രണ്ട് ബെര്‍ത്ത്, 10 ടീമുകള്‍; ആശങ്കയില്‍ ലങ്കയും വിന്‍ഡീസും

ഹരാരെ - ഇന്ത്യയില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന രണ്ട് ടീമുകളെ നിശ്ചയിക്കാനുള്ള യോഗ്യതാ ടൂര്‍ണമെന്റ് സിംബാബ്‌വെയിലെ ഹരാരെയില്‍ ഇന്നാരംഭിക്കും. മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനും ശ്രീലങ്കക്കും നേരിട്ട് ടൂര്‍ണമെന്റിന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. സിംബാബ്‌വെയും ലോകകപ്പ് കളിക്കാനായി പൊരുതുന്നുണ്ട്. ഈ മൂന്നു ടീമുകളിലൊന്നിനെങ്കിലും മോഹഭംഗം ഉറപ്പാണ്. മൊത്തം 10 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്. ഫൈനലിലെത്തുന്ന രണ്ടു ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക. 
ഗ്രൂപ്പ് എ-യില്‍ വെസ്റ്റിന്‍ഡീസിനൊപ്പം നേപ്പാള്‍, നെതര്‍ലാന്റ്‌സ്, യു.എസ്.എ, സിംബാബ്‌വെ ടീമുകളാണ്. ഗ്രൂപ്പ് ബി-യില്‍ ശ്രീലങ്കയുടെ കൂടെ അയര്‍ലന്റ്, ഒമാന്‍, സ്‌കോട്‌ലന്റ്, യു.എ.ഇ ടീമുകളും. രണ്ട് ഗ്രൂപ്പിലെയും ആദ്യ മൂന്നു ടീമുകള്‍ സൂപ്പര്‍ സിക്‌സിലേക്ക് മുന്നേറും. സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് കാരിഓവര്‍ ചെയ്യും. ഓരോ ടീമും രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന് വന്ന മൂന്നു ടീമുകളുമായി സൂപ്പര്‍ സിക്‌സില്‍ പോരടിക്കും. അതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് യോഗ്യത നേടുക. ആകെ 34 മത്സരങ്ങളുണ്ടാവും. 
ആദ്യ ദിനം സിംബാബ്‌വെ നേപ്പാളിനെയും വെസ്റ്റിന്‍ഡീസ് യു.എ.ഇയെയും നേരിടും. 

Latest News