പാരിസ് - സ്ട്രൈക്കര്‍മാരായ ഒലിവിയര്‍ ജിരൂവും ഹാരി കെയ്നും സ്കോറിംഗ് റെക്കോര്‍ഡ് മെച്ചപ്പെടുത്തിയതോടെ യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും തുടര്‍ച്ചയായ മൂന്നാം ജയം. 2-1 ന് ആന്‍ഡോറയെ തോല്പിച്ച സ്വിറ്റ്സര്‍ലന്റും ആദ്യ മൂന്നു കളികള്‍ ജയിച്ചു.
ഗ്രൂപ്പ് ബി-യില്‍ ജിബ്രാള്ടറിനെ 3-0 ന് ഫ്രാന്‍സ് തോല്പിച്ചു. മൂന്നാം മിനിറ്റില്‍ തന്നെ കിംഗ്സ്ലി കൂമന്റെ വലതു വിംഗില്‍ നിന്നുള്ള ക്രോസ് ഹെഡറിലൂടെ ജിരൂ വലയിലെത്തിച്ചു. ജിരൂവിന്റെ അമ്പത്തിനാലാം ഗോളായിരുന്നു. നേരത്തെ അയര്‍ലന്റിനെയും നെതര്‍ലാന്റ്സിനെയും തോല്പിച്ച ഫ്രാന്‍സ് ഇതുവരെ ഗോള്‍ വഴങ്ങിയിട്ടില്ല. പി.എസ്.ജിയിലെ ഭാവി സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിലും കീലിയന്‍ എംബാപ്പെ ടീമിന് ഉറച്ച നേതൃത്വം നല്കി. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ തന്റെ മുപ്പത്തൊമ്പതാമത്തെ ഗോളും സ്കോര്‍ ചെയ്തു. മിഷേല്‍ പ്ലാറ്റീനിക്കൊപ്പമെത്താന് രണ്ടു ഗോള്‍ കൂടി മതി. അയര്‍ലന്റിനെ 2-1 ന് തോല്പിച്ച ഗ്രീസാണ് ഗ്രൂപ്പില്‍ രണ്ടാമത്. തിങ്കളാഴ്ച അവര്‍ ഫ്രാന്‍സുമായി പാരിസില്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് സി-യില്‍ ഇംഗ്ലണ്ട് 4-0 ന് മാള്ടയെയാണ് തകര്‍ത്തത്. കെയ്നിന്റെ ഗോള്‍ നേട്ടം അമ്പത്താറായി. ഉക്രൈന് 2-0 ന് പിന്നിലായ ശേഷം 3-2 ന് നോര്‍ത്ത് മസിഡോണിയയെ തോല്പിച്ചു.
ഗ്രൂപ്പ് ഡി-യില്‍ ലാത്വിയയെ നാടകീയമായി 3-2 ന് തോല്പിച്ച് തുര്‍ക്കി ഒന്നാം സ്ഥാനത്തെത്തി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലാത്വിയ 2-2 സമനിലയിലെത്തിയതായിരുന്നു. എന്നാല്‍ അടുത്ത മിനിറ്റില്‍ ഇര്ഫാന് കവേചി തുര്‍ക്കിയുടെ വിജയമുറപ്പാക്കി.
നാല് ടീമുകള്‍ക്ക് ആറ് പോയന്റുള്ള ഗ്രൂപ്പ് എച്ചില് വടക്കന്‍ അയര്‍ലന്റിനെ 1-0 ന് തോല്പിച്ച ഡെന്മാര്ക്കിനാണ് മികച്ച ഗോള്‍വ്യത്യാസം. ഗ്രൂപ്പ് ഐ-യില്‍ റുമാനിയക്കു മേല്‍ സ്വിറ്റ്സര്‍ലന്റിന് രണ്ട് പോയന്റ് ലീഡുണ്ട്.






