ലണ്ടന്‍ - യൂറോപ്പില്‍ ക്ലബ്ബ് ഫുട്ബോള്‍ സീസണിന് കൊടിയിറങ്ങിയെങ്കിലും ഫുട്ബോള്‍ ഹരം അവസാനിക്കുന്നില്ല. നാഷന്‍സ് ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള മത്സരങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫൈനല്‍ റൗണ്ടില്‍ നാല് ടീമുകളാണ് അവശേഷിക്കുന്നത്, നെതര്‍ലാന്റ്സും ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. ഇറ്റലിയും സ്പെയിനും നാളെയും. 18നാണ് ഫൈനല്‍.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇരു വശത്തായി പൊരുതിയ നഥാന്‍ അകെയും ഡെന്‍സല്‍ ഡെംഫ്രീസും നാഷന്‍സ് ലീഗില്‍ ഡച്ച് ടീമിന്റെ പ്രതിരോധ നിരയിലുണ്ടാവും. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് കിരീടം സമ്മാനിച്ച ഗോളടിച്ച മിഡ്ഫീല്‍ഡര്‍ റോഡ്രി സ്പെയിനിനു വേണ്ടി ബൂട്ട് കെട്ടും. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോറ്റ ഇന്റര്‍ മിലാന് ടീമിലെ അഞ്ച് പേര് ഇറ്റാലിയന്‍ ടീമിലുണ്ട്. ഇന്ററിന്റെ സെന്‍ട്രല്‍ ഡിഫന്റര്‍മാരായ ഫ്രാഞ്ചെസ്കൊ അസര്‍ബി, അലസാന്ദ്രൊ ബസ്റ്റോണി, മാറ്റിയൊ ദെര്മിയാന് എന്നിവര്‍ക്കു തന്നെയാണ് ഇറ്റലിയുടെയും പ്രതിരോധച്ചുമതല.
ക്രൊയേഷ്യക്കു വേണ്ടി ആദ്യ രാജ്യാന്തര ട്രോഫി നേടുകയെന്ന മോഹം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമില്‍ തുടരാന്‍ മുപ്പത്തേഴുകാരന് ലൂക്ക മോദ്റിച്ചിന് പ്രചോദനമായിരിക്കുകയാണ്. ക്രൊയേഷ്യന്‍ ജഴ്സിയില്‍ 165ാമത്തെ മത്സരമായിരിക്കും ഇത്. വിജയികള്‍ക്ക് 11.3 കോടി യൂറോ സമ്മാനവുമുണ്ട്. മത്തിസ് ഡിലൈറ്റിന്റെയും മെംഫിസ് ഡിപായിയുടെയും പരിക്ക് ഡച്ചിന് ക്ഷീണമാണ്. ക്രൊയേഷ്യയുടെ ജോസ്കൊ ഗ്വാര്ദിയോളിനും പരിക്കാണ്.






