മുംബൈ - ഇന്ത്യയിലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആദ്യ പന്തെറിയാന്‍ നാലു മാസമേ ശേഷിക്കുന്നുള്ളൂ. ടീമുകള്‍ക്കും ആരാധകര്‍ക്കും കളിക്കുന്നതും കളി കാണുന്നതും പ്ലാന്‍ ചെയ്യാന്‍ അധികം സമയമില്ല. പക്ഷെ മത്സരക്രമം നിശ്ചയിക്കുന്നത് വൈകുകയാണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെയും മത്സരക്രമം ഒരു വര്‍ഷം മുമ്പു തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനിടെ മത്സരക്രമം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്. ടെസ്റ്റ് ഫൈനല്‍ ഇന്നോ നാളെയോ അവസാനിക്കും. സാധ്യമാവുന്നത്ര വേഗത്തില്‍ മത്സരക്രമം അറിയിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഐ.സി.സി ചീഫ് എക്‌സിക്യൂട്ടിവ് ജെഫ് അലാഡിസ് പ്രഖ്യാപിച്ചത്. മത്സരക്രമം മാത്രമല്ല വേദികള്‍ പോലും അന്തിമ ധാരണയായിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ വേദികള്‍ പ്രാഥമിക പട്ടികയിലുണ്ട്.
2019 ലെ ലോകകപ്പ് മത്സരക്രമം 13 മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2015 ലെ ലോകകപ്പിന്റേത് ഒന്നര വര്‍ഷം മുമ്പും. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് സൂചന.
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീമും വൈമനസ്യം കാണിക്കുകയാണ്. ഇതാണോ മത്സരക്രമം നിശ്ചയിക്കുന്നതിന് തടസ്സമെന്ന് ചോദിച്ചപ്പോള്‍ അലാഡിസ് പ്രതികരിച്ചില്ല. നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി.






