മുന്‍നിര മുഴുവനുമെത്തും, ഇന്റര്‍ സ്‌റ്റെയ്റ്റില്‍ തീപ്പാറും

ഭുവനേശ്വര്‍ - ദേശീയ ഇന്റര്‍ സ്റ്റെയ്റ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയുടെ പ്രധാന അത്‌ലറ്റുകള്‍ക്കൊക്കെ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടാനുള്ള അവസരമായിരിക്കും ഇത്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുന്നത് താരങ്ങള്‍ക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഹാംഗ്ഷുവിലാണ് ഏഷ്യന്‍ ഗെയിംസ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും നടക്കാനിരിക്കുകയാണ്. 
ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രക്കും (ജാവലിന്‍ ത്രോ) അവിനാഷ് സാബലെക്കും (സ്റ്റീപ്പിള്‍ചെയ്‌സ്) അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഇരുവരും ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഇരുവരും വിദേശത്ത് പരിശീലനത്തിലാണ്. 
മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍ വിദേശ പര്യടനം കഴിഞ്ഞാണ് വരുന്നത്. പാരിസ് ഡയമണ്ട് ലീഗില്‍ മൂന്നാം സ്ഥാനം നേടിയ ആത്മവിശ്വാസത്തിലുള്ള ശ്രീശങ്കറിന്റെ പ്രധാന ഉന്നം ജെസ്വിന്‍ ആള്‍ഡ്രിനില്‍ നിന്ന് ദേശീയ റെക്കോര്‍ഡ് തിരിച്ചുപിടിക്കുകയാണ്. തേജസ്വിന്‍ ശങ്കര്‍ (ഡെക്കാത്തലണ്‍), ജ്യോതി യാരാജി (ഹര്‍ഡ്ല്‍സ്) പരുള്‍ ചൗധരി (ദീര്‍ഘദൂര ഓട്ടം), അന്നു റാണി (ജാവലിന്‍), പ്രവീണ്‍ ചിത്രവേല്‍, മലയാളി താരങ്ങളായ എല്‍ദോസ് പോള്‍, അബൂബക്കര്‍ അബ്ദുല്ല (ട്രിപ്പിള്‍ജമ്പ്) തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. 
ഇന്ന് രാവിലെ 20 കി.മീ നടത്തത്തോടെയാണ് മീറ്റ് ആരംഭിക്കുക. ഒളിംപ്യന്മാരായ പ്രിയങ്ക ഗോസ്വാമി, ഭാവന ജാട് എന്നിവര്‍ സ്വര്‍ണത്തിനായി പോരാടും. ഇന്റര്‍കോണ്ടിനന്റല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്നതില്‍ സായാഹ്ന മത്സരങ്ങളുണ്ടാവില്ല. ഞായറാഴ്ചയാണ് ശ്രീശങ്കറും ജെസ്വിനും തമ്മിലുള്ള താരപ്പോര്. ഇരുവരും ഏഷ്യാഡിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. 8.42 മീറ്റര്‍ വരെ ചാടിയിട്ടുള്ള ഇരുപത്തൊന്നുകാരന്‍ ജെസ്വിന്‍ സമീപകാലത്ത് ഫോമിലല്ല. ജാവലിനില്‍ 86.23 മീ. വരെ എറിഞ്ഞിട്ടുള്ള ശിവപാല്‍ സിംഗ് ഉത്തേജക വിലക്ക് കഴിഞ്ഞാണ് വരുന്നത്. വനിതകളുടെ 400 മീറ്ററില്‍ ഏഷ്യന്‍ അണ്ടര്‍-20 ചാമ്പ്യന്‍ ഹീന മാലിക് രിസവാന, ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ പ്രിയ മോഹന്‍, അണ്ടര്‍-20 ലോക വെങ്കല മെഡലുകാരി രൂപല്‍ ചൗധരി എന്നിവര്‍ തമ്മിലുള്ള പോരാട്ടത്തിന് ചാമ്പ്യന്‍ഷിപ് വേദിയാവും. ലോംഗ്ജമ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗാണ് ശ്രദ്ധിക്കപ്പെടുക. 

Latest News