ലാ പ്ലാറ്റ - തെക്കന്‍ കൊറിയയെ 3-1 ന് തോല്പിച്ച് ഇസ്രായില്‍ അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനം നേടി. അരങ്ങേറ്റ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് അറബികളും ജൂതന്മാരുമടങ്ങുന്ന ടീം കാഴ്ചവെച്ചത്. ലൂസേഴ്സ് ഫൈനലില്‍ അവസാന വേളയില്‍ ഗോളടിച്ച് ഇസ്രായിലിന് വിജയം സമ്മാനിച്ചത് ഉമര്‍ സീനിയറും അനാന്‍ ഹലൈലിയുമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ അട്ടിമറിച്ച ഇസ്രായില്‍ സെമിഫൈനലില്‍ ഉറുഗ്വായോട് തോല്‍ക്കുകയായിരുന്നു. ഹലൈലിയാണ് ടൂര്‍ണമെന്റില്‍ ഇസ്രായിലിന്റെ ടോപ്സ്കോറര്‍. ഹയ്ഫ സ്വദേശിയാണ് പതിനെട്ടുകാരന്.
അറബ് കളിക്കാരടങ്ങിയ ടീമിന്റെ വിജയം ഇസ്രായിലി മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ഫുട്ബോള്‍ ഗ്രൗണ്ടിലല്ല ഇസ്രായിലിന്റെ വിവേചന നയങ്ങളെന്നും നിയമം നിര്‍മിക്കുന്ന നെസറ്റിലും അധിനിവേശ പ്രദേശങ്ങളിലുമാണെന്ന് സോഷ്യല്‍ മീഡയയില്‍ വിമര്‍ശനമുയര്‍ന്നു. അറബികളുള്‍പ്പെടെ ഇസ്രായിലിലെ എല്ലാ പൗരന്മാരെയും തുല്യരായി കാണണമെന്ന ബില്ല് 2020 ല്‍ നെസറ്റ് തള്ളിയിരുന്നു. സ്പോര്‍ട്സിലെ പങ്കാളിത്തം കൊണ്ട് മാത്രം ക്രൂരമായ രാഷ്ട്രീയത്തിന് മാപ്പ് നല്‍കാനാവില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇസ്രായിലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഇന്തോനേഷ്യയില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് പതിനൊന്നാം മണിക്കൂറില്‍ ടൂര്‍ണമെന്റ് അര്‍ജന്റീനയിലേക്ക് ഫിഫ മാറ്റിയത്.






