എന്‍ഷെഡെ - കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഹോസേലു നേടിയ ഗോള്‍ സ്പെയിനിന്് രണ്ടാം തവണ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചു. ഇറ്റലിയെ 2-1 നാണ് സ്പെയിന് തോല്പിച്ചത്. ക്രൊയേഷ്യയുമായി അവര്‍ ഞായറാഴ്ച ഫൈനലില്‍ ഏറ്റുമുട്ടും. 2021 ലും ഇറ്റലിയെ തോല്പിച്ച് സ്പെയിന് ഫൈനലിലെത്തിയിരുന്നുവെങ്കിലും ഫൈനലില്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയായിരുന്നു.
ഇറ്റലിക്കെതിരായ പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ ഹോസേലു സ്പെയിനിന്റെ രക്ഷകനായത്. മൂന്നാം മിനിറ്റില്‍ യെറമി പിനോയിലൂടെ സ്പെയിന് മുന്നിലെത്തിയിരുന്നു. ഇറ്റലിയുടെ വെറ്ററന്‍ ക്യാപ്റ്റന്‍ ലിയനാഡൊ ബോനൂചിക്ക് പറ്റിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഗോളിയില്‍ നിന്നുള്ള പാസ് സ്വീകരിക്കവെ ബോനൂചിയെ ഗാവി നേരിട്ടു. ഗാവിയെ വെട്ടിച്ചെങ്കിലും ചാടിവീണ പിനൊ പന്ത് റാഞ്ചി. ശാന്തമായി ബോക്സിലേക്ക് കടന്ന ശേഷം ഗോളി ജിയാന്‍ലൂജി ഡോണരൂമയെ കടത്തി ബുള്ളറ്റ് ഷോട്ട് പായിച്ചു.
ലീഡ് അധികം നീണ്ടില്ല. പതിനൊന്നാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ സീറൊ ഇമ്മോബിലെ ഗോള്‍ മടക്കി. നിക്കോളൊ സനിയോളോയുടെ ഷോട്ട് ഫ്രഞ്ച് വംശനായ സ്പാനിഷ് ഡിഫന്റര്‍ റോബിന് ലെ നോര്മന്ഡിന്റെ കൈയില്‍ കൊണ്ടതിനായിരുന്നു പെനാല്‍ട്ടി. നോര്മന്ഡിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ ഡാവിഡ് ഫ്രാറ്റെസി വീണ്ടും സ്പാനിഷ് വല കുലുക്കിയതായിരുന്നു. എന്നാല്‍ വീഡിയൊ റിവ്യൂവില്‍ തലനാരിഴ ഓഫ്സൈഡായതായി കണ്ടെത്തി. മുപ്പത്താറുകാരനായ ബോനൂചിയെ ഇടവേളയില്‍ ഇറ്റലി തിരിച്ചുവിളിച്ചു. അതോടെ സ്പെയിന് കൂടുതല്‍ ആധിപത്യം പുലര്‍ത്തി. 49ാം മിനിറ്രില്‍ മികേല്‍ മെറീനോയുടെ ഷോട്ട് ഗോളി തടുത്തിട്ടു. റോഡ്രിയുടെ സാഹസിക ഷോട്ട് അല്പമുയര്ന്നു. മറുവശത്ത് ഫ്രാറ്റെസിയുടെ ശ്രമം ഡോണരൂമയുടെ മികവിനു മുന്നില്‍ പാഴായി.
നാലു മിനിറ്റ് മുമ്പ് മാത്രം കളത്തിലിറങ്ങിയ ഹോസേലുവാണ് ഒടുവില്‍ വിജയം നിശ്ചയിച്ചത്. റോഡ്രിയുടെ ഷോട്ട് തട്ടിത്തിരിഞ്ഞ് തന്റെ കാലിലെത്തുമ്പോള്‍ ഹോസേലു ഭാഗ്യത്തിന് ഓണ്‍സൈഡായിരുന്നു.






