ലാ പ്ലാറ്റ - അണ്ടര്‍-20 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇറ്റലിയും ഉറുഗ്വായും ഏറ്റുമുട്ടും. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ വന്‍ കുതിപ്പ് നടത്തിയ ഇസ്രായിലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ചാണ് ഉറുഗ്വായ് ഫൈനലിലെത്തിയത്. ഇറ്റലി 2-1 ന് ഏഷ്യയുടെ അവസാന പ്രതീക്ഷകളായ തെക്കന്‍ കൊറിയയെ തോല്പിച്ചു. ഡിയേഗൊ അര്‍മാന്‍ഡൊ മറഡോണ സ്റ്റേഡിയത്തിലായിരുന്നു രണ്ടു കളികളും. ഫൈനലും ലൂസേഴ്സ് ഫൈനലും ഇതേ സ്റ്റേഡിയത്തില്‍ നടക്കും.
ഉറുഗ്വായും 1997 ല്‍ അര്‍ജന്റീനയോടും 2013 ല്‍ ഫ്രാന്സിനോടും ഫൈനലില്‍ തോറ്റിരുന്നു. ഇറ്റലി ആദ്യമായാണ് ഫൈനലിലെത്തുന്നത്.
ഇറ്റലി-കൊറിയ മത്സരം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായിരുന്നു. ഗോള്‍കീപ്പര്‍മാരായ സെബാസ്റ്റ്യനൊ ദെസ്പ്ലാഞ്ചസും കിം ജൂന്‍ ഹോംഗും തുടക്കം മുതല്‍ മിന്നുന്ന ഫോമിലായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായ സെസാര്‍ കസാദെയാണ് ഇറ്റലിയുടെ ആദ്യ ഗോളടിച്ചത്. ടൂര്‍ണമെന്റിലെ കസാദെയുടെ ഏഴാം ഗോള്‍. വി.എ.ആര് വഴി ലഭിച്ച പെനാല്‍ട്ടിയിലൂടെ ഇരുപത്തിമൂന്നാം മിനിറ്റില്‍ ലീ സ്യൂംഗ് വോണ്‍ ഗോള്‍ മടക്കി. ഇറ്റലി ഒരു തവണ ഗോള്‍ലൈന്‍ ക്ലിയറന്‍സിലാണ് രക്ഷപ്പെട്ടത്. എന്നാല്‍ എണ്‍പത്താറാം മിനിറ്റില്‍ സിമോണ്‍ പഫുണ്ടിയുടെ ഫ്രീകിക്കില്‍ അവര്‍ വിജയം കണ്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഇറ്റലി നോക്കൗട്ട് റൗണ്ടുകളില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും കൊളംബിയയെയും മറികടന്നു.
അറുപത്തൊന്നാം മിനിറ്റില്‍ ആന്ഡേഴ്സന് ദുവാര്തെയാണ് ഇസ്രായിലിനെതിരെ ഉറുഗ്വായുടെ വിജയ ഗോളടിച്ചത്.






