കപ്പ് വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീം കലിംഗകലിംഗയില്‍

ഫൈനല്‍
ഇന്ത്യ x ലെബനോന്‍
ഞായറാഴ്ച  വൈകു: 5.00

ഭുവനേശ്വര്‍ - ഇന്റര്‍കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കപ്പ് വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീം ഞായറാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ ലെബനോനെതിരെ ബൂട്ട് കെട്ടും. ഈ ടീമുകള്‍ തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരം സമനിലയായിരുന്നു. 2018 ലെ പ്രഥമ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. മുംബൈയില്‍ നടന്ന ഫൈനലില്‍ കെനിയയെ 2-0 ന് തോല്‍പിച്ചു. എന്നാല്‍ 2019 ല്‍ അഹമ്മദാബാദില്‍ വടക്കന്‍ കൊറിയയോട് ഇന്ത്യ ഫൈനലില്‍ തോറ്റു. നാലു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ടൂര്‍ണമെന്റ് അരങ്ങേറിയത്. 
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. മംഗോളിയയെ 2-0 നും വനുവാതുവിനെ 1-0 നും തോല്‍പിച്ചു. ലെബനോനുമായി ഗോള്‍രഹിത സമനില നേടി. ലെബനോനെ മംഗോളിയയും ഗോള്‍രഹിത സമനിലയില്‍ തളച്ചു. വനുവാതുവിനെ 3-1 ന് തോല്‍പിച്ചു. 
ഫിഫ റാങ്കിംഗില്‍ തൊട്ടുതൊട്ടാണ് ഇന്ത്യയും (101) ലെബനോനും (99). ആതിഥേയ സംസ്ഥാനത്തു നിന്നുള്ള ഐ.എസ്.എല്‍ ടീം ഒഡിഷ എഫ്.സിയുടെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗാണ് ഇന്ത്യയുടെ ഗോള്‍വല കാക്കുന്നത്. 
ഈ ടൂര്‍ണമെന്റിനു പിന്നാലെ ബംഗളൂരുവില്‍ നടക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലും ലെബനോന്‍ കളിക്കും. 

Latest News