കളിക്കാരെ വിമര്‍ശിക്കാന്‍ ശാസ്ത്രിക്ക് നൂറു നാവ്‌

ലണ്ടന്‍ - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ പോലെ പ്രധാന മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്ന് ഭാഗികമായെങ്കിലും വിട്ടുനില്‍ക്കേണ്ടതായിരുന്നുവെന്ന് മുന്‍ കോച്ച് രവിശാസ്ത്രി. ഫൈനലിന് ഒരുങ്ങാന്‍ 20-25 ദിവസങ്ങളെങ്കിലും വേണ്ടിയിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരുങ്ങാന്‍ കുറച്ചു സമയം മാത്രമേ കിട്ടിയുള്ളൂ എന്നും ആ സാഹചര്യം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ എന്നും കോച്ച് രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെട്ടിരുന്നു. 
20-25 ദിവസം ഒരുക്കങ്ങള്‍ക്കായി കിട്ടണമെന്ന രോഹിതിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ശാസ്ത്രി. അതൊരിക്കലും കിട്ടാന്‍ പോവുന്നില്ല. കളിക്കാരാണ് സ്വയം മാറി നില്‍ക്കേണ്ടത്. ഭാവിയിലെങ്കിലും ബി.സി.സി.ഐയും ഇക്കാര്യം പരിഗണിക്കുമായിരിക്കും -ശാസ്ത്രി പറഞ്ഞു. 
മൂന്നാഴ്ച മുമ്പെങ്കിലും ഇംഗ്ലണ്ടിലെത്തുകയും രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഗുണം ചെയ്‌തേനേയെന്നാണ് ദ്രാവിഡിന്റെ പ്രതികരണം. ലഭ്യമായതു വെച്ച് ചെയ്യാനേ സാധിക്കൂ, പരാതിയില്ല -ദ്രാവിഡ് വിശദീകരിച്ചു. 
ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍മാര്‍ക്ക് ലൈന്‍ തെറ്റി. രണ്ടു മാസത്തോളം ഐ.പി.എല്ലില്‍ കളിച്ച ശേഷം വന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ടെസ്റ്റ് മത്സരത്തിന്റെ താളം കണ്ടെത്താനായില്ല. ഐ.പി.എല്ലില്‍ വ്യത്യസ്ത ലെംഗ്തിലും ലൈനിലുമാണ് പന്തെറിയുന്നതെന്ന് രോഹിത് ചൂണ്ടിക്കാട്ടി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഉമേഷ് യാദവുമൊക്കെ പരിചയസമ്പന്നരാണ്, എങ്ങനെയാണ് ടെസ്റ്റിന് ഒരുങ്ങേണ്ടതെന്ന് അവര്‍ക്കറിയാം -രോഹിത് പറഞ്ഞു. 
ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയോടെ ഇന്ത്യ അടുത്ത ടെസ്റ്റ് സൈക്കിള്‍ തുടങ്ങുകയാണ്. ലോകകപ്പ് നടക്കുന്നതിനാല്‍ ഏതാനും സീനിയര്‍ കളിക്കാര്‍ക്ക് ആ പരമ്പരയില്‍ വിശ്രമം നല്‍കേണ്ടി വരും. അല്‍പം പ്രയാസകരമായ തീരുമാനമെടുത്തിട്ടാണെങ്കിലും പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. 

Latest News