ഭുവനേശ്വര്‍ - ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്ബോളില്‍ വനുവതുവിനെതിരെ ഗോളടിച്ച ശേഷം സുനില്‍ ഛേത്രിയുടെ ആഘോഷം ഒരു പ്രഖ്യാപനമായിരുന്നു, ഭാര്യ ഗര്‍ഭിണിയാണെന്ന്. 2005 ജൂണ്‍ 12 നാണ് പാക്കിസ്ഥാനെതിരെ ഗോളടിച്ച് ഛേത്രി രാജ്യാന്തര ഫുട്ബോളില്‍ തന്റെ സാന്നിധ്യമറിയിച്ചത്. 18 വര്‍ഷത്തിനു ശേഷം മറ്റൊരു ജൂണ്‍ 12 ന് കരിയറിലെ എണ്‍പത്താറാം ഗോളിലൂടെ അച്ഛനാവാന്‍ പോവുന്ന വിവരം ഛേത്രി വെളിപ്പെടുത്തി.
വനുവതുവിനെതിരെ ആധിപത്യം പുലര്‍ത്തിയെങ്കിലും ഇന്ത്യക്ക് നേരിയ വിജയം പൂര്‍ത്തിയാക്കാനേ സാധിച്ചുള്ളൂ. ഗോളിലേക്കുള്ള രണ്ട് ഷോട്ടുകളിലൊന്ന് ഗോളായി. എണ്‍പത്താറാം മിനിറ്റില്‍ സുഭാശിഷ് ബോസിന്റെ ക്രോസില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍.
ഭാര്യ സോനം ആഗ്രഹിച്ച രീതിയിലാണ് പിതാവാകാന്‍ പോവുന്ന വാര്‍ത്ത ലോകത്തോട് താന്‍ പ്രഖ്യാപിച്ചതെന്ന് ഛേത്രി പറഞ്ഞു. പല രീതിയും ഞാന്‍ ആലോചിച്ചതാണ്. എന്നാല്‍ പരീക്ഷിച്ചു പഴകിയ ഈ ആഘോഷ രീതി തന്നെയാണ് മികച്ചത്, എല്ലാവരുടെയും സന്തോഷവും അനുഗ്രഹവും വേണം. അന്തിമമായി അതാണ് കാര്യം -ക്യാപ്റ്റന്‍ പറഞ്ഞു.
ആദ്യ കളിയില്‍ മംഗോളിയയെ 2-0 ന് തോല്പിച്ച ഇന്ത്യ ഫൈനലിലെത്തി. നാളെ ലെബനോനുമായാണ് അവസാന ഗ്രൂപ്പ് മത്സരം. ഇതേ ടീമുകള്‍ 18 ന് ഫൈനലില്‍ ഏറ്റുമുട്ടും.






