200 ജഴ്‌സികളുമായി കാത്തിരിപ്പ്, ആരാധകരെ നിരാശരാക്കി മെസ്സി

ജക്കാര്‍ത്ത - ഇന്തോനേഷ്യയുമായുള്ള അര്‍ജന്റീനയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് ലിയണല്‍ മെസ്സി പിന്മാറിയത് ആരാധകരെ കടുത്ത നിരാശയിലാക്കി. മെസ്സി കളിക്കുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങള്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്നു. വ്യാജ പരസ്യം നല്‍കി സംഘാടകര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് ബോട്ടിലും വിമാനത്തിലുമായി 12 മണിക്കൂര്‍ യാത്ര ചെയ്ത് കളി കാണാനെത്തിയ മുപ്പത്തൊന്നുകാരന്‍ സൂര്യ വിജയ ആംഗ് ആരോപിച്ചു. തിങ്കളാഴ്ച നടക്കുന്ന ഇന്തോനേഷ്യ-അര്‍ജന്റീന മത്സരത്തിന്റെ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റഴിച്ചത് മെസ്സിയുടെ പടം വ്യാപകമായി ഉപയോഗിച്ചാണ്. ബെയ്ജിംഗില്‍ ഓസ്‌ട്രേലിയ-അര്‍ജന്റീന മത്സരത്തില്‍ മെസ്സി കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. 
മെസ്സിയെ കാണാനുള്ള ഏക അവസരമാണ് ഇല്ലാതായതെന്ന് വിദൂര ദ്വീപായ ബാന്‍ഡ നീരയില്‍ നിന്നുള്ള ആംഗ് പറഞ്ഞു. മെസ്സിയുടെ ഇരുനൂറോളം ജഴ്‌സികല്‍ ആംഗിന്റെ ശേഖരത്തിലുണ്ട്. ഏഴ് ജഴ്‌സി വിറ്റാണ് മത്സര ടിക്കറ്റിനുള്ള 12 ലക്ഷം റുപിയ ആംഗ് സംഘടിപ്പിച്ചത്. ബോട്ടില്‍ ആംബണിലെത്തി അവിടെ നിന്ന് നാലു മണിക്കൂര്‍ വിമാനത്തില്‍ സഞ്ചരിച്ചാലേ ആംഗിന് ജക്കാര്‍ത്തയില്‍ എത്താനാവൂ. 
അണ്ടര്‍-20 ലോകകപ്പ് അവസാന നിമിഷം എടുത്തുമാറ്റുകയും ടൂര്‍ണമെന്റില്‍ കളിക്കാനുള്ള അവസരം പതിനൊന്നാം മണിക്കൂറില്‍ റദ്ദാക്കപ്പെടുകയും ചെയ്തതിന്റെ ക്ഷീണത്തിലാണ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍. അതിന് മുമ്പ് സ്റ്റേഡിയം ദുരന്തവും രാജ്യത്തെ പിടിച്ചുലച്ചിരുന്നു. 

Latest News