പ്രണയത്തിലായിരുന്ന രണ്ടുപേരുടെ സ്വപ്നത്തിന്റെ വിലയാണ് ഗുൽബോണ്ട എന്ന സ്റ്റാർട്ടപ്പ് കമ്പനി. സ്കൂൾകാലം തൊട്ട് പ്രണയിക്കുകയും പിന്നീട് ജീവിതത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ കോർപ്പറേറ്റ് ജോലി നേടുകയും ഒടുവിൽ രണ്ടുപേരുടെയും താൽപര്യങ്ങൾക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തവരാണ് കോഴിക്കോട്ടുകാരായ ഋത്വിക് മെക്കയിലും പല്ലവി മുരളീധരനും. അവരുടെ കഥ...
ഋത്വിക് മെക്കയിലും പല്ലവി മുരളീധരനും ആദ്യം തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനി പരാജയപ്പെട്ടപ്പോൾ നിരാശരായി. വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കളിയാക്കിയപ്പോഴും അവർ തകർന്നില്ല. പലരും തങ്ങളുടെ പഴയ തൊഴിലിലേയ്ക്കു മടങ്ങാൻ ഉപദേശിച്ചുവെങ്കിലും ഋത്വിക്കും പല്ലവിയും ഉറച്ചുനിന്നു. പരാജയത്തിൽനിന്നും പാഠം ഉൾക്കൊണ്ട് അവർ പുതിയ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് സഞ്ചരിച്ചുതുടങ്ങി. പേഴ്്ണലൈസ്്ഡ് ടോയ് ഫിഗേഴ്സ് എന്ന ആശയത്തിൽ രൂപംകൊണ്ട ഗുൽബോണ്ട ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡായി മാറിയിരിക്കുന്നു. നഗരഹൃദയത്തിൽനിന്നും വഴിമാറി നാട്ടിൻപുറത്തെ ഒരു കുടുസ്സുമുറിയിലിരുന്ന് നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് ഇന്ന് ലക്ഷങ്ങളുടെ വിലയുണ്ട്. മാസത്തിൽ ലക്ഷങ്ങളുടെ ടേൺ ഓവറുള്ള കമ്പനിയായി വളർന്നിരിക്കുന്നു ഗുൽബോണ്ട. പുതിയ ആശയങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് ഈ പ്രണയജോഡികൾ. കാരണം എന്നും പുതുമ ആഗ്രഹിക്കുന്നവരാണിവർ.

സോഫ്റ്റ്വേർ എൻജിനീയറായ ഋത്വിക് ടെക് മഹീന്ദ്രയിലായിരുന്നു ജീവിതം തുടങ്ങിയത്. ബിസിനസ് രംഗത്ത് നിലയുറപ്പിക്കുക എന്നതായിരുന്നു ഋത്വിക്കിന്റെ എക്കാലത്തെയും സ്വപ്നം. പല്ലവിയാകട്ടെ ആർക്കിടെക്ചർ ബിരുദം നേടിയ ശേഷം ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിയും സ്വന്തമാക്കി. അപ്പോഴും ആനിമേഷൻ സ്റ്റുഡിയോകളിലെ ജോലിയായിരുന്നു ലക്ഷ്യം. രണ്ടുപേരുടെയും ആഗ്രഹത്തിനനുസരിച്ചാണ് ബിസിനസ് രംഗത്തേയ്ക്ക് കടന്നത്. ഡിസൈനർമാർക്ക് അവരുടെ രചനകൾ പ്രദർശിപ്പിക്കാനും വില്പന നടത്താനുമുള്ള ഒരു സങ്കേതത്തിനായിരുന്നു അവർ രൂപം നൽകിയത്. പ്രതീക്ഷിച്ചതുപോലെ വിജയം നേടാൻ ഈ ബിസിനസിലൂടെ അവർക്ക് കഴിഞ്ഞില്ല. മാത്രമല്ല, സാമ്പത്തിക ബാധ്യതയുമുണ്ടായി. അതോടെ ഒരു കാര്യം ഞങ്ങൾ ഉറപ്പിച്ചു. ഇനിയും ബിസിനസ് തുടങ്ങുകയാണെങ്കിൽ സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ഉല്പന്നങ്ങളായിരിക്കണം വില്പനയ്ക്ക് ഒരുക്കേണ്ടത്. കാരണം മറ്റുള്ളവരുടെ ഉല്പന്നത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ ബിസിനസ് പരാജയത്തിലെത്തുമെന്ന് മനസ്സിലാക്കി.

പുതിയ സംരംഭം വളരെ ശ്രദ്ധയോടെ മാത്രമേ തുടങ്ങാവൂ എന്ന് ആദ്യപരാജയം ഞങ്ങളെ പഠിപ്പിച്ചിരുന്നു. കഴിവുകൾ തിരിച്ചറിഞ്ഞുള്ള ബിസിനസാകും അനുയോജ്യമെന്ന് ഞങ്ങൾ തീരുമാനിച്ചു. പല്ലവി ആർട്ടിസ്റ്റും ഡിസൈനറുമായതിനാൽ ആ മേഖലയിൽ ഒരു പരീക്ഷണം നടത്താമെന്നു കരുതി. സാങ്കേതിക സഹായവുമായി ഋത്വിക്കും കൂട്ടിനുണ്ടായിരുന്നു. കുട്ടിക്കാലംതൊട്ടേ കാർട്ടൂണും സിനിമയും രണ്ടുപേരുടെവും ഇഷ്ടവിഷയങ്ങളായിരുന്നതിനാൽ അതുമായി ബന്ധപ്പെടുന്ന ഏതെങ്കിലും ബിസിനസായാലോ എന്നായി ചിന്ത. കാർട്ടൂൺ കഥാപാത്രങ്ങൾക്ക് നിറം നൽകി ടോയ് രൂപത്തിലാക്കിയാലോ എന്ന ആശയം പല്ലവിയിൽനിന്നാണ് രൂപംകൊണ്ടത്. ചായക്കപ്പുകളിൽ ഫോട്ടോ പതിച്ച രീതിയുള്ള ഉല്പന്നങ്ങൾ ഏറെ കണ്ടതാണ്. അവയിൽ നിന്നും വ്യത്യസ്തമായി ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ഇരുവരുടെയും മനസ്സിലുണ്ടായിരുന്നത്. പല്ലവിയുടെ ഇത്തരത്തിലുള്ള ആശയങ്ങളോട് ഋത്വിക്കും യോജിക്കുകയായിരുന്നു. സുഹൃത്തായ കണ്ണേട്ടനാണ് മരത്തിൽ പലരീതിയിലുള്ള കഥാപാത്രങ്ങൾ രൂപപ്പെടുത്തിക്കൊടുത്തത്. ഇത്തരത്തിലുള്ള രൂപങ്ങളെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ ബാംഗ്ലൂരിലെ ഫഌ മാർക്കറ്റിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചു. ടെന്റ് വാടകയ്ക്കെടുത്ത് പ്രദർശിപ്പിക്കാനുള്ള സാമ്പത്തികമില്ലാത്തതിനാൽ ഗിഫ്റ്റായി നൽകാൻ സമ്മതമറിയിച്ചപ്പോൾ അതിനുള്ള അവസരം ലഭിച്ചു. നല്ല പ്രതികരണമായിരുന്നു അവിടെ ലഭിച്ചത്.

ഗുൽബോണ്ട എന്ന പേരിന്റെ ഉപജ്ഞാതാവ് ഋത്വിക്കാണ്. നിക്ക് നെയിമുകൾ നൽകാൻ മിടുക്കനാണ് ഋത്വിക്. ഗുൽബോണ്ട എന്ന പേരും ഋത്വിക് നൽകിയതാണ്. അതിന്റെ അർഥമെന്താണെേന്നാ ആ വാക്ക് എവിടെനിന്ന് ലഭിച്ചെന്നോ അന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീടാണ് ഗുൽബോണ്ട എന്നത് ശൂന്യാകാശത്തെ ഒരു ഗ്രഹമാണെന്നും അവിടെ ജീവിക്കുന്ന നമ്മെപ്പോലുള്ള ആളുകളാണ് ഗുൽബോണ്ടിയൻസ് എന്ന പേരിൽ അറിയപ്പെടുന്നതെന്നും മനസ്സിലായത്. കമ്പനിക്ക് ഗുൽബോണ്ട എന്ന പേരു നൽകിയപ്പോൾ പലരും കളിയാക്കി. കുട്ടിക്കളിപോലുള്ള പേരാണിതെന്നും വിജയിക്കില്ലെന്നും പലരും പറഞ്ഞെങ്കിലും ഞങ്ങൾ ഈ പേരിൽതന്നെ ഞങ്ങളുടെ ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചുതുടങ്ങി.
ഏതൊരു ബിസിനസിനെയുംപോലെ തുടക്കക്കാലത്ത് ഏറെ വെല്ലുവിളികളാണ് ഞങ്ങൾ നേരിടേണ്ടിവന്നത്. പറമ്പിൽ ബസാറിലുള്ള ഒരു ചെറിയ കുടുസ്സുമുറിയിൽ രണ്ടു കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് പാതിരാവരെ ഉറക്കമിളച്ച് നടത്തിയ പരീക്ഷണങ്ങൾ. പല്ലവിയുടെ പരിചയത്തിലുള്ള ഒരു അധ്യാപകന്റെ സംഗീതക്ലാസ് നടത്തിയിരുന്ന മുറിയുടെ ഒരു മൂലയിലാണ് ഞങ്ങൾ കമ്പ്യൂട്ടറുകൾക്ക് സ്ഥാനം നൽകിയത്. ഓൺലൈനിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ഓർഡറുകൾ സ്വീകരിക്കുന്നതും അയച്ചുകൊടുക്കുന്നതുമെല്ലാം അവിടെവച്ചായിരുന്നു. പലപ്പോഴും ജോലി അവസാനിക്കുമ്പോൾ വൈകും. മടങ്ങുമ്പോൾ പലരും അദ്ഭുതത്തോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്.

ആദ്യവർഷത്തിൽ വരുമാനമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മാർക്കറ്റ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തു. കർണ്ണാടകയിലെ രാംനഗറിലുള്ള
കളിപ്പാട്ട ഗ്രാമമായ ചന്നപ്പട്ടണയിലുമെത്തി. പരമ്പരാഗതമായി കളിപ്പാട്ടങ്ങളുടെയും പാവകളുടെയും നിർമ്മാണമാണ് അവിടത്തുകാരുടെ തൊഴിൽ. അവിടെയെത്തി പാവനിർമ്മാണം കണ്ടുപഠിച്ചു. തിരിച്ചെത്തിയശേഷം കൈകൊണ്ട് ചായംപൂശി നൽകുന്ന മരംകൊണ്ടുള്ള പാവകളായിരുന്നു നിർമ്മിച്ചത്. ചെറിയ രീതിയിലുള്ള ഓർഡറുകൾ മാത്രമാണ് അക്കാലത്ത് ലഭിച്ചിരുന്നത്.
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 എന്ന തമിഴ് ചിത്രം പ്രദർശനത്തിനെത്തിയ കാലം. ഞങ്ങളൊന്നിച്ച് തിയേറ്ററിൽ പോയി സിനിമ കണ്ടു. ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ആ ചിത്രത്തിൽ പല സീനുകളിലും വിജയ് സേതുപതിയും തൃഷയും ഒരേ വസ്ത്രമാണ് ധരിച്ചിരുന്നത്. പഠനകാലത്തെ പ്രണയജോഡികളായിരുന്ന റാമിന്റെയും ജാനുവിന്റെയും ജീവിതം ഇതിവൃത്തമാക്കിയൊരുക്കിയ ചിത്രത്തിൽ വർഷങ്ങൾക്കുശേഷം അവർ വീണ്ടും കണ്ടുമുട്ടുകയാണ്. റാമിന്റെയും ജാനുവിന്റെയും പ്രോട്ടോടൈപ്പിന് രൂപം നൽകിയ പല്ലവി അത് ഫോട്ടോയാക്കി ഇൻസ്റ്റഗ്രാമിലൂടെ സിനിമയിലെ അണിയറ പ്രവർത്തകർക്ക് അയച്ചുകൊടുത്തു. ചിത്രത്തിലെ അഭിനേത്രിയായ വർഷ ഈ പോസ്റ്റ് തൃഷയ്ക്ക് ഷെയർ ചെയ്തു. അതോടെ സംഭവം കളറായി. രാത്രിയായതോടെ ഫോളോവേഴ്സിന്റെ എണ്ണം ലക്ഷങ്ങളിലേയ്ക്കാണ് കുതിച്ചത്. ഐ ലൗവ്ഡ് ഇറ്റ് എന്ന കമന്റോടെ തൃഷയും ഷെയർ ചെയ്തു. മൂന്നു ഡോളുകൾ തനിക്കും ലഭിക്കുമോ എന്നായിരുന്നു തൃഷയുടെ ചോദ്യം. ഒറ്റ രാത്രികൊണ്ട് സംഭവം മാറിമറിയുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അതെന്ന് ഇരുവരും സമ്മതിക്കുന്നു. ഞങ്ങളുടെ സന്തോഷം കണ്ട് വീട്ടുകാർ പോലും അന്തംവിട്ടുനിന്നു.

അടുത്ത ദിവസം സിനിമയുടെ സംവിധായകരടക്കമുള്ളവർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ചിത്രത്തിന്റെ നൂറാം ദിനത്തിലെ വിജയാഘോഷത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ ഞങ്ങളുമുണ്ടായിരുന്നു. അതോടെ ഗുൽബോണ്ടയെ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി. ഞങ്ങളുടെ ഉല്പന്നങ്ങൾ ആമസോണിൽ ലിസ്റ്റ് ചെയ്തു. ദിവസത്തിൽ 250 ലേറെ ഓർഡറുകൾ ലഭിച്ചുതുടങ്ങി. റാമിന്റെയും ജാനുവിന്റെയും ഡോളുകൾക്കായിരുന്നു ആവശ്യക്കാരേറെ ഉണ്ടായിരുന്നത്. കിട്ടിയ ഓർഡറുകളെല്ലാം സ്വീകരിച്ചു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്തു. കമ്പനി നല്ല നിലയിലെത്തി എന്ന ബോധ്യം വീട്ടുകാർക്കുമുണ്ടായി. സ്റ്റാർട്ടപ്പുകൾ എന്നു പറഞ്ഞാൽ അതെന്താണെന്ന് മനസ്സിലാകാതിരുന്ന കാലം. ജീവിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നായിരുന്നു പലരുടെയും ചോദ്യം.
ആളുകളുടെ ചിത്രങ്ങൾ നോക്കി അതിന്റെ മിനിയേച്ചർ രൂപമുണ്ടാക്കുക എന്നത് എളുപ്പമുള്ള ജോലിയായിരുന്നില്ല. മുൻപരിചയമുള്ള ആരുമില്ലാതിരുന്നതിനാൽ പല കാര്യങ്ങളും പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണ്. ടെക്്നോളജി ബ്രാൻഡായ ആപ്പിൾ ആണ് ഞങ്ങൾക്ക് പ്രോത്സാഹനമായത്. ആദ്യസംരംഭം തികഞ്ഞ പരാജയമായിരുന്നതിനാൽ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. അപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യമുണ്ടാകും. ആ ധൈര്യമാണ് ഞങ്ങൾക്ക് മുതൽകൂട്ടായത്... പല്ലവി പറയുന്നു.
വ്യക്തികളുടെ ഡോളുകൾ ചെയ്തുതുടങ്ങിയതോടെ ആവശ്യക്കാരേറി. ഓർഡറുകൾ കൂടിയപ്പോൾ മരംകൊണ്ടു നിർമ്മാണരീതി ഒഴിവാക്കി. പകരം ഫൈബർ ഉല്പന്നങ്ങൾ ഉപയോഗിച്ചുതുടങ്ങി. കൂടുതൽ മിഴിവോടെ ആളുകളുടെ രൂപമൊരുക്കാൻ ഇത് വഴിയൊരുക്കി. ആവശ്യക്കാർ അയച്ചുതരുന്ന ഫോട്ടോകളിൽനിന്നും മികച്ചവ തിരഞ്ഞെടുത്ത് ഗുൽബോണ്ടയുടെ ചിത്രകാരന്മാർ മികച്ച രീതിയിൽ നിറങ്ങൾ നൽകിയാണ് മിനിയേച്ചറുകൾ തയ്യാറാക്കുന്നത്. മൂക്കിന്റെ വൈവിധ്യമാണ് ഗുൽബോണ്ടയെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചുനിർത്തുന്നത്. തുടക്കം മുതൽതന്നെ ഇക്കാരത്തിൽ ഞങ്ങൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. മൂക്കു കണ്ടാണ് പലരും ഗുൽബോണ്ടയുടെ ഉല്പന്നങ്ങൾ തിരിച്ചറിയുന്നത്. ടീം വർക്കാണ് ഞങ്ങളുടെ വിജയം. ഇതിനേറെ ആവശ്യം ക്ഷമയാണ്. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്.
നിലവിൽ പന്ത്രണ്ടോളം പേരാണ് ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നത്. രണ്ടു മൂന്നു പേർ ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നു. കേരളത്തിനു പുറത്ത് ഓർഡർ ശേഖരിക്കാനും രണ്ടു പേരുണ്ട്. ഗുജറാത്തിലും ബാംഗ്ലൂരിലുമെല്ലാമാണ് അവർ ജോലി ചെയ്യുന്നത്. കർണ്ണാടകയിലും തമിഴ്നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം ഞങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഓർഡർ ലഭിക്കുന്നതിനനുസരിച്ചാണ് നിർമ്മാണം. കൂടുതൽ ഓർഡറുകൾ ലഭിക്കുമ്പോൾ മൂന്ന് ആർട്ടിസ്റ്റുകൾക്കായി വീതിച്ചുനൽകുകയാണ് ചെയ്യുന്നത്. കേരളത്തിലാണെങ്കിൽ രണ്ടു ദിവസംകൊണ്ട് ആവശ്യക്കാരന് സാധനമെത്തിക്കാൻ കഴിയുന്നുണ്ട്. മുംബൈ, ഡൽഹി തുടങ്ങി ദക്ഷിണേന്ത്യയിലെല്ലാം ആവശ്യക്കാരുണ്ട്. ഇന്റർനാഷണൽ ഷിപ്പിംഗ് വഴി യു.കെയിലും അമേരിക്കയിലുമെല്ലാം കയറ്റി അയയ്ക്കാനുള്ള ശ്രമങ്ങളും ലക്ഷ്യമിടുന്നുണ്ട്.
2018 ജൂണിലായിരുന്നു ഗുൽബോണ്ടയുടെ ആരംഭം. അഞ്ചുവർഷം പൂർത്തിയായ ഗുൽബോണ്ടക്ക് മാസത്തിൽ മൂവായിരത്തോളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. അത് പതിനായിരത്തിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഹൈലൈറ്റ് മാളിലെ ബിസിനസ് പാർക്കിലും മലാപ്പറമ്പിലും ഓഫീസ് ഒരുക്കിയിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളിലൂടെ ഏറെ ഇന്നൊവേറ്റീവായാണ് ഓരോ ഉല്പന്നവും ആളുകളിലെത്തിക്കുന്നത്. വെബ് സൈറ്റിലൂടെയും ഇൻസ്റ്റയിലൂടെയുമാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. സമീപഭാവിയിൽ റീട്ടെയിൽ ഷോറൂമുകൾ ആരംഭിക്കാനുള്ള പദ്ധതിയും രൂപപ്പെടുത്തുന്നുണ്ട്. അടുത്ത വർഷത്തോടെ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
ലക്ഷ്യത്തിലേയ്ക്ക് കുതിക്കാൻ വലിയ സ്വപ്നങ്ങൾ കാണൂ എന്നാണ് ഇരുവർക്കും പറയാനുള്ളത്. സ്വപ്നങ്ങളാണ് നമ്മെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുന്നത്. തികഞ്ഞ ലക്ഷ്യബോധമില്ലാതെ ഒരു സ്റ്റാർട്ടപ്പും വിജയിക്കുകയില്ല. എന്തായാലും ഗുൽബോണ്ട എന്ന ബ്രാൻഡിലൂടെ ഭാവിയിൽ അറിയപ്പെടണം എന്നാണ് ഇരുവരുടേയും ആഗ്രഹം.






