ജിദ്ദ - സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ ചേര്‍ന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയുടെ പ്രസന്റേഷന്‍ ചടങ്ങ് നടക്കാനിരിക്കെ ജിദ്ദ ആഘോഷലഹരിയില്‍. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിനായി അറുപതിനായിരത്തോളം പേര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. 62,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനംയ. പ്രസന്റേഷന്‍ ചടങ്ങിന്റെ ടിക്കറ്റ് വില ഒമ്പത് റിയാല്‍ മുതലാണ്.
ബുധനാഴ്ച പാതിരാത്രി ജിദ്ദയില്‍ വിമാനമിറങ്ങിയ മുപ്പത്തഞ്ചുകാരനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഇത്തിഹാദിന്റെ മഞ്ഞയും കറുപ്പും തൂവാലയണിഞ്ഞ് എത്തിയത്. പ്രസന്റേഷന്‍ ചടങ്ങിന് മുന്നോടിയായി ബെന്‍സീമയുടെ പത്രസമ്മേളനവും ഉണ്ടാവും.
ബെന്‍സീമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും (450 കോടി രൂപ) പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബെന്‍സീമയെ സ്വാഗതം ചെയ്ത ക്ലബ്ബിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതാ ബെന്‍സീമ, ഗര്‍ജനവുമായി പുതിയ പുലി, ഇത്തിഹാദിലേക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ് .
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ബെന്‍സീമക്കും പിന്നാലെ രണ്ട് വമ്പന്‍ താരങ്ങള്‍ കൂടി സൗദിയിലെത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ സൗദി ക്ലബ്ബില്‍ ചേരാനായി യുവന്റസ് വിട്ടു. ഫ്രഞ്ച് പ്ലേമേക്കര്‍ എന്‍ഗോളൊ കാണ്ടെ ചെല്‍സിയില്‍ നിന്ന് ബെന്‍സീമക്കൊപ്പം ചേരാന്‍ ഇത്തിഹാദിലെത്തും. മുപ്പത്തിരണ്ടുകാരന്‍ മൂന്നു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിനു മുമ്പാണ് പി.എസ്.ജിയിലെ ഏഴു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മുപ്പത്തഞ്ചുകാരന്‍ യുവന്റസിലെത്തിയത്. യുവന്റസില്‍ ഒരു ട്രോഫിയും നേടാനായില്ല. 40 കളികളില്‍ എട്ട് ഗോളാണ് സമ്പാദ്യം. യുവന്റസിന് ട്രോഫി നേടിക്കൊടുക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന മനഃസമാധാനത്തോടെയാണ് ക്ലബ്ബ് വിടുന്നതെന്ന് ഡി മരിയ പറഞ്ഞു.
അതേസമയം പി.എസ്.ജി വിട്ട ലിയണല്‍ മെസ്സിയെ സ്വന്തമാക്കാനുള്ള അല്‍ഹിലാലിന്റെ ശ്രമം വിജയിച്ചില്ല. മെസ്സിക്കും തനിക്കും ബാഴ്‌സലോണയോടാണ് താല്‍പര്യമെന്ന് പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സി വ്യക്തമാക്കുകയും ഭാര്യ ആന്റണെല്ല റക്കൂസോ ചരടു വലിക്കുകയും ചെയ്‌തെങ്കിലും ഇഷ്ട തട്ടകത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമം വിജയിച്ചില്ല. മെസ്സിയെ ടീമിലെടുക്കാന്‍ ബാഴ്‌സലോണ കൂടുതല്‍ കളിക്കാരെ കൈയൊഴിയേണ്ടി വരും. വലിയ ഇടവേള അവശേഷിക്കുന്നുമില്ല. ഡേവിഡ് ബെക്കാം കൂടി ഉടമയായ അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് ഒടുവില്‍ ബാഴ്‌സലോണയെ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പതിമൂന്നാം വയസ്സില്‍ ബാഴ്‌സലോണയിലെത്തിയ ശേഷം ആദ്യമായാണ് മെസ്സി യൂറോപ്പിന് പുറത്തു കളിക്കുക
ലൂക്ക് മോദ്‌റിച്ചും ഹ്യൂഗൊ ലോറീസുമുള്‍പ്പെടെ 10 പ്രമുഖരെ കൂടി സൗദി ഫുട്‌ബോളിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാണ്ടെ (ചെല്‍സി), ബ്രസീലിയന്‍ ഫോര്‍വേഡ് റോബര്‍ടൊ ഫിര്‍മിനൊ (ലിവര്‍ഫൂള്‍), സ്പാനിഷ് ഡിഫന്റര്‍ സെര്‍ജിയൊ റാമോസ്, ബാഴ്‌സലോണ വിട്ട യോര്‍ദി ആല്‍ബ, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ് എന്നിവരും പട്ടികയിലുണ്ട്. ഓഗസ്റ്റ് 11 ന് പുതിയ സീസണ്‍ ആരംഭിക്കും മുമ്പ് ഈ കളിക്കാരുമായി കരാറൊപ്പിടാനുള്ള നീക്കങ്ങള്‍ തകൃതിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിന് ടോട്ടനത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. ബാക്കിയുള്ളവരുടെ കരാര്‍ അവസാനിക്കുകയാണ്. മുപ്പത്തൊന്നുകാരനായ ഫിര്‍മിനോയാണ് കൂട്ടത്തില്‍ ചെറുപ്പം. അല്‍ഹിലാല്‍, അന്നസ്ര്‍, അല്‍ശബാബ്, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി എന്നീ ക്ലബ്ബുകള്‍ക്കായി കളിക്കാരെ വീതിച്ചു നല്‍കുമെന്നാണ് സൂചന. മോദ്‌റിച്, റാമോസ്, ആല്‍ബ, ബുസ്‌ക്വെറ്റ്‌സ് എന്നിവരുമായുള്ള ചര്‍ച്ച ഏറെ പുരോഗമിച്ചിട്ടുണ്ട്. റാമോസും മോദ്‌റിച്ചും അന്നസ്‌റിനും കാണ്ടെ ഇത്തിഹാദിനും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ സൗദി ലീഗില്‍ രണ്ട് ടീമുകള്‍ കൂടും, മൊത്തം 18 ക്ലബ്ബാവും.






