ബെലിംഗാമിന് സിദാന്റെ ജഴ്‌സി

മഡ്രീഡ് - റയല്‍ മഡ്രീഡില്‍ ചേര്‍ന്ന ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാം അണിയുക സിനദിന്‍ സിദാന്‍ അനശ്വരമാക്കിയ അഞ്ചാം നമ്പര്‍ ജഴ്‌സി. സിദാനോടുള്ള ആദരവായാണ് താന്‍ ഈ നമ്പര്‍ തെരഞ്ഞെടുത്തതെന്ന് പത്തൊമ്പതുകാരന്‍ പറഞ്ഞു. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 10.3 കോടി യൂറോയുടെ കരാറിലാണ് ബെലിംഗാം റയലിലേക്ക് ചേക്കേറിയത്. 
ഇംഗ്ലണ്ടിലും ബൊറൂസിയയിലും ബെലിംഗാം അണിയുന്നത് ഇരുപത്തിരണ്ടാം നമ്പര്‍ ജഴ്‌സിയാണ്. റയലില്‍ ഈ നമ്പര്‍ ഡിഫന്റര്‍ ആന്റോണിയൊ റൂഡിഗറുടേതാണ്. 
കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ മിന്നും താരമായിരുന്നു ബെലിംഗാം. പി.എസ്.ജിയില്‍ നിന്ന്  ഫ്രഞ്ച് സൂപ്പര്‍സ്റ്റാര്‍ കീലിയന്‍ എംബാപ്പെയാണോ ടോട്ടനത്തില്‍ ഹാരി കെയ്‌നാണോ അടുത്തത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
ഈ വര്‍ഷം സ്പാനിഷ് ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ അടിയറ വെച്ച ക്ലബ്ബ് അടിമുടി ടീമിനെ ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ്. ലൂക്ക മോദ്‌റിച്ചും ടോണി ക്രൂസുമടങ്ങുന്ന മധ്യനിര മികച്ചതാണെങ്കിലും വയസ്സേറുകയാണ്. കഴിഞ്ഞ വര്‍ഷം കസിമീരോയെ കൈവിട്ട് യുവ താരങ്ങളായ ഒറേലിയന്‍ ചൂമേനി, എഡ്വേഡൊ കമവിംഗ എന്നിവരെ കൊണ്ടുവന്നിരുന്നു. മോദ്‌റിച്ചിന് മുപ്പത്തേഴും ക്രൂസിന് മുപ്പത്തിമൂന്നും വയസ്സായി.
ബെലിംഗാമിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും പി.എസ്.ജിയുമൊക്കെ വലവീശിയിരുന്നു. എന്നാല്‍ റയലിനെയാണ് താരം തെരഞ്ഞെടുത്തത്. എത്രയാണ് ട്രാന്‍സ്ഫര്‍ തുകയെന്ന് റയല്‍ വെളിപ്പെടുത്തിയില്ല. 13.9 കോടി ഡോളര്‍ എന്നാണ് കരുതുന്നത്. 11 കോടി ഡോളര്‍ പ്രതിഫലവും 3.2 കോടി ഡോളറിലേറെ ബോണസും മറ്റാനുകൂല്യങ്ങളും. 
ജര്‍മന്‍ ക്ലബ്ലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാന്‍സ്ഫറാണ് ഇത്. 2017 ല്‍ ബൊറൂസിയയില്‍ നിന്നു തന്നെ ഉസ്മാന്‍ ദെംബെലെയുമായി ബാഴ്‌സലോണ 17.3 കോടി ഡോളറിന് കരാറൊപ്പിട്ടതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍. 
 

Latest News