ലണ്ടന്‍ - ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ രണ്ടാം ദിവസവും ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ഇന്നിംഗ്സില്‍ 469 റണ്‍സെടുത്ത അവര്‍ അഞ്ചിന് 151 ലേക്ക് ഇന്ത്യയെ തള്ളിവിട്ടു. ഫോളോഓണ്‍ ഭീഷണിയിലാണ് ഇന്ത്യ. അഞ്ഞൂറിലേറെ അനായാസം സ്കോര്‍ ചെയ്യുമെന്നു കരുതിയ ഓസീസിനെ രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയെങ്കിലും ബാറ്റിംഗില്‍ ലോക ഒന്നാം നമ്പര്‍ ടീമിന് പിഴച്ചു. അച്ചടക്കമുള്ള ഓസീസ് പെയ്സാക്രമണത്തിനു മുന്നില്‍ രവീന്ദ്ര ജദേജക്കും (48) അജിന്‍ക്യ രഹാനെക്കുമൊഴികെ (29 നോട്ടൗട്ട്) ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. പലതവണ ശരീരത്തില്‍ പന്തേറ്റു വാങ്ങിയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിടിച്ചുനിന്നത്.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. മൂന്നിന് 327 ല്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് മീന്നിന് 361 വരെയെത്തിയ ശേഷമാണ് തകര്‍ന്നത്. സ്മിത്തും (121) ട്രാവിസ് ഹെഡും (163) നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 285 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിന്റെ അടിത്തറ. പിന്നീട് വിക്കറ്റ് പോവാതെ 30ലെത്തിയ ശേഷം ഇന്ത്യ തരിപ്പണമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) എതിര് നായകന് പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മന്‍ ഗില്ലിനെ (13) സ്കോട് ബോളന്റ് ബൗള്‍ഡാക്കി. സ്കോര്‍ മുപ്പതില്‍ നില്‍ക്കെ അഞ്ച് പന്തിനിടയിലാണ് ഇന്ത്യക്ക് ഓപണര്‍മാരെ നഷ്ടപ്പെട്ടത്. ചേതേശ്വര്‍ പൂജാരയുടെ (14) കാമറൂണ്‍ ഗ്രീന്‍ പറത്തി. സ്മിത്തിന്റെ ഉശിരന്‍ ക്യാച്ചില്‍ (14) വിരാട് കോലിയും പുറത്തായി. ജദേജ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ധ സെഞ്ചുറിക്കരികെ സ്പിന്നര്‍ നാഥന് ലയണിന്റെ മനോഹരമായ പന്തില്‍ സ്മിത്തിന് പിടികൊടുത്തു.
നേരത്തെ 95 റണ്‍സില്‍ തുടങ്ങിയ സ്റ്റീവ് സ്മിത്തിന് സെഞ്ചുറിയിലെത്താന്‍ രണ്ടു പന്തേ വേണ്ടി വന്നുള്ളൂ. മുഹമ്മദ് സിറാജിന്റെ ആദ്യ പന്ത് മിഡ് വിക്കറ്റില്‍ ബൗണ്ടറി കടത്തിയ മുന്‍ നായകന് അടുത്ത പന്തില്‍ സെഞ്ചുറി തികച്ചു. 229 പന്തില്‍ 16 ബൗണ്ടറിയോടെയാണ് സ്മിത്ത് മുപ്പത്തൊന്നാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിന്റെ (ഒമ്പത് സെഞ്ചുറി) റെക്കോര്‍ഡിനൊപ്പമെത്തി സ്മിത്ത്. ഇംഗ്ലണ്ടില്‍ മുപ്പത്തിനാലുകാരന്റെ ഏഴാം സെഞ്ചുറിയാണ് ഇത്. വിദേശ ബാറ്റര്‍മാരില്‍ ഡോണ്‍ ബ്രാഡ്മാന് (11) മാത്രമേ ഇംഗ്ലണ്ടില്‍ കൂടുതല്‍ സെഞ്ചുറിയടിച്ചിട്ടുള്ളൂ. ഓവലില്‍ മാത്രം സ്മിത്ത് മൂന്ന് സെഞ്ചുറിയടിച്ചു.
മുഹമ്മദ് ഷമിയും ശാര്‍ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് നാലു വിക്കറ്റ് കിട്ടി. ട്രാവിസ് ഹെഡിനെ (174 പന്തില്‍ 163, 6-1, 4-25) വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. കാമറൂണ്‍ ഗ്രീന്‍ (6), മിച്ചല്‍ സ്റ്റാര്‍ക്ക് (5), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (9), നാഥന് ലയണ്‍ (9) എന്നിവര്‍ എളുപ്പം പുറത്തായി. അലക്സ് കാരി (48) മാത്രമേ പിന്നീട് കാര്യമായി സ്കോര്‍ ചെയ്തുള്ളൂ. ജദേജയെ സിക്സറടിച്ചതിനു പിന്നാലെ റിവേഴ്സ് സ്വീപിനു ശ്രമിച്ചാണ് കാരി വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യന്‍ പര്യടനത്തില്‍ ഇതേ രീതിയില്‍ മൂന്നു തവണ പുറത്തായിരുന്നു.






