പാനന്‍ക പെനാല്‍ട്ടിയില്‍ സ്‌പെയിനിന് നാഷന്‍സ് കപ്പ്

റോട്ടര്‍ഡാം - ക്രൊയേഷ്യയുടെ കിരീടമോഹങ്ങള്‍ ഷൂട്ടൗട്ടില്‍ തല്ലിക്കെടുത്തി സ്‌പെയിന്‍ ആദ്യമായി യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. പാനന്‍ക രീതിയില്‍ ഡാനി കര്‍വഹാല്‍ പായിച്ച പെനാല്‍ട്ടിയാണ് സ്‌പെയിനിന് ഷൂട്ടൗട്ടില്‍ 5-4 വിജയം സമ്മാനിച്ചത്. ഗോളി ഡൈവ് ചെയ്യുമെന്ന ഉറച്ച വിശ്വാസത്തില്‍ പന്ത് നേരെയടിക്കാന്‍ അസാധാരണ ധൈര്യം വേണം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണായിരുന്നു ഹീറോ. ഷൂട്ടൗട്ടില്‍ ലോവറൊ മയറുടെയും ബ്രൂണൊ പെറ്റ്‌കോവിച്ചിന്റെയും ഷോട്ടുകള്‍ സിമോണ്‍ രക്ഷിച്ചു. മയറുടെ കിക്ക് പിഴച്ച ശേഷം സ്‌പെയിനിന് വിജയം സമ്മാനിക്കാന്‍ അയ്മറിക് ലപോര്‍ടെക്ക് അവസരമുണ്ടായിരുന്നു. പക്ഷെ ഷോട്ട് ബാറിനു തട്ടിത്തെറിച്ചു. അതോടെയാണ് പാനന്‍കയുമായി കര്‍വഹാല്‍ ദൗത്യമേറ്റെടുത്തത്. ലോകകപ്പും യൂറോ കപ്പും നാഷന്‍സ് ലീഗ് കിരീടവും നേടിയ രണ്ടാമത്തെ രാജ്യമായി സ്‌പെയിന്‍. 2021 ല്‍ ഫ്രാന്‍സ് ഈ നേട്ടം കൈവരിച്ചിരുന്നു. 
2012 ലെ യൂറോ കപ്പിനു ശേഷം സ്‌പെയിനിന്റെ പ്രധാന ട്രോഫിയാണ് ഇത്. 2008 ലും യൂറോ ചാമ്പ്യന്മാരായിരുന്ന അവര്‍ 2010 ലെ ലോകകപ്പും നേടി. അതേസമയം മൂന്നു തവണ ലോകകപ്പ് സെമിയിലും 2018 ല്‍ ഫൈനലും കളിച്ച ക്രൊയേഷ്യ ഇതുവരെ ഒരു പ്രധാന ട്രോഫി നേടിയിട്ടില്ല. ലൂക്ക മോദ്‌റിച് ഉള്‍പ്പെടെയുള്ള വെറ്ററന്‍ താരങ്ങള്‍ നാഷന്‍സ് ലീഗ് നേടി വിരമിക്കാമെന്ന മോഹത്തിലായിരുന്നു. 
സ്‌പെയിന്‍ 2021 ലെ നാഷന്‍സ് ലീഗ് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റിരുന്നു. ഇത്തവണ യൂറോ യോഗ്യതാ റൗണ്ടില്‍ സ്‌കോട്‌ലന്റിനോട് തോറ്റ ശേഷം കോച്ച് ലൂയിസ് ഡി ലാ ഫുയന്റ കനത്ത വിമര്‍ശനം നേരിടുകയായിരുന്നു. ലോകകപ്പിനു ശേഷം ലൂയിസ് എന്റിക്കെയെ പുറത്താക്കിയാണ് ഫുയന്റയെ നിയമിച്ചത്. 
റോട്ടര്‍ഡാമിലെ  ഫൈനലിന് ക്രൊയേഷ്യന്‍ ആരാധകര്‍ ഗാലറിയെ ചുവപ്പിച്ചിരുന്നു. പത്താം മിനിറ്റില്‍ അവര്‍ പത്താം നമ്പര്‍ ജഴ്‌സിക്കാരനായ മോദ്‌റിച്ചിന്റെ പേര് വിളിച്ച് മത്സരത്തെ ആവേശക്കടലാക്കി. വിരമിക്കരുതെന്ന് അവര്‍ പ്രിയതാരത്തോട് അഭ്യര്‍ഥിച്ചു. 
ഗാവിയിലൂടെ സ്‌പെയിനാണ് ആദ്യം ഗോള്‍മണം പരത്തിയത്. ക്രമേണ ക്രൊയേഷ്യ താളം കണ്ടു. ജോസിപ് യൂറനോവിച്ചിന്റെ ലോംഗ്‌ബോളുമായി ഗോളിയെ വലം വെച്ച ആന്ദ്രെ ക്രാമരിച്ചിന് മുന്നില്‍ ഗോള്‍വല മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ അയ്മറിക് ലപോര്‍ടെയുടെ തകര്‍പ്പന്‍ ബ്ലോക്കില്‍ ഷോട്ട് നിര്‍വീര്യമായി. ആദ്യ 80 മിനിറ്റില്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ സ്‌പെയിനിനു സാധിച്ചില്ല. അതോടെ സെമിയിലെ വിജയശില്‍പി ഹൊസേലുവിനെയും അന്‍സു ഫാത്തിയെയും അവര്‍ കളത്തിലിറക്കി. ആല്‍വരൊ മൊറാറ്റയെ പിന്‍വലിച്ചു. 90ാം മിനിറ്റില്‍ ഫാത്തിയുടെ ഷോട്ട് ഗോള്‍ലൈനില്‍ നിന്നാണ് ഇവാന്‍ പെരിസിച് അടിച്ചകറ്റിയത്. 
എക്‌സ്ട്രാ ടൈമില്‍ നാച്ചോക്കെതിരെ ക്രൊയേഷ്യയുടെ പെനാല്‍ട്ടി  അപ്പീല്‍ റഫറി അവഗണിച്ചു. ആറു വര്‍ഷം ക്രൊയേഷ്യന്‍ ലീഗില്‍ കളിച്ച ഡാനി ഓല്‍മോയുടെ  ഷോട്ട് ക്രൊയേഷ്യന്‍ ബാറിനു മുകളിലൂടെ പറന്നു. 
 

Latest News