പ്രണോയ് സെമിയില്‍,  മുന്നില്‍ ഒന്നാം നമ്പര്‍

ജക്കാര്‍ത്ത - മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണിന്റെ സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. ലോക ഒന്നാം നമ്പര്‍ ജോഡിയെ തോല്‍പിച്ച് പുരുഷ ഡബ്ള്‍സ് കൂട്ടുകെട്ട് സത്വിക് സായരാജ്-ചിരാഗ് ഷെട്ടി സഖ്യവും സെമി ഫൈനലിലേക്ക് മുന്നേറി. കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്നില്ല. 
സത്വികും ചിരാഗും ലോക ഒന്നാം നമ്പറും ആതിഥേയ താരങ്ങളുമായ ഫജര്‍ അല്‍ഫിയാനെയും മുഹമ്മദ് റിയാന്‍ അര്‍ദിയാന്തോയെയുമാണ് തോല്‍പിച്ചത്. ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ സഖ്യം 21-13, 21-13 നാണ് ജയിച്ചത്. 
ജപ്പാന്റെ കോദായ് നരോക്കയെ പ്രണോയ് 21-18, 21-16 ന് തോല്‍പിച്ചു. പ്രണോയ് കഴിഞ്ഞ നാലു തവണയും നരോക്കയോട് തോറ്റിരുന്നു. രണ്ടാം ഗെയിം നേടിയെങ്കിലും ശ്രീകാന്ത് 14-21, 2014, 12-21 ന് ചൈനയുടെ ലി ഷി ഫെംഗിനു മുന്നില്‍ മുട്ടുമടക്കി. ലോക പത്താം നമ്പറാണ് ഫെംഗ്. ഇരുവരും ഇവിടെ സീഡില്ലാ താരങ്ങളായിരുന്നു. ലോക 22ാം റാങ്കാണ് ശ്രീകാന്ത്. 
ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ വിക്ടര്‍ ആക്‌സല്‍സനുമായാണ് പ്രണോയ് സെമി കളിക്കുക. ലോക എട്ടാം റാങ്കുകാരനായ ചൂ ടിയേന്‍ ചെന്നിനെ ഡെന്മാര്‍ക്കുകാരന്‍ 21-5, 21-19 ന് തകര്‍ത്തു. ലോക രണ്ടാം നമ്പര്‍ ആന്റണി സിനിസുക ഗിന്‍ഡിംഗും ലി ഷി ഫെംഗും തമ്മിലാണ് രണ്ടാം സെമി. വനിതാ വിഭാഗത്തില്‍ ആന്‍ സെ യംഗ്, ചെന്‍ യു ഫെയ്, കരൊലൈന മാരിന്‍, രചനോക് ഇന്തനോണ്‍ എന്നിവര്‍ സെമിയിലെത്തി. ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചിയെയാണ് രചനോക് തോല്‍പിച്ചത്. ചിരാഗും സത്വികും സെമിയില്‍ മിന്‍ ഹു കാംഗ്-സ്യൂംഗ് ജെ സ്യോ ജോഡിയുമായി ഏറ്റുമുട്ടും. 
 

Latest News