Sorry, you need to enable JavaScript to visit this website.

ഹജ്ജിന് ഏഴരലക്ഷം; അബ്ദുല്ലക്കുട്ടി പറയുന്നതെന്താണ്?

ജൂണ്‍ അഞ്ചിനു ഹജ്ജ് കാമ്പുകളുടെ  സംസ്ഥാനതല ഉദ്്ഘാടനം കണ്ണൂര്‍ എയര്‍പോര്‍ട്ട് അങ്കണത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ച പരിപാടിയില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുട്ടി വളരെ പ്രസക്തമായ ഒരുകാര്യം പറയുകയുണ്ടായി.
ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകാന്‍ ഇപ്പോള്‍ ഏതാണ്ട് നാല് ലക്ഷം രൂപ മതി. സ്വകാര്യമേഖലയില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന കേരളത്തില്‍ ഏഴര ലക്ഷം വരെ വാങ്ങുന്നുണ്ടെന്നും എന്നാല്‍ ബോംബെയിലും ഹൈദരാബാദിലുമൊക്കെ അഞ്ച്/അഞ്ചര ലക്ഷത്തിന് ഇക്കാര്യം നടക്കുന്നുണ്ടെന്നും അബ്ദുല്ലക്കുട്ടി ഉറപ്പിച്ചു പറയുകയുണ്ടായി. രണ്ട്/രണ്ടര ലക്ഷത്തോളം രൂപ കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ അധികമായി വാങ്ങുന്നുണ്ടെന്ന് സാരം. ഇതിന്റെ പിന്നില്‍ വര്‍ഷങ്ങളായി ഈ രംഗത്തുള്ള ട്രാവല്‍ ഏജന്‍സിയുടെ ലോബിയുടെ ചൂഷണതന്ത്രമുണ്ടെന്നും ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സൂചിപ്പിക്കുകയുണ്ടായി. ഈ  ദുഷ്ടലോബിയെ കണ്ടെത്തി ഈ ചൂഷണത്തിന്നറുതി വരുത്താന്‍ സമുദായം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മുഖേന പോകുന്നവര്‍ക്ക് മക്കയിലും  മദീനയിലും  നാല്‍പതുനാള്‍ കഴിയാനാകും എന്നാല്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുമ്പോള്‍ മൂന്നാഴ്ചയോ കഷ്ടിച്ച് നാലാഴ്ചയോ മാത്രമാണ് കിട്ടുക. സ്വകാര്യഗ്രൂപ്പുകളില്‍ പലതും ഹാജിമാര്‍ അവിടെ എത്തിക്കഴിഞ്ഞാലും പല പേരുകളില്‍ പണം പിടുങ്ങാറുണ്ട്.
നേരത്തെ 30 ശതമാനം സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയിരുന്നത് 20 ശതമാനം ആക്കി ചുരുക്കിയതും പ്രധാനമന്ത്രി ഉള്‍പ്പടെ പലര്‍ക്കുമുണ്ടായിരുന്ന വി.ഐ.പി ക്വാട്ട റദ്ദാക്കിയതും ശ്ലാഘനീയമാണ്. എല്ലാ അപേക്ഷകരില്‍നിന്നും  300 രൂപ അപേക്ഷാ ഫീസ് ഈടാക്കിയതും ഇല്ലായ്മചെയ്തിട്ടുണ്ടെന്നതും നല്ലകാര്യമാണ്. എന്നാല്‍ സ്വകാര്യഗ്രൂപ്പുകള്‍ക്ക് പലനിലക്കും പലവിധ സഹായങ്ങള്‍ നല്‍കുന്നവര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയിലും മറ്റും ഉണ്ടെന്ന് മനസ്സിലാകുന്നു. ഹജ്ജിന് അപേക്ഷ നല്‍കുന്ന  സീസണില്‍ സ്വകാര്യ ഏജന്‍സികളും കുറേ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബോംബെയിലെ ഹജ്ജ്  ഹൗസിന്റെ പരിസരത്ത് തമ്പടിച്ച് പലവിധ വിക്രിയകളും നടത്തുന്നുണ്ട്.
ഹജ്ജ് കേന്ദ്രമായുള്ള ഈ തട്ടിപ്പും മറ്റും  ബഹുസ്വരസമൂഹത്തില്‍ ഹജ്ജിനോടുള്ള മതിപ്പില്ലാതാക്കുന്നുണ്ട്. മഹത്തായ പുണ്യകര്‍മ്മത്തെ കേവലം  ടൂറിസമായി മാറ്റുന്നവരാണ് സ്വകാര്യ ഏജന്‍സികളില്‍ പലരും.

(സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ മെംബറാണ് ലേഖകന്‍)

 

 

Latest News