ലണ്ടന്‍ - തുടര്‍ച്ചയായി രണ്ടാമതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ദയനീയമായി തോറ്റതോടെ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റത്തിന് സമയമായെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ നിരീക്ഷകര്‍. ടോസ് നിശ്ചയിക്കും മുമ്പെ ഇന്ത്യക്ക് പിഴച്ചുവെന്ന് വിശ്വസിക്കുന്നവരേറെ. മൂടിക്കെട്ടിയ കാലാവസ്ഥ കണ്ടാണ് ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളര്‍ ആര്‍. അശ്വിനെ മാറ്റിനിര്‍ത്തി നാലംഗ പെയ്‌സ്പടയുമായി ഇന്ത്യ ഇറങ്ങിയത്. അശ്വിനു പകരം കളിച്ച ഉമേഷ് യാദവ് ചിത്രത്തിലേയുണ്ടായിരുന്നില്ല. മൂടിക്കെട്ടി സമയത്ത് ഓസ്‌ട്രേലിയ സൂക്ഷ്മതയോടെ കളിച്ചു. വെയില്‍ പരന്നതോടെ ബാറ്റിംഗ് എളുപ്പമാവുകയും ചെയ്തു.
അശ്വിന്‍ ടീമിലുണ്ടായിരുന്നുവെങ്കില്‍ ഓസീസ് ടീമിലെ നാല് ഇടങ്കൈയന്മാര്‍ക്ക് ബാറ്റിംഗ് പ്രയാസമാവുമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 469 റണ്‍സ് ഓസീസിന് ആവശ്യത്തിലേറെയായിരുന്നു. പിന്നീട് ലൈന്‍ മനസ്സിലാക്കുന്നതില്‍ പിഴച്ച ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും അടിക്കാതെ വിട്ട പന്തുകളില്‍ ബൗള്‍ഡായി. അജിന്‍ക്യ രഹാനെയും രവീന്ദ്ര ജദേജയും ശാര്‍ദുല്‍ താക്കൂറുമാണ് സ്‌കോറിന് മാന്യത നല്‍കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ആ ഒരു ആശ്വാസം പോലുമുണ്ടായില്ല.
ആക്രമിക്കാന്‍ തീരമാനിച്ച് ടീം തകര്‍ന്നു. പൂജാര പോലും അടിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. പുറത്തു പോകുന്ന പന്തിന് പലതവണ ചൂണ്ടയിട്ട വിരാട് കോലി അഞ്ചാം ദിനം പുറത്തായതോടെ ഇന്ത്യയുടെ കഴ കഴിഞ്ഞു.






