നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും...
പ്രസീദ പാടുക മാത്രമല്ല, ഒപ്പം ആടുക മാത്രവുമല്ല, കേട്ടിരിക്കുന്ന ഓരോ ആളുടേയും മനസ്സിലേക്ക് അതീവ സമ്പന്നമായ ഒരു സംഗീത സംസ്‌കൃതിയുടെ രാഗധാര മുഴുവൻ കോരിച്ചൊരിയുകയും അവരെ ഓരോരുത്തരേയും നാട്ടുമൊഴികളുടെ പാട്ടുൽസവത്തിലേക്ക് അനായാസം കൂട്ടിക്കൊണ്ടുപോവുകയുമാണ്. എവിടെയെല്ലാം പ്രസീദ പാടുന്നുവോ അവിടെയെല്ലാം ഒരു പാട്ടിന്റെ കടലൊഴുകും. പിന്നെ ആർത്തിരമ്പുന്ന കടൽത്തിരകളായി അവ അന്തരീക്ഷത്തിലാകെ പ്രതിധ്വനിയുണർത്തും. ഏറെ നേരം കഴിഞ്ഞേ, അതുമല്ലെങ്കിൽ അടുത്ത പാട്ടിന്റെ ഇടവേള ഒടുങ്ങുമ്പോഴേ ആ തിരകളുടെ മുഴക്കം നിലയ്ക്കുകയുള്ളൂ. നാടൻപാട്ടിന്റെ ഈ ലഹരി വല്ലാത്തൊരനുഭൂതിയായി മനസ്സിൽ നിറയും.
സ്വന്തമായി എഴുതുകയും പാടുകയും ചെയ്ത് വേദികളിൽ സ്വരപ്രപഞ്ചത്തിന്റെ പ്രചണ്ഡവാതമഴിച്ചുവിടുന്ന പടിഞ്ഞാറിന്റെ റാപ് സംഗീതജ്ഞരെപ്പോലെയാണ് തൃശൂർ ചാലക്കുടിക്കടുത്ത അതിരപ്പിള്ളിക്കടുത്ത കാഞ്ഞിരപ്പിള്ളി ഗ്രാമക്കാരിയായ പ്രസീദയുടെ ആലാപനശൈലി. നാടൻ പാട്ട് അഥവാ ഫോക് സോംഗ്‌സിനും ഒപ്പം ഫോക്‌ലോറിനും കേരളീയ കലാവേദികളിൽ മുൻനിര സ്ഥാനം നൽകുന്നതിന് പോരാടിയ അപൂർവം കലാകാരന്മാർക്കൊപ്പം, പ്രസീദ ചാലക്കുടിയും പാടിയും പറഞ്ഞും ഫോക് പൈതൃകത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് അക്ഷീണം പരിശ്രമിക്കുന്നു. ഏറെക്കുറെ അത് വിജയം കാണുകയും ചെയ്തു.

ജിദ്ദയിലെ കൊല്ലം പ്രവാസി സംഗമത്തിന്റെ (കെ.പി.എസ്.ജെ) പതിനേഴാം വാർഷികത്തിലെ മുഖ്യാതിഥിയായാണ് പ്രസീദ എത്തിയത്. സർഗപൈതൃകം വേരോടിയ തൃശൂരിൽനിന്ന് തുടങ്ങി ഇന്ത്യയിലും പുറത്തും തന്റെ കലാജീവിത്തിന്റെ കൊടിക്കൂറ ഉയരത്തിൽ പാറിക്കാൻ നിമിത്തമായത് തന്റെ ബാല്യകൗമാരങ്ങളിൽ പാടിത്തിമിർത്ത നാടൻപാട്ടുകളുടെ തനത് ശൈലിയാണ് കാരണമെന്ന് പ്രസീദ പറയുന്നു. കലാഭവൻ മണിയെപ്പോലുള്ളവരുടെ അളവറ്റ പ്രോൽസാഹനം അതിന് നിമിത്തമായി. സ്വന്തം നാട്ടുകാരനും ഗുരുവുമായ മണിച്ചേട്ടനും സഹോദരൻ രാമകൃഷ്ണൻ ചേട്ടനുമൊക്കെയാണ് എന്നിലെ യഥാർഥ പാട്ടുകാരിയെ കണ്ടെത്തിയത്. നാടൻ പാട്ടുകൾ പലവിധമുണ്ട്. പക്ഷേ അവയുടെ അടിസ്ഥാനമെല്ലാം ഒന്നുതന്നെയാണ്. ഇത് ഞങ്ങളുടെ സ്വത്വമാണ്. വംശീയ പാരമ്പര്യം രക്തത്തിലേക്ക് പകർന്നുതന്ന ആട്ടവും പാട്ടുമാണ് പ്രസീദ ചാലക്കുടി അഭിമാനപൂർവം പറയുന്നു.
കാഞ്ഞിരപ്പിള്ളി മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും രണ്ടു മക്കളിൽ ഇളയവളായ പ്രസീദക്ക്, കുട്ടിയായിരിക്കുമ്പോഴേ കർഷകത്തൊഴിലാളിയായ അച്ഛനിൽ നിന്നും അമ്മയുടെ അമ്മാവൻ ചാത്തുണ്ണിയിൽ നിന്നും നാടൻ പാട്ടുകൾ കേട്ട് പഠിക്കാൻ സാധിച്ചു. വേളൂർക്കര യു.പിയിലും പരിയാരം സെന്റ് ജോർജ് ഹൈസ്‌കൂളിലും ചാലക്കുടി കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഫോക്ലോറിൽ എം.ഫില്ലും നെറ്റും നേടിയ ഈ ഗ്രാമീണഗായിക 'ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ' എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ പി.എച്ച് ഡി. ചെയ്തിട്ടുണ്ട്.
കലാജീവിതത്തെ പരുവപ്പെടുത്തിയെടുക്കുന്നതിൽ കേരള വർമയിലെ സഹപാഠികളും അധ്യാപകരും സഹായിച്ചു. എസ്.എഫ്.ഐ പ്രവർത്തനം കലയുടെ കൈവഴികളിൽ ചുവപ്പ് പടർത്തി. ബിരുദമെടുത്തശേഷം എം.എ ഫോക്‌ലോറിൽ രണ്ടാം റാങ്ക് നേടി. വടകരയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രത്തിൽനിന്ന് ഫോക്‌ലോറിന്റെ പാരമ്പര്യശാസ്ത്രത്തിൽ ഡിപ്ലോമ പഠനവും നടത്തി. കാക്കാരിശ്ശി, കൂടിയാട്ടം എന്നിവയുടെ താരതമ്യപഠനത്തിൽ ഗവേഷണം തയാറാക്കി എം.ഫിൽ പഠനവും കൂടെ നിർവഹിച്ചു. കേരളത്തിന്റെ തനത് കലകളിലേക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ഒരു സമഗ്രാന്വേഷണം കൂടിയായിരുന്നു പ്രസീദയുടെ ഈ വിഷയത്തിലുള്ള ഉപരിപഠനം. അധികമൊന്നും കലാകാരന്മാർ കാണിക്കാത്ത തരത്തിലുള്ള, പാഠ്യപദ്ധതിയോടുള്ള ഈ പ്രതിപത്തി എപ്പോഴും പ്രസീദയുടെ കലാപ്രയാണത്തിലെ വ്യതിരിക്തത കൂടിയാണ്.

2002 ൽ കേരളവർമ കോളേജിൽ ബി.എസ്സിക്ക് ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെവെച്ചാണ് കവി ഏങ്ങണ്ടിയൂർ ചന്ദ്രശഖരനും മറ്റും ഭാഗമായിരുന്ന 'ജനനയന ' എന്ന നാടൻ പാട്ടുസംഘടനയുമായി അടുക്കുന്നത്. ജനനയനയുടെ 'നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നു വരെ വന്നില്ലാരും..' എന്ന നാടൻ പാട്ട് പ്രസീദയുടെ കലാജീവിതത്തിൽ വഴിത്തിരിവായി. തൃശൂർ ജനനയന എന്ന കൂട്ടായ്മയുടെ വേദികളിൽ പ്രസീദ പാട്ടിന്റെ അരങ്ങേറ്റം കുറിച്ചു.
അഡ്വ. വി. പ്രേംദാസ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ പിന്തുണ വലിയ സഹായമായതായി പ്രസീദ നന്ദിയോടെ ഓർക്കുന്നു. നിന്നെക്കാണാൻ എന്നെക്കാളും എന്ന പാട്ടെഴുതിയത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ്. ദൂരദർശനിൽ കൊളാഷ് എന്ന ശീർഷകത്തിൽ നടത്തിയ പ്രസീദയുടെ പരിപാടിയും ശ്രദ്ധേയമായി. ഇതിനിടെ തെരുവ് നാടകങ്ങളിലും പാട്ടും അഭിനയവുമായി പ്രസീദ തിളങ്ങി. എസ്.എഫ്.ഐ കേരളവർമ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള മിക്ക തെരുവ് നാടകങ്ങളിലും പ്രസീദ അഭിനയിച്ചു. പാർട്ടി പരിപാടികളിലും നിരവധി വേദികളിൽ തന്റെ സിദ്ധി തെളിയിക്കാനായി.
കലാഭവൻ മണിയുമായുള്ള അടുപ്പമാണ് പ്രസീദയിലെ നാടൻപാട്ടുകാരിയെ പുറംലോകത്തെത്തിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലും അത് പോലെ ഇതര സംസ്ഥാനങ്ങളിലും നാടൻ പാട്ടുകൾക്ക് ഇമ്പമാർന്ന പുതിയൊരു ആലാപനശൈലിയാണ് പ്രസീദ കൊണ്ടുവന്നത്. അതാകട്ടെ, വേദികളെയാകെ ഹരം കൊള്ളിച്ചു. പാട്ടിന്റെ ശക്തിയും പാട്ടുകാരിയുടെ ഊർജവും പ്രേക്ഷകരിലേക്ക് പരകായപ്രവേശം ചെയ്യിക്കുന്ന അദ്ഭുതപ്രതീതി. വിദ്യുത് തരംഗം പോലെ പ്രസീദയുടെ രാഗപ്രവാഹം ആസ്വാദകരിൽ മാസ്മരികായൊരു അനുഭൂതി സൃഷ്ടിക്കുന്നു. ലണ്ടനിലും യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് നാടുകളിലും സിംഗപ്പൂർ ഉൾപ്പെടെ പൂർവേഷ്യൻ രാജ്യങ്ങളിലും നിരവധി വേദികളിൽ പ്രസീദ പാടിത്തിമിർത്തു. എവിടെച്ചെന്നാലും മലയാളി സഹൃദയർ ഈ ഗായികയോടൊപ്പം ആടുകയും പാടുകയും ചെയ്തു. പാട്ടിൽ പ്രസീദയുടെ മാത്രം നിരവധി മാസ്റ്റർപീസുകൾ ഇപ്പോഴും പലർക്കും മനഃപാഠമാണ്. അവയിലൊന്നാണ്:
കൈതോലപ്പായ വിരിച്ച്
പള്ളിവാള് ഭദ്രവട്ടകം
തെയ്യാതിനന്തിനോ
തെയ്യന്താരാ
മന്ദാരം കാവിലെ വേല കാണാൻ
ആട്ടോം പാട്ടും...
ഒരു ഡസനിലധികം പാട്ടുകൾ പ്രസീദ രചിച്ചിട്ടുണ്ട്. ഒരു പക്ഷേ കേരളം വിസ്മൃതിയിലേക്ക് തള്ളിയിരുന്ന പല നാടൻ കലകളേയും ഫോക് പൈതൃകത്തേയും കേരളത്തിന്റെ സാംസ്‌കാരിക പൊതുധാരയിലേക്ക് പുനരാനയിച്ചതിൽ പ്രസീദ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതുണ്ട്. കരിങ്കാളിമുടി, വട്ടമുടി, മുടിയാട്ടം, കാളകളി തുടങ്ങിയവ പൊതുവേദിയിലേക്ക് കൊണ്ടുവരുന്നതിൽ നേതൃപരമായ സംഭാവനയാണ് ഈ കലാകാരി നൽകിയത്.
വി.എം കുട്ടിയുടെ മാപ്പിളപ്പാട്ട് സംഘത്തിലും പ്രസീദ പാടിയിരുന്നു. വി.എം കുട്ടിയോടൊപ്പം പല വേദികളിലും പ്രസീദയുടെ നാടൻഗാനങ്ങൾ ജനം ഏറ്റെടുത്ത് ഒപ്പം പാടിയതായി അവരോർക്കുന്നു. 2010 ൽ പത്ത് നാടൻപാട്ടുകൾ ചേർത്ത് ചിരുതക്കുട്ടി എന്ന ആൽബം പുറത്തിറക്കി. ഇഞ്ചക്കാട് ബാലചന്ദ്രൻ രചിച്ച ഇനി വരുന്നൊരു തലമുറയ്ക്ക്..
എന്ന പാട്ടും പ്രസീദ ആൽബമാക്കിയിരുന്നു. നാൽപ്പതിലധികം തവണ ഗൾഫ് നാടുകൾ സന്ദർശിച്ചിട്ടുള്ള ഈ ഗായിക 2010 ൽ 'പതി ഫോക്ക് അക്കാദമി' എന്ന സ്വന്തം കലാസമിതിക്ക് രൂപം നൽകി. നാടൻപാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഇവരുടെ സ്‌റ്റേജ് ഷോയിൽ പതിനെട്ടോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മുടിയാട്ടം, മലവാഴിയാട്ടം, മയിലാട്ടം, കരകാട്ടം, വട്ടമുടി, കരിങ്കാളി, ക്ഷേത്രപാലകൻ തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളെ അതിന്റെ തനിമയിൽ പരിചയപ്പെടുത്താനുള്ള ശ്രമമാണ് അക്കാദമിയുടെത്. പിഗ്മാൻ, വസന്തത്തിന്റെ കനൽ വഴികൾ എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രസീദ പാട്ടുകൾ പാടിയിട്ടുണ്ട്.
2018 ൽ ടി.പി സുകുമാരൻ എൻഡോവ്‌മെന്റ് അംഗീകാരം ലഭിച്ച പ്രസീദയ്ക്ക് കേരള സംഗീതനാടക അക്കാദമിയുടേയും നാഷനൽ ഹ്യൂമൻ റൈറ്റ്‌സിന്റേയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളി മുദ്ര പുരസ്‌കാരം, വെട്ടിയാർ പ്രേംനാഥ് പുരസ്‌കാരം, ഏഷ്യാനെറ്റ് സ്ത്രീശക്തി അവാർഡ്, കലാഭവൻ അവാർഡ്, ജീവൻ ടി.വി പുരസ്‌കാരം തുടങ്ങി നിരവധി ആദരവുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള പ്രസീദ കേരള ഫോക്‌ലോർ അക്കാദമി കൗൺസിലിലെ നിർവാഹകസമിതിയംഗമാണിപ്പോൾ.
മികച്ച വാദ്യകലാകാരനും ഗായകനും പെർഫോമറുമായ തൃശൂർ പെരുമ്പിലാവ് സ്വദേശി മനോജ് പതിയാണ് പ്രസീദയുടെ ഭർത്താവ്. പ്രസീദയുടെ കലാപ്രവർത്തനങ്ങളുടെയും കരുത്താണ് നാടൻ കലകളിൽ അവഗാഹം നേടിയിട്ടുള്ള മനോജ്.
മകൻ കാളിദാസും പ്രസീദയുടെ സഹോദരൻ പ്രസാദും ഗായകരാണ്.






