ടെസ്റ്റ് റാങ്കിംഗില്‍  ഓസീസ് 1, 2, 3

ദുബായ് - ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. മാര്‍നസ് ലാബുഷൈനാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ സ്റ്റീവ് സ്മിത്ത, ട്രാവിസ് ഹെഡ് എന്നിവരും. 39 വര്‍ഷത്തിനു ശേഷമാണ് ഒരേ രാജ്യത്തെ മൂന്നു പേര്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്നത്. 1984 ല്‍ വെസ്റ്റിന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ക്ലൈവ് ലോയ്ഡും ലാറി ഗോമസും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ശേഷം ആദ്യം. 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഹെഡിന്റെ 163 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചതും ജയത്തിന് അടിത്തറയിട്ടതും. സ്മിത്തും സെഞ്ചുറി നേടിയിരുന്നു. 
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പുറത്തിരുത്തിയെങ്കിലും ആര്‍. അശ്വിന്‍ ബൗളിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫൈനലില്‍ അഞ്ചു വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ നാഥന്‍ ലയണ്‍ ആറാം സ്ഥാനത്താണ്. രവീന്ദ്ര ജദേജയും അശ്വിനും ഓള്‍റൗണ്ടര്‍ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു. അക്ഷര്‍ പട്ടേലാണ് നാലാം സ്ഥാനത്ത്. 

Latest News