ആരാണ് പിന്മാറിയത്, ബാഴ്‌സയോ മെസ്സിയോ?

മഡ്രീഡ് - സ്വന്തം ഇഷ്ടത്തിനെതിരെ രണ്ടു വര്‍ഷം മുമ്പ് ബാഴ്‌സലോണ വിടേണ്ടി വന്ന ലിയണല്‍ മെസ്സിക്ക് ഇഷ്ട ക്ലബ്ബില്‍ തിരിച്ചെത്താനുള്ള മോഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പി.എസ്.ജി വിട്ട മെസ്സിക്ക് സൗദി അറേബ്യയിലെ അല്‍ഹിലാലില്‍ നിന്ന് റെക്കോര്‍ഡ് തുകയുടെ ഓഫറുണ്ടായിരുന്നു. ബാഴ്‌സലോണയുടെ മധുരസ്മരണകളിലേക്ക് തിരിച്ചുപോകാനാണ് താരം മോഹിച്ചത്. രണ്ടും നടന്നില്ല. എണ്ണൂറിലേറെ ഗോളടിച്ച കരിയറിന് ഇനി ഇന്റര്‍ മയാമിയില്‍ അലസ സായാഹ്നം. ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ലീഗില്‍ അവസാന സ്ഥാനത്താണ് ഇന്റര്‍ മയാമി, ഉടമകളിലൊരാളായ ഡേവിഡ് ബെക്കാം സ്വന്തം താല്‍പര്യപ്രകാരം കൊണ്ടുവന്ന കോച്ച് ഫില്‍ നെവീലിനെ ഏതാനും ദിവസം മുമ്പാണ് പുറത്താക്കിയത്. പെലെയും ബെക്കന്‍ബവറും തിയറി ഓണ്‍റിയും ബെക്കാമുമൊക്കെ കരിയറിന്റെ അവസാന ഘട്ടത്തില്‍ അമേരിക്കന്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. 
രണ്ടു വര്‍ഷം മുമ്പ് സാമ്പത്തിക പ്രതിസന്ധി കാരണം മെസ്സിയെ കൈയൊഴിയേണ്ടി വന്ന ബാഴ്‌സലോണക്ക് ഇത്തവണയും പറ്റിയ സാഹചര്യം സൃഷ്ടിക്കാനായില്ല. ഒടുവില്‍ മനമില്ലാ മനസ്സോടെ മെസ്സി അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമി തെരഞ്ഞെടുത്തു. 
പി.എസ്.ജിയിലെ ദുരന്തത്തിനു ശേഷം അത്ര സമ്മര്‍ദ്ദമില്ലാത്ത ഒരു ലീഗില്‍, മാധ്യമശ്രദ്ധയില്‍ നിന്നകന്ന് കഴിയാനാണ് മെസ്സി ആഗ്രഹിച്ചത്. എന്നാല്‍ ബാഴ്‌സലോണ മതിയായ സാഹചര്യം സൃഷ്ടിച്ചിരുന്നുവെങ്കില്‍ തിരിച്ചുപോവുമായിരുന്നു. അതിന് രണ്ട് കാര്യങ്ങള്‍ നടക്കണമായിരുന്നു-ബാഴ്‌സലോണ ഏതാനും കളിക്കാരെ ഉടന്‍ വില്‍ക്കുക, അല്ലെങ്കില്‍ മറ്റു കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കുക. അതു വേണ്ടെന്ന് മെസ്സി തീരുമാനിച്ചു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് കാത്തുനിന്ന രണ്ടു വര്‍ഷം മുമ്പത്തെ അനുഭവം മെസ്സിക്ക് മുന്നിലുണ്ടായിരുന്നു. അനിശ്ചിതമായി കാത്തുനില്‍ക്കാന്‍ തയാറല്ലെന്നും തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് ഉചിതമായ തീരുമാനമെടുക്കുകയാണെന്നും മെസ്സി പ്രഖ്യാപിച്ചു. തിരിച്ചുവരണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നുവെന്നും മുമ്പ് ക്ലബ്ബ് വിട്ട ദുരനുഭവം മുന്നിലുള്ളപ്പോള്‍ അതേ സാഹചര്യം ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും സ്പാനിഷ് മാധ്യമങ്ങളോട് മെസ്സി പറഞ്ഞു. 
അവസരം കൈവിട്ടതില്‍ മെസ്സിയെ കുറ്റപ്പെടുത്തി കൈയൊഴിയുകയാണ് ബാഴ്‌സലോണ. മെസ്സി അത്ര സമ്മര്‍ദ്ദമില്ലാത്ത ലീഗില്‍ കളിക്കാനാണ് ആഗ്രഹിച്ചതെന്നും അതിറിയിക്കാനാണ് പിതാവും ഏജന്റുമായ ജോര്‍ജെ ബാഴ്‌സലോണ പ്രസിഡന്റിനെ കണ്ടതെന്നും അവര്‍ വിശദീകരിച്ചു. ഒരുപാട് ചര്‍ച്ചകള്‍ നടന്നുവെന്നും എന്നാല്‍ സാഹചര്യം സുഖകരമല്ലെന്നു കണ്ടതോടെ മെസ്സി അധികം സമ്മര്‍ദ്ദത്തിന് നിന്നില്ലെന്നും ബാഴ്‌സലോണ കോച്ച് ഷാവി വെളിപ്പെടുത്തി. 
റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ തുടങ്ങിയവരെ ടീമിലെടുക്കാന്‍ തന്നെ ഒരുപാട് സാമ്പത്തികപ്രയാസം അനുഭവിച്ച ബാഴ്‌സലോണക്ക് മെസ്സിക്കു വേണ്ടി ത്യാഗം ചെയ്യാന്‍ കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഈ സീസണില്‍ ബാഴ്‌സലോണ ലീഗ് ചാമ്പ്യന്മാരാവുകയും സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സും യോര്‍ദി ആല്‍ബയും ക്ലബ്ബ് വിട്ടിട്ടും അവരുടെ നില മെച്ചപ്പെട്ടിരുന്നില്ല. 
രണ്ടു വര്‍ഷം മുമ്പ് ക്ലബ്ബ് വിടുമ്പോളെന്ന പോലെ തിരിച്ചെത്തുമെന്ന് ആരാധകര്‍ക്ക് മെസ്സി വാക്ക് നല്‍കി. പക്ഷെ അടുത്ത തിരിച്ചുവരവ് കളിക്കളത്തിലാവില്ല എന്നുറപ്പാണ്. 


 

Latest News