ഏതാനും മാസങ്ങൾക്കപ്പുറം പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് അപകടത്തിൽപെട്ടു. ഉടൻ വന്നു നമ്പർ വൺ കേരളത്തിലെ ഭരണാധികാരികളുടെ കൽപന. ഇനിയങ്ങോട്ട് ടൂറിസ്റ്റ് ബസുകളിൽ ചിത്രപ്പണിയൊന്നും പാടില്ല, അതാണ് സർവ കുഴപ്പങ്ങൾക്കും കാരണം. എല്ലാ ബസുകളും വെള്ള പെയിന്റടിച്ച് റോഡിലിറങ്ങിയാൽ മതി. അതിന് ശേഷം കേരളത്തിൽ പിന്നീട് റോഡ് അപകടങ്ങളേ ഉണ്ടായിട്ടില്ല. അതു കഴിഞ്ഞ് ചെറിയ പെരുന്നാൾ സീസണിൽ മലപ്പുറം താനൂരിൽ ഫിഷിംഗ് ബോട്ടിനെ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയത് മറിഞ്ഞപ്പോൾ ഇരുപതിലേറെ ആളുകളാണ് മരിച്ചത്. ഭരണചക്രം തിരിക്കുന്നവർ വെറുതെ നിന്നില്ല. സകല തീരപ്രദേശങ്ങളിലും തൊട്ടടുത്ത രണ്ടു മൂന്ന് ദിവസം തലങ്ങും വിലങ്ങും പരിശോധനയായിരുന്നു. അങ്ങിനെ ബോട്ടുകളെ നിയമം ലംഘിച്ച് ഓടാൻ അനുവദിക്കാൻ പറ്റില്ലല്ലോ. അതും കഴിഞ്ഞു, ജനത്തിന് വീണ്ടും മറവി രോഗം പിടിപെട്ടു. അപ്പോഴതാ പഴയ പരിപാടിയുടെ പുത്തൻ വേർഷൻ വരുന്നു. കേരളത്തിലെ സർവകലാശാലകളിൽ പിൻവാതിലുകാരുടെ ആധിക്യം കാരണം കുറച്ചു കാലമായി മുന്നിലെ വാതിലുകൾ തുറക്കാറേ ഇല്ലെന്നാണ് കേട്ടത്. നീതിപീഠത്തിന്റെ ഇടപെടലില്ലായിരുന്നുവെങ്കിൽ എല്ലായിടത്തും പ്രമുഖരുടെ വീട്ടുകാരികൾ വൈസ് ചാൻസലറും പിവിസിയുമൊക്കെയായി മാറിയേനെ. ഇതൊന്നും അനുഭവിക്കാനുള്ള യോഗം കേരളത്തിനില്ലാതെ പോയല്ലോയെന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴതാ വീണത് വിദ്യയാക്കി വിദ്യ ടീച്ചർ കടന്നു വരുന്നു. ഇതും കുറച്ചു ദിവസം ആഘോഷിക്കാം. മൂന്നോ, ആറോ പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കാം. സത്യാവസ്ഥയെന്തെന്നറിയാൻ ഇന്റർപോൾ വരെയെത്തുമെന്നെല്ലാം കാച്ചാം. ഏറിയാൽ ഒരാഴ്ച. ജനങ്ങൾ ഇതും പെട്ടെന്ന് മറക്കും. അപ്പോൾ പുതിയ എന്തെങ്കിലും തട്ടിപ്പു പരിപാടിയുമായി മുന്നേറാം. ആദ്യം പറഞ്ഞ ബസ്, ബോട്ട് സംഭവങ്ങളിലേതെന്ന പോലെ പിഎച്ച്ഡി-എക്സ്പീരിയൻസ് തട്ടിപ്പുകൾ പുറത്തു വന്നപ്പോഴും ഏറ്റവും അനുഭവിച്ചിട്ടുണ്ടാകുക വിദ്യാ വിലാസം പ്രധാന വാർത്തയായ ദിവസം കേരളത്തിലെ ഏതെങ്കിലും നഗരങ്ങളിൽ ജോലി സംബന്ധമായ അഭിമുഖങ്ങൾക്കെത്തിയവരായിരിക്കും. കുറച്ചു നാളത്തേക്ക് ഉദ്യോഗാർഥികൾ ഹാജരാക്കുന്ന പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളെ പറ്റി പാനലിലുള്ളവർക്ക് തീരാത്ത സംശയമായിരിക്കും.
ഗസ്റ്റ് ലക്ചറർ ആകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ വിദ്യ കെ. എന്ന വിദ്യ വിജയനെതിരേ കോളേജ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത റിപ്പോർട്ടുകൾ ഈ സാറന്മാരും വായിച്ചിട്ടുണ്ടാവുമല്ലോ. എസ്എഫ്ഐയുടെ നേതാവാണ് വിദ്യ. മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ പിജി റെപ്പായിരുന്നു. സംഘടന സംസ്ഥാന സെക്രട്ടറി പി.എം. ആർഷോമിന്റെ അടുത്ത സുഹൃത്താണ് വിദ്യ. ഇളയിടം മൂത്തിടം വരെ സകല പുരോഗമന സാഹിത്യകാരന്മാരുടേയും സാക്ഷ്യപത്രം കൈവശമുള്ള മിടുക്കി. വിദ്യ 2018 മുതൽ 2019 വരെ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തെന്നാണ് രേഖ. അട്ടപ്പാടി കോളേജിൽ ജോലിക്ക് കയറാൻ ശ്രമിക്കവേ ആണ് മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് വിദ്യ പിടിക്കപ്പെടുന്നത്. ഇതിനു മുൻപ് പാലക്കാട്ടെ ഒരു കോളേജിലും കാസർകോട് കരിന്തളം കോളേജിലും വിദ്യ ഗസറ്റ് ലക്ചററായി ജോലി നോക്കിയിട്ടുണ്ട്.
കരിന്തളം കോളേജിന്റെ വെബ്സൈറ്റിൽ ഇപ്പോഴും വിദ്യയുടെ ചിത്രവും വിവരങ്ങളുമുണ്ട്. ഇവിടങ്ങളിലും വിദ്യ നൽകിയത് വ്യാജരേഖയാണെന്ന് ആരോപണമുണ്ട്. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിയായ കെ. വിദ്യ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖത്തിനിടെയാണ് മഹാരാജാസ് കോളേജിൽ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖ സമർപ്പിച്ചത്. എന്നാൽ ഇതിൽ നൽകിയിട്ടുള്ള മഹാരാജാസ് കോളേജിന്റെ ലോഗോ, വൈസ്പ്രിൻസിപ്പലിന്റെ സീൽ, സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന ഡിപ്പാർട്ട്മെന്റ് സീൽ എല്ലാം വ്യാജമാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ജോയി വ്യക്തമാക്കിയത്. സമർപ്പിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിലേതുപോലെ സീൽ പതിക്കുന്ന പതിവ് കോളേജിന് ഇല്ല. കഴിഞ്ഞ പത്ത് വർഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു സർട്ടിഫിക്കറ്റ് കോളേജ് നൽകിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
**** **** ****
വിദ്യയെ തള്ളാമെന്ന പാർട്ടി ലൈൻ പുറത്തറിയുന്നതിന് മുമ്പു തന്നെ നിലപാടെടുത്ത ശ്രീമതി ടീച്ചറാണ് താരം. വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെട്ട എസ് എഫ് ഐ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി പി എം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചിരുന്നു. 'എന്നാലും എന്റെ വിദ്യയേ' എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം. അതു കഴിഞ്ഞ് പി കെ ശ്രീമതിക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ. വിദ്യയുടെ 'വ്യാജ വിദ്യ' ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണെന്ന് വീണ എസ് നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ഇ എം എസും, ഇ കെ നായനാരും, വി എസ് അച്യുതാനന്ദനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു. നേതാക്കളുടെ ഭാര്യമാർക്ക് വേണ്ടി ശീർഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകൾ കേരളം കണ്ടത് കാരണഭൂതന്റെ ഭരണത്തിൽ മാത്രമല്ലേ ടീച്ചറെ? കാരണഭൂതന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈക്കോടതി റദാക്കിയത് ടീച്ചർ അറിഞ്ഞിരുന്നില്ലേ?' പരീക്ഷ എഴുതാത്തവർ ജയിക്കുകയും, ബ്ലു ടൂത്ത് ഉപയോഗിച്ച് പി എസ് സി പരീക്ഷ അട്ടിമറിക്കുകയും, കോളേജുകളിൽ നിന്നും ജയിച്ച വനിതാ നേതാവിന്റെ പേരിനു പകരം അർഹതയില്ലാത്ത ആളുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാരണഭൂതന്റെ കാലത്തു മാത്രമുള്ള പ്രതിഭാസങ്ങളാണ്'.- വീണ എണ്ണിപ്പറഞ്ഞു.
**** **** ****
എഴുത്തുകാരി ഇന്ദു മേനോന്റെ പ്രതികരണവും ശ്രദ്ധേയമായി. വിഷയത്തിൽ എന്തിന് വിമർശിക്കണമെന്നും ഇത്തരം കുറ്റക്കാർക്ക് സംരക്ഷണമൊരുക്കാൻ നേതാക്കന്മാർ ഉണ്ടാകുമെന്നും ഇന്ദു മേനോൻ കുറിച്ചു. വിദ്യയുടെയൊക്കെ പുറകെ ആരാണെന്ന് ആർക്കറിയാം ? വിമർശിക്കാൻ പോയാൽ പണി ചിലപ്പോൾ പാലും വെള്ളത്തിൽ തന്നെ വരും. സത്യം പറഞ്ഞാൽ ഇവരെയൊക്കെ ഭയമാണ്. നമ്മൾ വിചാരിക്കാത്ത ആഴത്തിലുള്ള ബന്ധങ്ങളുള്ള രാഷ്ട്രീയ സ്വാധീനവും ശക്തിയും ഉള്ള ആളുകളാണ് ഇത്തരക്കാരെന്നും ഇന്ദു മേനോൻ വിമർശിച്ചു. അവരെന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ല.അവർക്ക് വേണ്ടി ഞങ്ങൾ സംരക്ഷണം കൊടുക്കും എന്ന് പറയുവാൻ നേതാക്കന്മാർ അനവധി ഉണ്ടാകും.
ഞാൻ ജോലി ചെയ്യുന്ന സർക്കാർ സ്ഥാപനത്തിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഇല്ലാതെ നാല് പേരാണ് റാങ്ക് ലിസ്റ്റിൽ കയറിയത്. മൂന്നുപേർ നിയമിതരായി. ഒരുവൻ അഡൈ്വസ് കിട്ടിയിട്ടും എന്നേലും പിടിക്കപ്പെടാം എന്നു കരുതി ആ പോസ്റ്റിംഗ് സ്വീകരിച്ചില്ല. അവന് ആദ്യമേ കിട്ടിയ അതിന്റെ താഴെയുള്ള ജോലിയിൽ തന്നെ തുടർന്നു. അവന് ശേഷമുള്ളവൻ ജോലിയിൽ കയറി. ഇത് എതിർത്തതും ചോദ്യം ചെയ്തതും എന്റെ ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഒരു റിസർച്ച് അസിസ്റ്റന്റ് ആണ്. അവൻ മാത്രമല്ല ഞാനും അവരുടെ പരമശത്രുവായി.
ഞാൻ വിശ്വസിക്കുന്ന അതേ രാഷ്ട്രീയ സംഘടനയുടെ എൻജിഒ സംഘടന എനിക്കെതിരായി കാട്ടിക്കൂട്ടിയത് എന്താണെന്ന് പറയാൻ പോലും വയ്യ. എന്നെയും കുഞ്ഞിനെയും ഓഫീസ് മന്ദിരത്തിൽ പൂട്ടിയിട്ട് വാച്ച്മാൻ ശാരീരിക ആക്രമണം നടത്തുന്ന നിലയിലേക്ക് വരെയെത്തി കാര്യങ്ങൾ. കള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുത്ത് ജോലി തേടിയവർ യൂണിയന്റെ സഹായത്തോടെ സസുഖം ഇപ്പോഴും ജോലിയിൽ തുടരുന്നു. പരാതി പറഞ്ഞ താൽക്കാലികക്കാരനായ കുട്ടിയെ പുറത്താക്കി.
സ്വന്തം സ്ഥാപനത്തിൽ വിലസുന്ന വ്യാജന്മാർക്കെതിരെ വിരൽ അനക്കാൻ എനിക്ക് പറ്റിയിട്ടില്ല. പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുക പോലും ചെയ്തു. എന്നിട്ടാണ് ഇപ്പോൾ വിദ്യയ്ക്ക് എതിരെ പോസ്റ്റ് ഇടുന്നത്.
ഇവളുടെയൊക്കെ പുറകെ ആരാണെന്ന് ആർക്കറിയാം ? പിടിച്ചു തള്ളുകയും പൂട്ടിയിടുകയും മാത്രമേ ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കുഞ്ഞിന്റെ കഴുത്തുപിടിച്ച് അമർത്തുകയും പത്രത്തിൽ കള്ള വാർത്തകൾ കൊടുക്കുകയും വ്യാജപ്രചാരണങ്ങൾ നടത്തുകയുമെ ഇവർ ചെയ്തിട്ടുള്ളൂ.ഇനി ഇവളെയൊക്കെ വിമർശിക്കാൻ പോയാൽ പണി ചിലപ്പോൾ പാലും വെള്ളത്തിൽ തന്നെ വരും. എനിക്ക് യുദ്ധവീര്യമില്ല. ധൈര്യമില്ല. പോരാട്ടത്തിനുള്ള യൗവനവുമില്ല-ഇന്ദുവിന്റെ രോഷം വാക്കുകളിൽ നിറഞ്ഞു.
ഗസ്റ്റ് ലക്ചറാവാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കെ. വിദ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബെന്യാമിനും രംഗത്തെത്തിയിരുന്നു. വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും അപമാനമണെന്നും എന്തു വിദ്യാഭ്യാസമാണ് വിദ്യ നേടിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. എന്ത് സാഹിത്യമാണ് ഇവർ എഴുതുന്നതെന്നും വിദ്യയ്ക്കെതിരെ കർശനമായ നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
**** **** ****
ഒരൊറ്റ കണ്ണിറുക്കലിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധനേടിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവ് എന്ന സിനിമയിലെ 'മാണിക്യ മലരായ' എന്ന ഗാനത്തിലെ രംഗമാണ് പ്രിയയെ താരമാക്കിയത്. സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും നടിയെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. നിരവധി അവസരങ്ങളാണ് ഇതിനു പിന്നാലെ പ്രിയയെ തേടി എത്തിയത്. അടുത്തിടെ പേളി മാണിയുമായി നടത്തിയ അഭിമുഖത്തിൽ കണ്ണിറുക്കൽ താൻ കയ്യിൽനിന്ന് ഇട്ടതാണെന്ന് പ്രിയ പറയുകയുണ്ടായി. ഇതിനെതിരെ ഒമർ ലുലു രംഗത്ത് വന്നതോടെയാണ് കണ്ണിറുക്കൽ വീണ്ടും ചർച്ചയായത്. സംവിധായകൻ പറഞ്ഞത് അനുസരിച്ചാണ് ചെയ്തതെന്ന് പറയുന്ന പ്രിയയുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. 'അഞ്ച് വർഷമായി പാവം കുട്ടി മറന്നതാകും. 'വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ' എന്നും സംവിധായകൻ കുറിച്ചു. ഇത് വാർത്തയാവുകയും ചെയ്തു. താൻ അങ്ങനെ പ്രതികരിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയും ചെയ്തു ഒമർ ലുലു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. 'നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമയുടെ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് അതിൽ അഭിനയിക്കുന്നവർക്കാണ്. പുതുമുഖങ്ങളെ സംബന്ധിച്ച്, അവർക്ക് റീച്ച് ലഭിക്കുകയാണ്. സിനിമ ഹിറ്റായി കഴിയുമ്പോൾ പരസ്യങ്ങൾ, സോഷ്യൽ മീഡിയ ഫോളോവേഴ്സ് അങ്ങനെ പലതും ലഭിച്ചു തുടങ്ങും. ആ കുട്ടിയെ സംബന്ധിച്ച് (പ്രിയ വാര്യർ) ഇൻസ്റ്റാഗ്രാമിൽ നാല് മില്യൺ ഫോളോവേഴ്സിനെയാണ് ലഭിച്ചത്,' 'അതിൽ നിന്നൊക്കെ വരുമാനമുണ്ട്. അങ്ങനെ ഒരുപാട് ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഡയറക്ടർക്കും ക്യമറാമാനും മറ്റു ടെക്നീഷ്യന്മാർക്കും ലഭിക്കുന്നത് ആകെയൊരു ക്രെഡിറ്റാണ്. അഭിനയിച്ചയാളുടെ ജീവിതം തന്നെ മാറുകയാണ്. എന്റെയടുത്ത് ഒരു ഡയലോഗ് മാത്രം മതിയെന്ന് പറഞ്ഞ് വന്ന കുട്ടിയാണ് പ്രിയ. അവർ കയ്യിൽനിന്ന് ഇട്ടതാണ് അതെന്ന് പറയുമ്പോൾ നമ്മുടെ വർക്കിനെ കൂടി ഹൈജാക്ക് ചെയ്യുകയാണ്'- ഒമർ ലുലു പറയുന്നു. 'സംവിധായകനെ സംബന്ധിച്ച് അവർക്ക് ലഭിക്കുന്നത് ആ ഒരു ക്രെഡിറ്റ് മാത്രമാണ്. അതുകൂടി നമ്മുടെ കയ്യിൽനിന്ന് കൊണ്ടുപോവുക എന്ന് പറയുമ്പോൾ എന്താണ് പറയുക. ഈ സംഭവം നടന്നപ്പോൾ എനിക്ക് ഓർമവന്നത് മറ്റൊരു കാര്യമാണ്. ഡെന്നിസ് ജോസഫ് സാറുമായി ചേർന്ന് പവർസ്റ്റാർ എന്നൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ആവശ്യത്തിനായി ഞാൻ ഡെന്നിസ് ജോസഫ് സാറിനെ അവസാനമായി കാണുമ്പോൾ മമ്മൂക്ക കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ച കാര്യം പറഞ്ഞു, നിറക്കൂട്ട് സിനിമയുടെ കഥപറയാനായി ഡെന്നിസേട്ടൻ മമ്മൂക്കയെ കണ്ട സ്ഥലത്ത് എത്തിയപ്പോൾ അത് പറയാൻ വേണ്ടി മാത്രം മമ്മൂക്ക അദ്ദേഹത്തെ രാത്രി വിളിച്ചു എന്നാണ് ഡെന്നിസേട്ടൻ പറഞ്ഞത്. പത്ത് മുപ്പത്തിനാല് വർഷം മുൻപ് നടന്ന സംഭവം ഓർത്താണ് അദ്ദേഹം വിളിച്ചത്. ആ സമയത്താണ് ഇപ്പോഴത്തെ പിള്ളേർ കയ്യിൽനിന്ന് ഇട്ടതാണ്, അവർക്ക് ഓർമയില്ല എന്നൊക്കെ പറയുന്നത്,- ഒമർ ലുലു പറഞ്ഞു. നമ്മളും മനുഷ്യരല്ലേ. ഇങ്ങനെയൊക്കെ കാണുമ്പോൾ വിഷമം വരും. അതുകൊണ്ടാണ് അങ്ങനെ കളിയാക്കി കൊണ്ടൊരു പോസ്റ്റ് ഇട്ടതെന്നും ഒമർ ലുലു വ്യക്തമാക്കി. ഒരു സിനിമയുടെ പൂർണ ക്രെഡിറ്റ് അതിന്റെ സംവിധായകന് ആണെന്നും അവരാണ് സിനിമയിൽ എന്തൊക്കെ ഉൾപ്പെടുത്തണം വേണ്ടെന്ന് വെക്കണമെന്നൊക്കെ തീരുമാനിക്കുന്നതെന്നും ഒമർ ലുലു പറഞ്ഞു. ആ ഷോട്ട് എടുക്കുമ്പോഴേ ഇത് കുറഞ്ഞത് തെന്നിന്ത്യയിലെങ്കിലും ഹിറ്റാകുമെന്ന് ആ കുട്ടിയോട് പറഞ്ഞിരുന്നു. വളരെ പ്ലാൻ ചെയ്ത് എടുത്തതാണ്. സിനിമയിൽ താരങ്ങൾ ഡയലോഗുകൾ കയ്യിൽനിന്ന് ഇടാറുണ്ട്. അതൊന്നും ആരും പേര് വെക്കണമെന്ന് പറയാറില്ല. ഒരു സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടർ തന്നെയാണെന്നും ഒമർ ലുലു ആവർത്തിച്ചു.
**** **** ****
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ഇരുനൂറ് കോടി ബിസിനസ് നേടിയെന്ന റെക്കോർഡിലെത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇതിനോടകം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. സോണി ലൈവിൽ ജൂൺ ഏഴ് മുതലാണ് '2018' സിനിമ ലൈവിൽ ലഭ്യമായത്. പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് 2018ന്റേത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
**** **** ****
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസിന്റെ പുതിയ എപ്പിസോഡ് വലിയ തോതിൽ പ്രേക്ഷകരെ ആകർഷിച്ചിട്ടില്ലെങ്കിലും അതിലെ ഒരു റീൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്. നമ്മളുണ്ടാക്കിയിട്ടും മറ്റുള്ളവർ കാണാതെ പോകുന്നതുമായ വസ്തു എന്താണെന്നാണ് ലാലേട്ടൻ ബിഗ് ബോസ് ഹൗസിലുള്ളവരോട് ചോദിക്കുന്നത്. മത്സരാർഥിയുടെ ഉത്തരം ഇവിടെ കുറിക്കാനാവില്ലെങ്കിലും ഇതിനെ ആസ്പദമാക്കിയുണ്ടാക്കിയ ട്രോൾ ഗംഭീരമായി. ചോദ്യത്തിന് വികസനം എന്നാണ് മുഖ്യമന്ത്രി ഉത്തരം നൽകുന്നത്.






