സ്മിത്തും സെഞ്ചുറിയിലേക്ക്, ഇന്ത്യ ബാക്ക്ഫൂട്ടില്‍

ലണ്ടന്‍ - ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ടോസ് നേടുകയും റണ്ണെടുക്കും മുമ്പെ ഓപണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കുകയും ചെയ്ത ശേഷം ഇന്ത്യ ബാക്ക്ഫൂട്ടില്‍. പച്ചയണിഞ്ഞ പിച്ചില്‍, ബൗളിംഗിന് സഹായകമായ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ പിന്നീട് ഉശിരോടെ പൊരുതി. ട്രാവിസ് ഹെഡും (146 നോട്ടൗട്ട്) സ്റ്റീവ് സ്മിത്തും (95 നോട്ടൗട്ട്) തമ്മിലുള്ള 251 റണ്‍സ് കൂട്ടുകെട്ട് കളി പൂര്‍ണമായും ഓസീസിന്റെ വഴിയിലാക്കി. മൂന്നിന് 327 എന്ന അതിശക്തമായ നിലയിലാണ് ഓസീസ്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ഹെഡാണ് ഇന്ത്യക്ക് കാര്യമായി പരിക്കേല്‍പിച്ചത്. 156 പന്തില്‍ ഒരു സിക്‌സറും 22 ബൗണ്ടറിയുമായാണ് ഹെഡ് 146 റണ്‍സടിച്ചത്. മറുവശത്ത് നങ്കൂരമിട്ട സ്മിത്ത് 95 ലെത്താന്‍ 227 പന്ത് നേരിട്ടു. 14 ബൗണ്ടറിയുണ്ട് സ്മിത്തിന്റെ ഇന്നിംഗ്‌സില്‍. 
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ആര്‍. അശ്വിനെ പുറത്തിരുത്തിയതും ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തതും ഇന്ത്യക്ക് തിരിച്ചടിയായി. റണ്ണെടുക്കും മുമ്പ് ഉസ്മാന്‍ ഖ്വാജയെ മുഹമ്മദ് സിറാജ് പുറത്താക്കിയെങ്കിലും ബാക്കിയെല്ലാം ഓസീസ് ബാറ്റര്‍മാരും ചെറുത്തുനിന്നു. ഓസീസ് മൂന്നിന് 76 ല്‍ പരുങ്ങുമ്പോഴാണ് സ്മിത്തും ഹെഡും കൈകോര്‍ത്തത്. ആദ്യ 27 റണ്‍സില്‍ ഇരുപത്തിനാലും ബൗണ്ടറിയിലൂടെ നേടിയ ഹെഡ് പ്രത്യാക്രമണത്തിന് ചുക്കാന്‍ പിടിച്ചു. സാഹചര്യം മെച്ചപ്പെട്ടതോടെ ഓസീസ് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കി. ബൗണ്‍സറുകളിലൂടെ ഹെഡിനെ ഇന്ത്യ പരീക്ഷിക്കുമ്പോഴേക്കും ബാറ്റര്‍ നിലയുറപ്പിച്ചിരുന്നു. 106 പന്തിലായിരുന്നു ഹെഡിന്റെ ആറാം സെഞ്ചുറി. 
ഡേവിഡ് വാണറും (43) മാര്‍നസ് ലാബുഷൈനും (26) രണ്ടാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് തൊട്ടുമുമ്പാണ് വാണറെ ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കിയത്. ലഞ്ചിനു ശേഷം ലാബുഷൈന്റെ കുറ്റി മുഹമ്മദ് ഷമി തെറിപ്പിച്ചു. ഒരു സിക്‌സറും 14 ബൗണ്ടറിയും സഹിതമാണ് സെഞ്ചുറിയിലെത്തിയത്. മറുവശത്ത് നങ്കൂരമിട്ട സ്മിത്ത് 146 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. 
ഒഡിഷയിലെ തീവണ്ടി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യന്‍ കളിക്കാര്‍ ഇറങ്ങിയത് കറുത്ത ആംബാന്റുമായാണ്. 288 പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. ദേശീയ ഗാനങ്ങള്‍ക്കായി അണിനിരന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ കളിക്കാരും ഒഫിഷ്യലും  ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കറുത്ത ആംബാന്റണിഞ്ഞു. ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.  

Latest News