ലണ്ടന്‍ - ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഓസ്‌ട്രേലിയ വാണ ആദ്യ ദിനത്തിനു ശേഷം ഇന്ത്യക്ക് തിരിച്ചടി. ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ടിന് 30 ലേക്ക് തകര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) എതിര്‍ നായകന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശുഭ്മന്‍ ഗില്ലിനെ (13) സ്‌കോട് ബോളന്റ് ബൗള്‍ഡാക്കി. നേരത്തെ മൂന്നിന് 327 ല്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് മീന്നിന് 361 വരെയെത്തിയ ശേഷം 469 ന് ഓളൗട്ടായി. മുഹമ്മദ് ഷമിയും ശാര്‍ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് നാലു വിക്കറ്റ് കിട്ടി. 95 റണ്‍സില്‍ രണ്ടാം ദിനമാരംഭിച്ച സ്റ്റീവ് സ്മിത്ത് സെഞ്ചുറി (121) പൂര്‍ത്തിയാക്കി. സ്മിത്തിന് ഓവല്‍ ഗ്രൗണ്ടില്‍ ഉജ്വല റെക്കോര്‍ഡാണ്. ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 285 റണ്‍സ് പിറന്നു.
ട്രാവിസ് ഹെഡിനെ (174 പന്തില്‍ 163, 6-1, 4-25) വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. കാമറൂണ്‍ ഗ്രീന്‍ (6), മിച്ചല്‍ സ്റ്റാര്‍ക്ക് (5), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (9), നാഥന്‍ ലയണ്‍ (9) എന്നിവര്‍ എളുപ്പം പുറത്തായി. അലക്‌സ് കാരി (48) മാത്രമേ പിന്നീട് കാര്യമായി സ്‌കോര്‍ ചെയ്തുള്ളൂ.
ആദ്യ ദിനം ടോസ് നേടുകയും റണ്ണെടുക്കും മുമ്പെ ഓപണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കുകയും ചെയ്ത ശേഷം ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ഉശിരോടെ പൊരുതി. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ഹെഡാണ് ഇന്ത്യക്ക് കാര്യമായി പരിക്കേല്‍പിച്ചത്.
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ആര്‍. അശ്വിനെ പുറത്തിരുത്തിയതും ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തതും ഇന്ത്യക്ക് തിരിച്ചടിയായി. റണ്ണെടുക്കും മുമ്പ് ഉസ്മാന്‍ ഖ്വാജയെ മുഹമ്മദ് സിറാജ് പുറത്താക്കിയെങ്കിലും ബാക്കിയെല്ലാം ഓസീസ് ബാറ്റര്‍മാരും ചെറുത്തുനിന്നു. ഓസീസ് മൂന്നിന് 76 ല്‍ പരുങ്ങുമ്പോഴാണ് സ്മിത്തും ഹെഡും കൈകോര്‍ത്തത്. ആദ്യ 27 റണ്‍സില്‍ ഇരുപത്തിനാലും ബൗണ്ടറിയിലൂടെ നേടിയ ഹെഡ് പ്രത്യാക്രമണത്തിന് ചുക്കാന്‍ പിടിച്ചു. സാഹചര്യം മെച്ചപ്പെട്ടതോടെ ഓസീസ് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കി. ബൗണ്‍സറുകളിലൂടെ ഹെഡിനെ ഇന്ത്യ പരീക്ഷിക്കുമ്പോഴേക്കും ബാറ്റര്‍ നിലയുറപ്പിച്ചിരുന്നു. 106 പന്തിലായിരുന്നു ഹെഡിന്റെ ആറാം സെഞ്ചുറി.
ഡേവിഡ് വാണറും (43) മാര്‍നസ് ലാബുഷൈനും (26) രണ്ടാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് തൊട്ടുമുമ്പാണ് വാണറെ ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കിയത്. ലഞ്ചിനു ശേഷം ലാബുഷൈന്റെ കുറ്റി മുഹമ്മദ് ഷമി തെറിപ്പിച്ചു. ഒരു സിക്‌സറും 14 ബൗണ്ടറിയും സഹിതമാണ് സെഞ്ചുറിയിലെത്തിയത്. മറുവശത്ത് നങ്കൂരമിട്ട സ്മിത്ത് 146 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്.






