലി ദാഇ കൈവശം വെച്ച ഇന്റര്‍നാഷനല്‍ ഗോള്‍ സ്‌കോറിംഗ് റെക്കോര്‍ഡ് (109 ഗോള്‍) മറികടന്നത്. ആറു മിനിറ്റിനു ശേഷം മറ്റൊരു ഗോള്‍ കൂടി നേടി.
ആദ്യ പത്തില്‍ ഇവര്‍
കളിക്കാരന്‍ രാജ്യം അരങ്ങേറ്റം
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പോര്‍ചുഗല്‍ 2003 ഓഗസ്റ്റ് 20
ബദര്‍ അല്‍മുതവ്വ കുവൈത്ത് 2003 സെപ്റ്റംബര്‍ 4
സോന്‍ ചിന്‍ ആന്‍ മലേഷ്യ 1969 നവംബര്‍ 19
അഹമദ് ഹസന്‍ ഈജിപ്ത് 1995 ഡിസംബര്‍ 29
അഹമദ് മുബാറക് ഒമാന്‍ 2003 സെപ്റ്റംബര്‍ 25
സെര്‍ജിയൊ റാമോസ് സ്‌പെയിന്‍ 2005 മാര്‍ച്ച് 26
ആന്ദ്രെ ഗ്വാര്‍ദാദൊ മെക്‌സിക്കൊ 2005 ഡിസംബര്‍ 14
മുഹമ്മദ് അല്‍ദഇയ സൗദി 1993 ഏപ്രില്‍ 9
ക്ലോഡിയൊ സോറസ് മെക്‌സിക്കൊ 1992 ജൂലൈ 26
ജിയാന്‍ലൂജി ബുഫോണ്‍ ഇറ്റലി 1997 ഒക്ടോബര്‍ 29






