Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിലാവിലുണരുന്ന സ്‌നേഹമർമരങ്ങൾ

നിഖിലാ സമീർ എന്ന അനുഗൃഹീത എഴുത്തുകാരി, മിസ്റ്റിക് കഥകളുടെ ഭൂമികയായ അറേബ്യൻ അനുഭവത്തിന്റെ ഫലഭൂയിഷ്ഠതയിൽ, പരന്ന വായനയുടെ അറിവാഴത്തിൽ  വളർന്നു വന്ന സാഹിത്യകാരി. അവരുടെ വിരൽ തുമ്പുകളിൽ നിന്നുതിർന്നു വീഴുന്ന അക്ഷരങ്ങൾ , മഴയുടെ  പെരുംതുള്ളികളിൽ വിടരുന്ന ജലപുഷ്പങ്ങളെ പോലെ  കണ്ണിനും മനസ്സിനും ആനന്ദവും ആലോചനയും നൽകുന്ന ഒരു കൂട്ടം രചനകളാണ് അനുഭവവേദ്യമാകുന്നത്.
നല്ല തെളിഞ്ഞ ഭാഷാപ്രയോഗത്തിലൂടെ വിഷയത്തിന്  കൂടുതൽ വ്യക്തതയുണ്ടാക്കുന്ന ഒരു ജാലവിദ്യ  നിഖിലയുടെ എഴുത്തുകളിൽ കാണാം.  
ദിവ്യാനുരാഗത്തെ മുഖ്യ വിഷയമാക്കി  കവിതാ രൂപത്തിലൂടെ വായനക്കാരിലേക്ക്  എങ്ങനെ പകരാം എന്നത് നിഖിലയുടെ ആദ്യകവിതാ സമാഹാരമായ 'അമേയ' യിലൂടെ കണ്ടതാണ്.
സ്രഷ്ടാവിനോടുള്ള പരമമായ പ്രണയത്തെ നിഖില വെളിപ്പെടുത്തിയത് തന്റെ മനസ്സിലെ  ദിവ്യാനുരാഗചിന്തകളെ കവിതകളാക്കി  കൊണ്ടാണ്. 
പരിശുദ്ധിയുടെ മുത്തുകൾ  കൂട്ടിച്ചേർത്ത ഒരു ജപമാല പോലെ ആ കവിതകളെല്ലാം ചേർത്ത് വായനക്കാർക്ക് സമർപ്പിച്ചതിലൂടെ നിഖിലയുടെ  'അമേയ' എന്ന കൃതി ആത്മീയാനുരാഗ രചനകളുടെ ഇടയിൽ  തന്റേതായ സ്ഥാനം നേടിയിരിക്കുന്നു.  
പ്രണയമെന്ന വികാരത്തിന്റെ വിശുദ്ധിയെ കവിത പോലുള്ള  മാധ്യമത്തിലൂടെ  പ്രതിഫലിപ്പിക്കാൻ നിലാവ് എന്ന പ്രതീകാത്മക ബിംബത്തോളം മറ്റൊന്നുമില്ല തന്നെ, പ്രകൃതിയിൽ. അത് കൊണ്ട് തന്നെയാകാം നിഖില തന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിന് 'നീയും നിലാവും' എന്ന പേര് വിളിച്ചത്.
ജീവിത ദർശനങ്ങളെ ഒരു പ്രിസത്തിലൂടെ  എന്ന പോലെ വർണാഭമായി കാണാനും ഏത് ദിശയിലൂടെ നോക്കിയാലും അതിന്റെ മനോഹാരിത വ്യക്തമാക്കാനും നിഖിലയുടെ ചില കവിതകൾ ശ്രമിക്കുന്നുണ്ട്.
മനുഷ്യ വികാര വിചാരങ്ങൾ ആർദ്രമായും ആകർഷകമായും  പറഞ്ഞു തരുന്ന  ഏതാനും കവിതകൾ 'നീയുംനിലാവും' എന്ന  പുസ്തകത്തെ മനോഹരമാക്കുന്നു. വിഷയങ്ങളുടെ മൂല്യവും അകംപൊരുളും  ഒട്ടും ചോരാതെ ചുരുക്കം ചില വരികളിലൂടെ സ്പഷ്ടമായും കൃത്യമായും എഴുതി വെച്ച  കവിതകൾ വായനക്കാരുടെ ഹൃദയത്തെ ആനന്ദത്തിലെത്തിക്കും.
'ചിറക്'  എന്ന കവിതയിൽ  നിഖില പറഞ്ഞു വെക്കുന്നത്  ജീവിതത്തിലെ പൊള്ളുന്ന ചില തിരിച്ചറിവുകളെകുറിച്ചാണ്.
ഒരു സ്ത്രീക്ക് ആകാശത്തോളം പറന്നുയരാനുള്ള ചിറകുകൾ മുളയ്ക്കുന്നത് അവൾക്ക്   തന്നെ  തിരിച്ചറിയുന്നകാലമായ മധ്യ വയസ്സിലെത്തുമ്പോൾ ആണ് എന്നാണ്  കവയിത്രിയുടെ കണ്ടെത്തൽ. 
അടക്കി വെക്കപ്പെടുന്ന സ്വന്തം സ്വത്വത്തെ തനിക്ക് ചുറ്റുമുള്ളവർക്കായി അല്ലെങ്കിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കായി  രൂപപ്പെടുത്തി ജീവിച്ചു തീർക്കേണ്ടതിനെയൊക്കെ  അതിജീവിക്കുന്ന ഒരുകാലഘട്ടമായി മധ്യ പ്രായത്തെ ഓരോ സ്ത്രീയും കാണണം എന്ന ഒരു ധ്വനി ഈ കവിതയിൽ കാണാം.
'ചുംബനമിത് പോൽ, കാത്തിരിപ്പ്, ഹൃദയ പുണർച്ച, പ്രണയമരം, സമർപ്പണം, ശ്വാസം, തണൽ, പരസ്പര പ്രണയം' തുടങ്ങിയ പ്രണയത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ സുന്ദരമായി തന്നെ പ്രതിപാദിച്ച ഒരു പിടി കവിതകൾ ഈ പുസ്തകത്തിന്റെ മനോഹാരിത കൂട്ടുന്നു.
പ്രകൃതിയുടെ  പ്രണയം മനുഷ്യന്റെ പ്രണയം ഒടുവിലെത്തുന്നതോ  ദിവ്യ പ്രണയത്തിലും പ്രണയത്തിന്റെ വിശുദ്ധതലങ്ങളെ തരം തിരിച്ചു കാണേണ്ടതില്ല എങ്കിലും ആമുഖത്തിൽ നിഖില  പ്രതിപാദിച്ച പോലെ ഒന്നിനുമല്ലാതെ ഉടലെടുക്കുന്ന സ്‌നേഹം ഉപാധികളില്ലാത്തതായിരിക്കണം. പ്രപഞ്ചത്തോടായാലും ഇണയോടായാലും അതങ്ങനെയാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന വരികൾ ആ കവിതകളിൽ വായിക്കാനാകും. 
'പച്ച മനുഷ്യർ' എന്ന കവിത ശുഭാപ്തിയുടെ വെള്ളി രേഖകളാലാണ് എഴുതി വെച്ചിട്ടുള്ളത്. എല്ലാവേദനകളിലും ഒരു പ്രതീക്ഷയുടെ ആശ്വാസമുണർത്തുന്ന ചിന്ത. 'നീരൊഴുക്ക്' എന്ന കവിതയിൽ നിറഞ്ഞു കാണുന്നത്  കവിത പോലൊരു ജീവിതമാണ് . 
'കനിവിന്റെ രാജ്യം' മാതൃത്വത്തെ  അഥവാ മാതൃ വാൽസല്യത്തെ വിശുദ്ധിയുടെ മഞ്ഞു കണങ്ങളാക്കി എഴുതിതീർത്ത ആർദ്രതയുടെ അനുതാപത്തിന്റെ  തണുപ്പുള്ള വരികൾ ആയിട്ടാണ്. 
'ചൂണ്ട'  എന്ന കവിത മാത്രം മതി നിഖില സമീർ എന്ന എഴുത്തുകാരിയെ സാഹിത്യ ലോകം അംഗീകരിക്കാൻ  എന്ന്  സഹീറ തങ്ങൾ എന്ന 
പ്രസിദ്ധ എഴുത്തുകാരിയുടെ സാക്ഷ്യപ്പെടുത്തൽ  കേവലമൊരു വാക്കല്ല. മറിച്ച്  ജീവിത യാഥാർഥ്യങ്ങളെ  അതിന്റേതായ ഗൗരവത്തിൽ കണ്ടു മനസ്സിലാക്കി അവയോടു കലഹിച്ചും പരിതപിച്ചും സ്‌നേഹിച്ചും ആശ്വസിപ്പിച്ചും തനിക്ക് ലോകത്തോട്  ഉറക്കെ പറയാനുള്ളതിനെ സധൈര്യം പറയാനുള്ള തന്റേടം കാണിച്ച കവയിത്രിയുടെ  സാമൂഹ്യ ഇടപെടലുകളെ അഭിനന്ദിക്കുക കൂടിയാണ് ചെയ്യുന്നത്.
'ചൂണ്ട' എന്ന കവിതയിലൂടെ ഇരുത്തം വന്ന ഒരെഴുത്തുകാരിയെയാണ്  അനുവാചകർക്ക് പരിചിതമാകുന്നത്.  
നിഖിലയിൽ നിന്നും  മികച്ച കൃതികൾ ഇനിയുമുണ്ടാകട്ടെ എന്നാശംസിക്കുന്നു. മഞ്ജരി ബുക്‌സ് പ്രസാധനം നിർവഹിച്ച 'നീയും നിലാവും' എന്ന കവിതാസമാഹാരം ഏറെ വായിക്കപ്പെടട്ടെ എന്നാശിക്കുന്നു.

Latest News