ടെസ്റ്റ് ഫൈനല്‍: ഓസീസ്  വ്യക്തമായ ലീഡിലേക്ക്

ലണ്ടന്‍ - ഇന്ത്യയെ 296 ന് പുറത്താക്കിയ ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ സുരക്ഷിതത്വത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റിന് 62 റണ്‍സെടുത്തു. മാര്‍നസ് ലാബുഷൈനും (26 നോട്ടൗട്ട്) സ്റ്റീവ് സ്മിത്തുമാണ് (19 നോട്ടൗട്ട്) പൊരുതി നില്‍ക്കുന്നത്. 
നേരത്തെ അജിന്‍ക്യ രഹാനെയും (89) ശാര്‍ദുല്‍ താക്കൂറുമാണ് (51) ഇന്ത്യയുടെ സ്‌കോര്‍ മുന്നൂറിനോടടുപ്പിച്ചത്. അഞ്ചിന് 151 ല്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് രണ്ടാമത്തെ പന്തില്‍ തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടപ്പെട്ടിരുന്നു. സ്‌കോട് ബോളന്റ് വിക്കറ്റ് കീപ്പറുടെ സ്റ്റമ്പ് തെറിപ്പിച്ചു. നാലു വിക്കറ്റ് ശേഷിക്കെ ഇന്ത്യ അപ്പോള്‍ 317 റണ്‍സിന് പിന്നിലായിരുന്നു. എന്നാല്‍ ഭാഗ്യവും ഒപ്പം മികച്ച സ്‌ട്രോക്ക്‌പ്ലേയും മുതലാക്കി ഇന്ത്യ മുന്നേറി. ലഞ്ചിന് മുമ്പ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ രഹാനെയും ശാര്‍ദുലും പൊരുതി. ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കുകയും ചെയ്തു. ഇരുവരും 22 ഓവറില്‍ 109 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിനും ബോളന്റിനും രണ്ടു വീതവും വിക്കറ്റ് ലഭിച്ചു. 
രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സെടുക്കുമ്പോഴേക്കും ഡേവിഡ് വാണറെ ഓസീസിന് നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജാണ് ഓപണറെ (1) കീപ്പറുടെ കൈയിലെത്തിച്ചത്. പ്രവചനാതീത ബൗണ്‍സുള്ള പിച്ചില്‍ ലാബുഷൈന്റെ ഗ്ലൗസില്‍ പലതവണ പന്ത് കൊണ്ടു. എന്നാല്‍ ഉസ്മാന്‍ ഖ്വാജയാണ് (13) പുറത്തായത്, ഉമേഷ് യാദവിന്റെ ബൗളിംഗില്‍.
 

Latest News