സിംഗപ്പൂര്‍- ലോക പതിനൊന്നാം നമ്പര്‍ മലേഷ്യയുടെ ലീ സി ജിയയെ 21-17, 21-13 ന് അട്ടിമറിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍ സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തുമായാണ് ലക്ഷ്യയുടെ അടുത്ത റൗണ്ട് പോരാട്ടം. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് 21-13, 21-19 ന് ചൈനയുടെ ലു ഗുവാംഗ് സുവിനെ തോല്പിച്ചു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ആകര്‍ഷി കശ്യപ് ആദ്യ റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ കൊറിയയുടെ ആന്‍ സെ യംഗിനോട് 10-21, 4-21 ന് തകര്‍ന്നു. ഈ വര്‍ഷം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം ഫൈനലിലെത്തിയ ആന്‍ ഇന്തോനേഷ്യന്‍ ഓപണ്‍ ജയിച്ചാണ് സിംഗപ്പൂരിലെത്തിയത്. ഈ വര്‍ഷത്തെ ആറാം കിരീടമാണ് ആന്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തിന് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു. തായ്ലന്റിന്റെ കുന്‍ലാവുത് വിതിദ്സാരണുമായി പ്രിയാന്‍ഷു കളിക്കേണ്ടതായിരുന്നു. പി.വി സിന്ധു, ചിരാഗ് ഷെട്ടി-സത്വിക് സായരാജ് എന്നിവര്‍ നേരത്തെ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.






