മഡ്രീഡ് - സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ പലതവണ വംശീയാക്രമണം നേരിട്ട റയല്‍ മഡ്രീഡിന്റെ ബ്രസീലുകാരന് സ്ട്രൈക്കര്‍ വിനിസിയൂസ് ജൂനിയറിന്റെ പേരില്‍ ബ്രസീലും സ്പെയിനും സൗഹൃദ മത്സരം കളിക്കും. അടുത്ത മാര്‍ച്ചില്‍ റയലിന്റെ സാന്‍ഡിയേഗൊ ബെര്‍ണബാവു സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഇരുപത്തിരണ്ടുകാരന് വിംഗര്ക്കെതിരായ വംശീയാക്രമണം വലിയ ലോക ശ്രദ്ധ നേടിയിരുന്നു. വംശീയതക്കെതിരായ മത്സരം എന്നാണ് സൗഹൃദ പോരാട്ടത്തിന് പേരിട്ടിരിക്കുന്നത്.
ബ്രസീലുകാരെ സംബന്ധിച്ചിടത്തോളം സ്പെയിന് ഇന്ന് വംശവെറിയന്മാരുടെ രാജ്യമാണെന്ന് കഴിഞ്ഞ മാസം വിനിസിയൂസ് അഭിപ്രായപ്പെട്ടിരുന്നു. ഒരേ ചര്‍മം എന്നാണ് മത്സരത്തിന്റെ മുദ്രാവാക്യം.






